ക്ഷമ വേണം, ഇവിറ്റാര വരാന്‍ സമയമെടുക്കുമെന്ന് മാരുതി! 70000 യൂണിറ്റില്‍ ഇന്ത്യക്ക് കിട്ടുക ഇത്ര മാത്രമോ?
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏവരും വളരെ ആകാംക്ഷയോടെയാണ് വീക്ഷിക്കാറുള്ളത്. മാരുതിയില്‍ നിന്ന് നിലവില്‍ ഏവരും കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന മോഡല്‍ ഇവിറ്റാരയാണ്. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള കന്നി ഇലക്ട്രിക് കാര്‍ 2025 ഓട്ടോ എക്‌സ്‌പോയിലാണ് അവതരിപ്പിച്ചത്. ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപനം അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോള്‍ കാറിന്റെ ഡെലിവറി ടൈംലൈന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ എന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് നമുക്ക് വിശദമായി വായിക്കാം.
2025 ഓട്ടോ എക്സ്പോയില്‍ ആഗോളതലത്തില്‍ പ്രീമിയര്‍ ചെയ്ത ഇവിറ്റാര ഇന്ത്യയി്െല ഷോറൂമുകളിലും ഇതിനോടകം എത്തിത്തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇതിനോടകം ഷോറൂമില്‍ എത്തി കാര്‍ അ്ടുത്തറിഞ്ഞതിനാല്‍ ലോഞ്ച് ഉടന്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ മാരുതി ഇവിറ്റാര കൈയ്യില്‍ കിട്ടാന്‍ ഇന്ത്യക്കാര്‍ ഇനിയും കുറച്ച് നാളുകള്‍ കൂടി കാത്തിരിക്കണമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 2025 ഏപ്രില്‍ 25 വെള്ളിയാഴ്ച നടന്ന ഏര്‍ണിംഗ്‌സ് കോണ്‍ഫറന്‍സില്‍ മാരുതി സുസുക്കി ഈ വര്‍ഷത്തെ തങ്ങളുടെ റോഡ്മാപ്പ് വെളിപ്പെടുത്തിയത്.

ഇവിറ്റാരയുടെ സെപ്റ്റംബര്‍ അവസാനത്തിന് മുമ്പ് ആഭ്യന്തര വില്‍പ്പന ആരംഭിക്കുമെന്ന് വെള്ളിയാഴ്ച നടന്ന കോണ്‍ഫറന്‍സ് കോളില്‍ മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ഇവിറ്റാര വാങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു ഈ പ്രഖ്യാപനം. ഈ വര്‍ഷം ഏകദേശം 70,000 ഇവി യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നും ഇതില്‍ ഭൂരിഭാഗവും കയറ്റുമതിക്കായി നീക്കിവയ്ക്കുമെന്നും ഭാര്‍ഗവ പറഞ്ഞു.
ഇന്ത്യന്‍ വിപണിയിലെ ഡിമാന്‍ഡ് അനുസരിച്ച് ശേഷിക്കുന്ന യൂണിറ്റുകള്‍ ആഭ്യന്തരമായി വിതരണം ചെയ്യും. മെയ് അല്ലെങ്കില്‍ ജൂണ്‍ മാസങ്ങളില്‍ മാരുതി സുസുക്കി ഇവിറ്റാരയുടെ ഉത്പാദനം ആരംഭിക്കുമെന്നും ആദ്യത്തെ കുറച്ച് ബാച്ചുകള്‍ വിദേശ വിപണികളിലേക്ക് അയയ്ക്കുമെന്നും ഭാര്‍ഗവ സൂചിപ്പിച്ചു. മാരുതി ഇ വിറ്റാര സ്റ്റാന്‍ഡേര്‍ഡ്-റേഞ്ച് FWD, ലോംഗ് റേഞ്ച് FWD വേരിയന്റുകളില്‍ ലഭ്യമാകും.

സ്റ്റാന്‍ഡേര്‍ഡ്-റേഞ്ച് FWD വേരിയന്റിന് 105.8 kW/192.5 Nm മോട്ടോര്‍ ഉണ്ടായിരിക്കും. ബിവൈഡിയില്‍ നിന്നുള്ള 49 kWh LFP ബാറ്ററി പായ്ക്കാണ് ഇവിക്ക് പവര്‍ നല്‍കുക. ലോംഗ് റേഞ്ച് FWD വേരിയന്റിന് 128 kW/192.5 Nm മോട്ടോര്‍ ഉണ്ടായിരിക്കും. ഇത് ബിവൈഡിയില്‍ നിന്ന് തന്നെയുള്ള 61 kWh LFP ബാറ്ററി പാക്കില്‍ നിന്ന് ഊര്‍ജ്ജമെടുക്കും. ഇവിയുടെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, ഫിക്‌സഡ് ഗ്ലാസ് സണ്‍റൂഫ്, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേഷന്‍ ഫംഗ്ഷനോടുകൂടിയ 10-വേ പവര്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് മാരുതി സുസുക്കി ഇവിറ്റാര വാഗ്ദാനം ചെയ്യുന്നത്.

ലെവല്‍ 2 ADAS, ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡ്രൈവര്‍ കാല്‍മുട്ട് എയര്‍ബാഗ് ഉള്‍പ്പെടെ ഏഴ് എയര്‍ബാഗുകള്‍ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളുമായി വരുന്ന ഇവി കമ്പനിയുടെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായിരിക്കും. ടാറ്റ കര്‍വ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി ZS ഇവി എന്നിവയുമായി എതിരിടാന്‍ വരുന്ന ഇവിറ്റാരയ്ക്ക് ഏകദേശം 16 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലേക്ക് മറ്റൊരു എസ്‌യുവി കൂടി ചേര്‍ക്കുമെന്ന് കോണ്‍ഫറന്‍സില്‍ ആര്‍സി ഭാര്‍ഗവ സ്ഥിരീകരിച്ചു. ഗ്രാന്‍ഡ് വിറ്റാരയുടെ ഏഴ് സീറ്റര്‍ പതിപ്പായിരിക്കും ഇത്. മാത്രമല്ല ഈ വര്‍ഷാവസാനത്തോടെ എല്ലാ മാരുതി സുസുക്കി കാറുകളിലും ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍പ്പെടുത്തുമെന്ന് കോണ്‍ഫറന്‍സില്‍ മാരുതി അധികൃതര്‍ പ്രഖ്യാപിച്ചു. അടുത്തിടെ ഗ്രാന്‍ഡ് വിറ്റാര, വാഗണ്‍ആര്‍, ബ്രെസ, ഈക്കോ, സെലേറിയോ, ആള്‍ട്ടോ K10 എന്നീ മോഡലുകളില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കിയിരുന്നു.


Click it and Unblock the Notifications








