ലോകത്തിന്റെ കണ്ണ് ഇന്ത്യയിലേക്ക്! ഇവിറ്റാരയുടെ ആദ്യ ഉത്പാദന യൂണിറ്റ് ഫ്ലാഗ്ഓഫ് ചെയ്ത് മോദി
രാജ്യം കാത്തിരിക്കുന്ന ഇലക്ട്രിക് കാര്‍ ആണ് മാരുതി സുസുക്കി ഇ വിറ്റാര. ഇന്തോ ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ കന്നി ഇലക്ട്രിക് കാര്‍ സെപ്റ്റംബര്‍ ആദ്യ വാരം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വി പ്രേമികള്‍ക്ക് ആവേശം നല്‍കി കൊണ്ട് വാഹന നിര്‍മാതാക്കളുടെ ഗുജറാത്തിലെ ഹന്‍സല്‍പൂരിലുള്ള പ്ലാന്റില്‍ ഇലക്ട്രിക് എസ്‌യുവിയുടെ നിര്‍മാണം ആരംഭിച്ചു. ഗുജറാത്ത് പ്ലാന്റില്‍ നിന്നുള്ള മാരുതി സുസുക്കി ഇ വിറ്റാരയുടെ ആദ്യ ഉല്‍പാദന യൂണിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെയ്ചി ഓനോ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇവി സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാന്‍ അടക്കം നൂറോളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കിയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ആണ് ഇവിറ്റാര. 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകള്‍ അടക്കം പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും ഇവി വിപണിയില്‍ എത്തുക.

നെക്‌സ ബ്ലൂ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളും ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണിലും വാങ്ങാനാവും. ഹാര്‍ട്ടെക്റ്റ്-ഇ എന്ന പുതിയ ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
49 kWh യൂണിറ്റും 61.1 kWh യൂണിറ്റും ഉള്ള രണ്ട് ബാറ്ററി പാക്കുകളിലാണ് ഇവിറ്റാര അന്താരാഷ്ട്രതലത്തില്‍ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് സജ്ജീകരണത്തോടെ വരുന്ന ചെറിയ പായ്ക്ക് 142 bhp പവറും 193 Nm ടോര്‍ക്കും നല്‍കുന്നു. WLTP സൈക്കിളില്‍ ഫുള്‍ ചാര്‍ജില്‍ 344 കിലോമീറ്റര്‍ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്.

വലിയ 61.1 kWh ബാറ്ററി രണ്ട് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഫ്രണ്ട്-വീല്‍ ഡ്രൈവ് പതിപ്പ് 171 bhp പവറും 193 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 426 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്. 181 bhp പവറും 307 Nm ടോര്‍ക്കും നല്‍കുന്ന ഓള്‍വീല്‍ ഡ്രൈവ് വേരിയന്റ് ഫുള്‍ചാര്‍ജില്‍ 395 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ സ്‌പെക്കിന്റെ റേഞ്ച് കണക്കുകള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇവിയുടെ ബാറ്ററിയെ ആശ്രയിച്ച് ചാര്‍ജിംഗ് സമയം വ്യത്യാസപ്പെടുന്നു. 49 kWh പായ്ക്ക് ചാര്‍ജ് ചെയ്യാന്‍ 7 kW എസി ചാര്‍ജറില്‍ ഏകദേശം 6.5 മണിക്കൂറും 11 kW ചാര്‍ജറില്‍ 4.5 മണിക്കൂറും എടുക്കും. 61 kWh യൂണിറ്റിന് ഇവയില്‍ ഏകദേശം ഒമ്പത് മണിക്കൂറും 5.5 മണിക്കൂറും ആവശ്യമാണ്. രണ്ട് പതിപ്പുകളും ഏകദേശം 45 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ അനുവദിക്കുന്ന ഡിസി ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.

ഇവിയുടെ അകത്തളം ഫീച്ചര്‍ സമ്പന്നമാണ്. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്‍ക്കൊള്ളുന്ന ഡ്യുവല്‍ സ്‌ക്രീന്‍ സജ്ജീകരണമാണ് ഇവിറ്റാരയുടെ ഉള്ളില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവല്‍-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, സെമി-ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ദീര്‍ഘചതുരാകൃതിയിലുള്ള എസി വെന്റുകള്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.
ഏഴ് എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, വിവിധ സാഹചര്യങ്ങളില്‍ ഡ്രൈവറെ പിന്തുണയ്ക്കുന്നതിനായി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) തുടങ്ങിയ ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഉള്‍ക്കൊള്ളുന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ZS ഇവി തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ഇവിറ്റാര ഇന്ത്യയില്‍ മത്സരിക്കുന്നത്. ക്രെറ്റ ഇലക്ട്രിക്കിന് സമാനമായി ഏകദേശം 17 ലക്ഷം രൂപ വിലയില്‍ ഇവിറ്റാര പുറത്തിറങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.


Click it and Unblock the Notifications








