കണ്‍കുളിർക്കേ കാണാം, രാജ്യം കാത്തിരുന്ന ഇവി മാരുതി ഷോറൂമിലെത്തി! ഇത്രയും കുറഞ്ഞ വിലയില്‍ വരുമോ?
ഇന്ത്യക്കാര്‍ നിലവില്‍ വില അറിയാനായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന ഒറ്റ കാര്‍ മോഡല്‍ മാത്രമേയുള്ളൂ. അത് മറ്റേതുമല്ല മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് കാറായ ഇ-വിറ്റാരയാണ് (Maruti Suzuki e Vitara). ജനുവരിയില്‍ അരങ്ങേറിയ 2025 ഓട്ടോ എക്‌സ്‌പോയില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവ് ഇ-വിറ്റാരയെ പ്രൊഡക്ഷന്‍ അവതാരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാറിന്റെ സവിശേഷതകളും മറ്റും വാഹന മാമാങ്കത്തില്‍ വെച്ച് തന്നെ കമ്പനി വെളിപ്പെടുത്തി. എന്നാല്‍ വില മാത്രം സര്‍പ്രൈസായി നിലനിര്‍ത്തിയിരിക്കുകയാണ്. 2025 മാര്‍ച്ചില്‍ കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിയുടെ ലോഞ്ച് അടുത്തുവെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവി രാജ്യത്തെ മാരുതി സുസുക്കി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവി കര്‍ണാടക തലസ്ഥാന നഗരിയായ ബാംഗ്ലൂരിലെ ഒരു മാരുതി സുസുക്കി ഷോറൂമില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പ്രീമിയം കാര്‍ ആയതിനാല്‍ തന്നെ മാരുതി ഇ-വിറ്റാര കമ്പനിയുടെ നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖല വഴിയായിരിക്കും വിപണനം ചെയ്യുക.

ലോഞ്ചിന് മുന്നോടിയായി ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഇവി ഡീലര്‍ഷിപ്പുകളിലേക്ക് അയക്കുന്നത് കൊണ്ട് ചില മെച്ചങ്ങള്‍ ഉണ്ട്. ഇത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-വിറ്റാര ബാംഗ്ലൂര്‍ ഷോറൂമില്‍ എത്തിയതിനുശേഷം അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി അവര്‍ ഒരു പരിപാടി നടത്തിയിരുന്നു. ആ പരിപാടിക്കിടെ എടുത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
മാരുതി സുസുക്കി ഇ-വിറ്റാരയുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. എന്നാല്‍ ചില ഡീലര്‍ഷിപ്പുകള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുക കൂടി ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് വാഹനം കണ്ടറിയാനുള്ള അവസരം കൂടി കൈവന്നിരിക്കുകയാണ്. ഇ-വിറ്റാരയെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇതിനകം തന്നെ മാരുതി സുസുക്കി പങ്കുവെച്ചിട്ടുണ്ട്.

ഇവി പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഷോറൂമിലെത്തുക. ഇതില്‍ 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് മാരുതി സുസുക്കി അറിയിച്ചത്. നെക്‌സ ബ്ലൂ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നിവയാണ് സിംഗിള്‍ ടോണ്‍ നിറങ്ങള്‍. അതേസമയം ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണില്‍ ലഭ്യമാണ്.
മാരുതി സുസുക്കി ഇ-വിറ്റാരയില്‍ 48.8 kWh , 61.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ചൈനീസ് ബാറ്ററി ഭീമനായ ബിവൈഡിയില്‍ നിന്നുള്ള ലിഥിയം അയണ്‍-ഫോസ്‌ഫേറ്റ് ബ്ലേഡ് സെല്ലുകളാണ് ഇ-വിറ്റാരയുടെ ബാറ്ററികള്‍ ഉപയോഗിക്കുന്നത്. കൃത്യമായ റേഞ്ച് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇ-വിറ്റാര ഫുള്‍ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം. മാരുതി ഇ-വിറ്റാരയില്‍ നിരവധി പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഇ-എസ്‌യുവിയുടെ അകത്ത് 10.25 ഇഞ്ച് സ്‌ക്രീനും 10.1 ഇഞ്ച് സ്‌ക്രീനും ഉണ്ടാകും. ആദ്യത്തേത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ഡ്രൈവര്‍ക്കുള്ള ഡിജിറ്റല്‍ സ്‌ക്രീനായും പ്രവര്‍ത്തിക്കും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10 വേ പവര്‍ അഡ്ജസ്റ്റബില്‍ ഡ്രൈവര്‍ സീറ്റ്, 2 -സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഇത് വരുന്നത്. ഇ-വിറ്റാര സ്റ്റാന്‍ഡേര്‍ഡായി 7 എയര്‍ബാഗുകളുമായിട്ടാണ് വരുന്നത്. അതോടൊപ്പം ADAS ലെവല്‍ 2 സിസ്റ്റവും വാഹനത്തിന്റെ മികവുറ്റ സേഫ്റ്റിയാക്കായി മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.
മത്സരാധിഷ്ഠിത വില നിര്‍ണയത്തിന് പേരുകേട്ട മാരുതി സുസുക്കി ഇവികളുടെ കാര്യത്തിലും ഇതേ സ്ട്രാറ്റജി പുറത്തെടുത്താല്‍ ഇ-വിറ്റാര വമ്പന്‍ വിജയമാകും. ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഇ-വിറ്റാരയുടെ എതിരാളിയായ ക്രെറ്റ ഇവി 17.99 ലക്ഷം രൂപക്ക് ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മാരുതി ഇ-വിറ്റാരക്ക് 17 ലക്ഷം രൂപ വിലയിട്ടാല്‍ അത്ഭുതപ്പെടാനില്ല. ഏതായാലും അത് അറിയാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി കാത്തിരുന്നാല്‍ മതി.


Click it and Unblock the Notifications








