ഇന്ത്യയുടെ ഇടിപ്പരീക്ഷയും 5 സ്റ്റാറോടെ പാസായി മാരുതി ഡിസയര്‍! നേട്ടം കൈവരിക്കുന്ന ആദ്യത്തെ സെഡാന്‍
സുരക്ഷയില്‍ മോശമാെണന്ന മാരുതി സുസുക്കിക്കുണ്ടായിരുന്ന ചീത്തപ്പേര് മായ്ച്ചുകളഞ്ഞ കാര്‍ മോഡലാണ് നാലാം തലമുറ ഡിസയര്‍ സെഡാന്‍. ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമില്‍ (GNCAP) 5 സ്റ്റാര്‍ സേഫ്റ്റി നേടിയ കാര്‍ ഓട്ടോ ഇന്‍ഡസ്ട്രിയെ ഒട്ടാകെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഇതേ ഫലം തന്നെ ഇന്ത്യയുടെ സ്വന്തം ഭാരത് NCAP-ല്‍ ആവര്‍ത്തിച്ചിരിക്കുകയാണ് ന്യൂജെന്‍ ഡിസയര്‍. ഭാരത് NCAP-ല്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ച ആദ്യത്തെ കോംപാക്റ്റ് സെഡാനായി മാരുതി സുസുക്കി ഡിസയര്‍ മാറി. തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ റോഡ് ഗതാഗതം, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സര്‍ട്ടിഫിക്കറ്റ് ഔപചാരികമായി കമ്പനി പ്രതിനിധികള്‍ക്ക് കൈമാറി.
ആഗോളതലത്തില്‍ ബെഞ്ച്മാര്‍ക്ക് ചെയ്ത പ്രോട്ടോക്കോളുകള്‍ പിന്തുടരുകയും ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സുരക്ഷാ അവബോധം വളര്‍ത്താനുമാണ് ഭാരത് NCAP വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. BNCAP ഇതുവരെ കുറഞ്ഞത് 16 വാഹനങ്ങളെങ്കിലും പരീക്ഷിച്ചിട്ടുണ്ട്. അവയെല്ലാം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ ആയിരുന്നു. ക്രാഷ് സേഫ്റ്റി ഇവാലുവേഷന്‍ പ്രോഗ്രാമിന് കീഴില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് നേടുന്ന ആദ്യത്തെ നോണ്‍-എസ്‌യുവിയായി ഡിസയര്‍ മാറി. ഡിസയറിനെ കൂടാതെ മാരുതിയുടെ ന്യൂ എജ് ബലേനോയ്ക്ക് 4-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു.

ഡിസയറിന്റെ ബേസ്-സ്‌പെക്ക് LXI 1.2L 5MT വേരിയന്റ് ആണ് ഭാരത് NCAP പരീക്ഷിച്ചത്. എന്നാല്‍ റേറ്റിംഗുകള്‍ ഡിസയറിന്റെ എല്ലാ വേരിയന്റുകള്‍ക്കും ബാധകമാണ്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും സംരക്ഷണം വിലയിരുത്താനുള്ള പരീക്ഷണങ്ങളില്‍ ഡിസയറിന് 5 സ്റ്റാര്‍ ലഭിച്ചു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ സബ് കോംപാക്റ്റ് സെഡാന്‍ 32-ല്‍ 29.46 പോയിന്റ് നേടിയപ്പോള്‍ കുട്ടികളുടെ സംരക്ഷണത്തില്‍ 49ല്‍ 41.57 പോയിന്റ് നേടി.
ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ ഡിസയര്‍ 16.00-ല്‍ 14.17 സ്‌കോര്‍ നേടി. അതേസമയം സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16.00-ല്‍ 15.29 പോയിന്റ് ലഭിച്ചു. കോംപാക്റ്റ് സെഡാന്‍ 24.00-ല്‍ 23.57 ഡൈനാമിക് സ്‌കോര്‍ നേടി. കൂടാതെ, ചൈല്‍ഡ് റെസ്‌റ്റ്രെയിന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റാളേഷനില്‍ 12.00-ല്‍ ഫുള്‍മാര്‍ക്ക് നേടി. സേഫ്റ്റി അസിസ്റ്റ് ഫീച്ചറുകള്‍ വിലയിരുത്തുന്ന വെഹിക്കിള്‍ അസെസ്‌മെന്റ് സ്‌കോര്‍ 6.00 (13.00) ആയിരുന്നു.

ഇടിക്കൂട്ടില്‍ പരീക്ഷിച്ച ഡിസയറില്‍ ഫ്രണ്ടല്‍ എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരുന്നു. ഇതില്‍ കാല്‍മുട്ടിനുള്ള എയര്‍ബാഗും സൈഡ് ഹെഡ് കര്‍ട്ടന്‍ എയര്‍ബാഗുകളും, മെച്ചപ്പെട്ട സൈഡ് ഇംപാക്ട് പരിരക്ഷയ്ക്കായി തോറാക്‌സ്, ഹെഡ് എയര്‍ബാഗുകളും ഉള്‍പ്പെടുന്നു. സൈഡ് ചെസ്റ്റ് എയര്‍ബാഗുകളും പെല്‍വിസ് എയര്‍ബാഗുകളും ലഭ്യമല്ലെന്ന് അടയാളപ്പെടുത്തി.
കുട്ടികളുടെ സുരക്ഷയ്ക്കായി ISOFIX ആങ്കറുകള്‍ക്കൊപ്പം, ഇന്റഗ്രേറ്റഡ് CRS, എയര്‍ബാഗ് കട്ട്-ഓഫ് സ്വിച്ച് തുടങ്ങിയ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്തിരുന്നു. എന്നിരുന്നാലും ചില അഡ്വാന്‍സ്ഡ് ചൈല്‍ഡ് സേഫ്റ്റി ഓപ്ഷനുകള്‍ ലഭ്യമല്ലായിരുന്നു. സേഫ്റ്റി അസിസ്റ്റ് ടെക്‌നോളജികളുടെ കാര്യത്തില്‍ ഡിസയറില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും (ESC) UN GTR നമ്പര്‍ 8 / UNECE R140 / AIS-133 എന്നിവ പാലിക്കുന്ന മറ്റ് സിസ്റ്റങ്ങളും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്.
ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഡിസയറില്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ലഭ്യമാണ്. 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറയും ഓപ്ഷണലായി നല്‍കിയിരിക്കുന്നു. 2025 അവസാനത്തോടെ തങ്ങളുടെ എല്ലാ പാസഞ്ചര്‍ വാഹന മോഡലുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു.
നിലവില്‍ ആള്‍ട്ടോ K10, സെലേറിയോ, വാഗണ്‍ആര്‍, ഈക്കോ, സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ, ഗ്രാന്‍ഡ് വിറ്റാര, ജിംനി, ഇന്‍വിക്‌റ്റോ എന്നിവയുള്‍പ്പെടെ പത്ത് മോഡലുകളുടെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ ലഭിക്കുന്നുണ്ട്. ഇത്കൂടാതെ തങ്ങളുടെ 18 മോഡലുകളില്‍ ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

എന്‍ട്രി ലെവല്‍, പ്രീമിയം വിഭാഗങ്ങളിലേക്ക് സുരക്ഷാ സവിശേഷതകള്‍ വ്യാപിപ്പിക്കുന്നതില്‍ മാരുതി സുസുക്കിയുടെ ശ്രമങ്ങളെ നിതിന്‍ ഗഡ്കരി അഭിനന്ദിച്ചു. മറ്റ് വാഹന നിര്‍മ്മാതാക്കള്‍ ഇതേ നടപടികള്‍ പിന്തുടരണമെന്ന് ആവശ്യപ്പെട്ട മന്ത്രി എല്ലാവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും റോഡ് സുരക്ഷയെ ഒരു പൊതു ഉത്തരവാദിത്തമായി കണക്കാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


Click it and Unblock the Notifications








