33.7Km മൈലേജ് തരുന്ന കാര്‍ വാങ്ങുമ്പോള്‍ ലാഭം 88000 രൂപ! ഇപ്പോൾ വെറും ₹6.26 ലക്ഷം മുതല്‍ വാങ്ങാം
സബ് കോംപാക്റ്റ് സെഡാന്‍ (Sub Compact Sedan) വിപണിയില്‍ ഒരു കാലത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന മോഡല്‍ ആയിരുന്നു മാരുതി സുസുക്കി ഡിസയര്‍ (Maruti Suzuki Dzire). എസ്‌യുവികളുടെ വരവോടെ സെഗ്‌മെന്റ് മൊത്തത്തില്‍ പിന്നാക്കം പോയപ്പോള്‍ ഡിസയറിന്റെയും പഴയ പ്രതാപം നഷ്ടപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അടിമുടി മാറ്റങ്ങളോടെ പുതിയ തലമുറ മോഡല്‍ വന്നതോടെ ഡിസയര്‍ ആകര്‍ഷണം വീണ്ടെടുത്തിട്ടുണ്ട്. ഡിസൈനിലെയും ഫീച്ചറുകളിലെയും മെച്ചപ്പെടുത്തലുകള്‍, പുതിയ എഞ്ചിന്‍, ഇപ്പോള്‍ ജിഎസ്ടി നിരക്കിലെ കാര്യമായ കുറവ് എന്നിവയെല്ലാം ഡിസയറിനെ കൂടുതല്‍ ആകര്‍ഷകമായ ഓപ്ഷനാക്കി മാറ്റുന്നു.
ഏറ്റവും പുതിയ ജിഎസ്ടി പരിഷ്‌കരണങ്ങളുടെ ഭാഗമായി ഡിസയറിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് 88,000 രൂപ വരെ വില കുറഞ്ഞിട്ടുണ്ട്. കൂടാതെ, ഉത്സവകാല ഓഫറുകളുടെ ഭാഗമായി 63,000 രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങളും ലഭ്യമാണ്. ഇത് ഡീലര്‍ഷിപ്പുകള്‍ക്കും പ്രദേശങ്ങള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടാം. ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്ന ശേഷം ഡിസയറിന്റെ വിലയില്‍ വന്ന മാറ്റം വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.

ഏറ്റവും ഉയര്‍ന്ന വിലക്കുറവ് ലഭിച്ചിരിക്കുന്നത് സബ് കോംപാക്ട് സെഡാനിന്റെ ടോപ് സ്‌പെക് ട്രിമ്മിനാണ്. ഡിസയറിന്റെ ZXi പ്ലസ് എഎംടി വേരിയന്റ് ഇപ്പോള്‍ വാങ്ങുമ്പോള്‍ മുമ്പത്തേക്കാള്‍ 88000 രൂപ കുറച്ച് കൊടുത്താല്‍ മതി. ഡിസയറിന്റെ ഹാച്ച്ബാക്ക് സഹോദരനായ സ്വിഫ്റ്റിന്റെ ഫുള്ളി ലോഡഡ് ട്രിമ്മിനും സമാനമായ വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. ഡിസയര്‍ ശ്രേണിയില്‍ 58,000 രൂപ മുതല്‍ 88,000 രൂപ വരെയാണ് വിലക്കിഴിവ്.
എഎംടി വേരിയന്റുകള്‍ക്കാണ് കൂടുതല്‍ കുറഞ്ഞിരിക്കുന്നത്. എഎംടി വേരിയന്റുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 72,000 രൂപ മുതല്‍ 88,000 രൂപ വരെ പോക്കറ്റിലാക്കാം. ഇപ്പോള്‍ ഡിസയറിന്റെ വില 6.29 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് പോകുന്നത്. മുമ്പ് കാറിന്റെ ബേസ് വേരിയന്റിന് 6.84 ലക്ഷം രൂപയും ടോപ് സ്‌പെക് വേരിയന്റിന് 10.19 ലക്ഷം രൂപയുമായിരുന്നു വില. നിലവില്‍ 8.03 ലക്ഷം രൂപ മുതലാണ് സിഎന്‍ജി വേരിയന്റുകളുടെ വില ആരംഭിക്കുന്നത്.
Variant | Price before GST cut (ex-showroom) | Price after GST cut (ex-showroom) | Price cut |
LXi | Rs 6.84 lakh | Rs 6.26 lakh | Rs 58,000 |
VXi | Rs 7.84 lakh | Rs 7.17 lakh | Rs 67,000 |
VXi AMT | Rs 8.34 lakh | Rs 7.62 lakh | Rs 72,000 |
VXi CNG | Rs 8.79 lakh | Rs 8.03 lakh | Rs 76,000 |
ZXi | Rs 8.94 lakh | Rs 8.18 lakh | Rs 76,000 |
ZXi AMT | Rs 9.44 lakh | Rs 8.63 lakh | Rs 81,000 |
ZXi Plus | Rs 9.69 lakh | Rs 8.86 lakh | Rs 83,000 |
ZXi CNG | Rs 9.89 lakh | Rs 9.04 lakh | Rs 85,000 |
ZXi Plus AMT | Rs 10.19 lakh | Rs 9.31 lakh | Rs 88,000 |
പുതിയ ഡിസയറിനെ കുറിച്ച് പറയുമ്പോള്‍ കൂടുതല്‍ ഷാര്‍പ്പര്‍ സ്‌റ്റൈലിംഗുമായി വരുന്ന സെഡാന് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്‍, സ്ലീക്കര്‍ റെക്ടാംഗുലാര്‍/എല്‍ഇഡി-ക്രിസ്റ്റലിന്‍ ഹെഡ്ലൈറ്റുകള്‍, പുതുക്കിയ ബമ്പറുകള്‍, ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍-ലാമ്പുകളുള്ള റിയര്‍ പ്രൊഫൈല്‍ എന്നിവയുണ്ട്. പണ്ടത്തെ പോലെ 'ഡിക്കി'യുള്ള സ്വിഫ്റ്റ് എന്നതില്‍ നിന്ന് മാറി ഡിസയറിന് ഇപ്പോള്‍ സ്വന്തമായി ഒരു ഐഡന്റിറ്റിയുണ്ടെന്ന് പറയാം.
1.2 ലിറ്റര്‍ 3 സിലിണ്ടര്‍ Z സീരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ തലമുറ ഡിസയറിന്റെ ഹൃദയം. ഇത് പഴയ ഫോര്‍-സിലിണ്ടര്‍ യൂണിറ്റിന് പകരമായി വരുന്നു. 82 PS പവറും 112 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നുവെന്ന് മാത്രമല്ല ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നു.

5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഡിസയറിന്റെ സിഎന്‍ജി പതിപ്പും കമ്പനി പുറത്തിറക്കിയിരുന്നു. സിഎന്‍ജി മോഡില്‍ പവര്‍ ഔട്ട്പുട്ട് കുറയുമെങ്കിലും കിലോഗ്രാമിന് 33.7 കിലോമീറ്റര്‍ മൈലേജ് തരും. അതേസമയം പെട്രോള്‍ മാനുവല്‍ ലിറ്ററിന് 24.7 കിലോമീറ്ററും പെട്രോള്‍ എഎംടി ലിറ്ററിന് 25.7 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.
സുരക്ഷയുടെ കാര്യത്തില്‍ ഡിസയര്‍ ഒരു വലിയ നേട്ടം കൈവരിച്ചു. ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടുന്ന ആദ്യ മാരുതി സുസുക്കി മോഡലായി ഇത് മാറി. മോഡല്‍ നിരയിലുടനീളം സേഫ്റ്റിക്ക് മാരുതി കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങിയെന്നതിനുള്ള ആദ്യത്തെ ഉദാഹരണമായിരുന്നു ന്യൂജെന്‍ ഡിസയര്‍. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ വിക്‌ടോറിസ് എസ്‌യുവിയും ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാറുമായി മിന്നിയിരുന്നു.

സിഎന്‍ജി വേരിയന്റ് കൂടി വാഗ്ദാനം ചെയ്യുന്നതിനാല്‍ ഡിസയര്‍ സ്വകാര്യ, വാണിജ്യ ഉപഭോക്താക്കള്‍ക്ക് ഒരുപോലെ പ്രയോജനകരമാണ്. ടാക്‌സി വിപണിയില്‍ ഇപ്പോഴും പ്രിയങ്കരമായ ഈ മോഡല്‍, മെച്ചപ്പെട്ട ഫീച്ചറുകള്‍, ആകര്‍ഷകമായ ഡിസൈന്‍, പുതിയ ജിഎസ്ടി, ഫെസ്റ്റിവല്‍ സീസണ്‍ ഓഫറുകള്‍ എന്നിവ കാരണം സ്വകാര്യ ഉപഭോക്താക്കളെയും ആകര്‍ഷിക്കും. ജിഎസ്ടി കട്ടും ഓഫറുകളും മത്സരാധിഷ്ഠിതമായ കോംപാക്റ്റ് സെഡാന്‍ വിഭാഗത്തില്‍ ഡിസയറിന്റെ സ്ഥാനം ശക്തിപ്പെടുത്തും.


Click it and Unblock the Notifications