'ഇവികളുടെ എമ്പുരാന്‍' ഇറങ്ങുന്നു! ഇതിന്റെ 'സെന്‍സറിംഗ്' ജനങ്ങള്‍, ഇ വിറ്റാരയ്ക്ക് എജ്ജാതി ഹൈപ്പ്
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണെങ്കിലും മാരുതി സുസുക്കി ഇലക്ട്രിക് വാഹന വിഭാഗത്തിലേക്ക് ചുവടുവെയ്ക്കാന്‍ അല്‍പ്പം വൈകിയിരുന്നു. മാരുതിയുടെ ഇവി ആകുമ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ അല്‍പ്പം കൂടുതല്‍ ആയിരിക്കും. അതുകൊണ്ട് കൃത്യമായ പ്ലാനിംഗുകളോടെയാണ് മാരുതിയുടെ ഓരോ നീക്കങ്ങളും. ഇക്കഴിഞ്ഞ ജനുവരിയില്‍ സമാപിച്ച 2025 ഭാരത് ഇന്ത്യ മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ കന്നി ഇവി പ്രൊഡക്ഷന്‍ അവതാരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആഗോള പ്രീമിയര്‍ കഴിഞ്ഞ് രണ്ട് മാസങ്ങള്‍ കഴിഞ്ഞതിനാല്‍ കമ്പനി ഇ വിറ്റാര വരും ആഴ്ചകളില്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായ പരീക്ഷണയോട്ടം നടത്തിയ ശേഷമാണ് മാരുതി ഈ കാര്‍ പുറത്തിറക്കുന്നത്. 50 ശതമാനത്തിലധികം ഉയര്‍ന്ന ടെന്‍സൈല്‍ സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഇ-വിറ്റാരയ്ക്ക് 2,700 mm വീല്‍ബേസ് നീളമുണ്ട്. കൂടാതെ GNCAP ക്രാഷ് ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വില പ്രഖ്യാപനം ഇങ്ങ് അടുത്തെത്തിയ വേളയില്‍ മാരുതി ഇ വിറ്റാരയെ കുറിച്ച് ഇതുവരെ അറിയാവുന്ന കാര്യങ്ങള്‍ നമുക്ക് ഒന്ന് ഓര്‍ത്തെടുക്കാം.

ഇലക്ട്രിക് എസ്‌യുവി മാരുതി പത്തോളം എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാവും പുറത്തിറക്കുക. ഇതില്‍ 6 സിംഗിള്‍-ടോണ്‍, 4 ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും ഉണ്ടാവുമെന്നാണ് മാരുതി സുസുക്കി പറയുന്നത്. നെക്സ ബ്ലൂ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ആര്‍ട്ടിക് വൈറ്റ്, ഗ്രാന്‍ഡിയര്‍ ഗ്രേ, ബ്ലൂയിഷ് ബ്ലാക്ക്, ഒപ്പുലന്റ് റെഡ് എന്നിവയാണ് സിംഗിള്‍ ടോണ്‍ നിറങ്ങള്‍. അതേസമയം ആര്‍ട്ടിക് വൈറ്റ്, ലാന്‍ഡ് ബ്രീസ് ഗ്രീന്‍, സ്പ്ലെന്‍ഡിഡ് സില്‍വര്‍, ഒപ്പുലന്റ് റെഡ് എന്നിവ നീലകലര്‍ന്ന ബ്ലാക്ക് റൂഫോടെ ഡ്യുവല്‍-ടോണില്‍ ലഭ്യമാണ്.
ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ വേരിയന്റുകളിലാണ് ഇ-വിറ്റാര ലഭ്യമാകുക. മിഡ് റേഞ്ച് സീറ്റ, ടോപ്പ് വേരിയന്റ് ആല്‍ഫ എന്നിവ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രീമിയം കാര്‍ ആയതിനാല്‍ തന്നെ മാരുതി ഇ-വിറ്റാര കമ്പനിയുടെ നെക്സ ഡീലര്‍ഷിപ്പ് ശൃംഖല വഴിയായിരിക്കും വിപണനം ചെയ്യുക.
പവര്‍ട്രെയിനിലേക്ക് വന്നാല്‍ മാരുതി സുസുക്കി ഇ-വിറ്റാര രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാകും ഓഫര്‍ ചെയ്യുക. 49 kWh, 61 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളായിരിക്കും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഉണ്ടാകുക. ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു ഓള്‍ വീല്‍ ഡ്രൈവ് (AWD) സെറ്റപ്പും ഇതിനൊപ്പം വരുന്നുണ്ട്. ഈ ഡ്യുവല്‍ -മോട്ടോര്‍ AWD സിസ്റ്റത്തെ ഓള്‍ഗ്രിപ്പ്-e എന്നാണ് മാരുതി സുസുക്കി വിളിക്കുന്നത്. ഈ സിസ്റ്റത്തില്‍ ഒരു ട്രെയില്‍ മോഡും ഉള്‍പ്പെടുന്നു, ഇത് കുറഞ്ഞ ട്രാക്ഷനുള്ള വീലുകളില്‍ നിന്ന് വിട്ടുമാറി ടോര്‍ക്ക് റീഡയറക്ട് ചെയ്ത് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യലിന് സമാനമായി പ്രവര്‍ത്തിക്കുന്നു.

ആധുനിക കാലത്തിന് അനുയോജ്യമായ രീതിയില്‍ മോഡേണ്‍ ഫീച്ചറുകളും ടെക്‌നോളജിയും കുത്തിനിറച്ച അകത്തളമാണ് ഈ 5 സീറ്റര്‍ ഇലക്ട്രിക് മിഡ്-സൈസ് എസ്‌യുവിക്ക് ലഭിക്കുക. എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഷാര്‍പ്പ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മെച്ചപ്പെട്ട എയറോഡൈനാമിക്‌സിനായി ഗ്രില്ലിലെ ആക്റ്റീവ് എയര്‍ വെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രീമിയം ഉപകരണങ്ങളാല്‍ സമ്പന്നമായിരിക്കും മാരുതി സുസുക്കി ഇ വിറ്റാര.
18 ഇഞ്ച് അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍ എന്നിവ പോലുള്ള സവിശേഷതകളും കാറില്‍ മാരുതി സുസുക്കി നല്‍കും. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീന്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷനും ഇന്‍ഫിനിറ്റി ബൈ ഹാര്‍മന്‍ ഓഡിയോ സിസ്റ്റവും അഡ്വാന്‍സ്ഡ് ഇന്‍-കാര്‍ കണക്റ്റിവിറ്റി സാങ്കേതികവിദ്യയും മാരുതി സുസുക്കി ഇ വിറ്റാരയിലുണ്ട്.

PM 2.5 എയര്‍ ഫില്‍ട്ടറുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. റിയര്‍ സീറ്റ് റീക്ലൈനിംഗ്, സ്ലൈഡിംഗ്, 60:40 സ്പ്ലിറ്റ് ഫംഗ്ഷന്‍ എന്നിവയും ഇ വിറ്റാരയിലുണ്ട്. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ലെവല്‍ 2 ADAS സ്യൂട്ടാണ് സുരക്ഷ വിഭാഗത്തില്‍ ഇ വിറ്റാരയെ വേറിട്ടുനിര്‍ത്തുന്നത്.
ഏഴ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകളും സുരക്ഷ ഉറപ്പാക്കാനായി കാറില്‍ നല്‍കിയിട്ടുണ്ട്. ഓട്ടോ-ഹോള്‍ഡ് സഹിതമുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, കാല്‍നട സുരക്ഷ ഉറപ്പാക്കാന്‍ അക്കൗസ്റ്റിക് വെഹിക്കിള്‍ അലാറം സിസ്റ്റം (AVAS), ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്, സ്നോ തുടങ്ങിയ ഡ്രൈവ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യയുള്ള വണ്‍-പെഡല്‍ ഡ്രൈവിംഗ് എന്നിവയും ലഭിക്കും.
ഇ-ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഈ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര XUV400, എംജി ZS ഇവി, മഹീന്ദ്ര XEV 9e തുടങ്ങിയ മോഡലുകളുമായി മത്സരിക്കും. ഓട്ടോ എക്സ്പോയില്‍ വെച്ച് ഇ-വിറ്റാരയുടെ എതിരാളിയായ ക്രെറ്റ ഇവി 17.99 ലക്ഷം രൂപക്ക് ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. ഈ കാര്‍ ഇതിനോടകം നിരത്തില്‍ എത്തിക്കഴിഞ്ഞു.
ഈ വര്‍ഷം തന്നെ സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റില്‍ നിന്ന് ഈ കാര്‍ പുറത്തിറക്കും. ഗുജറാത്ത് പ്ലാന്റില്‍ നിര്‍മിക്കുന്ന ഇ വിറ്റാര വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യും. മാരുതി സുസുക്കി ഇ വിറ്റാരയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇ വിറ്റാര വിപണിയില്‍ എത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇതിന്റെ ടൊയോട്ട പതിപ്പും ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനക്കെത്തും.

നിങ്ങള്‍ ആരെങ്കിലും മാരുതി സുസുക്കി ഇ വിറ്റാര വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ ഏറ്റവും അടുത്തുള്ള നെക്‌സ ഡീലര്‍ഷിപ്പില്‍ കാര്‍ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുക. പ്രദര്‍ശനത്തിനായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഇ-വിറ്റാര ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബാംഗ്ലൂര്‍ ഷോറൂമില്‍ എത്തിച്ചിരുന്നു. മാരുതിയുടെ കേരളത്തിലെ ഷോറൂമുകളിലും കാര്‍ എത്തിയതായാണ് അറിയാന്‍ കഴിഞ്ഞത്.
മാരുതി സുസുക്കി ഇ-വിറ്റാരയുടെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. എന്നാല്‍ ചില ഡീലര്‍ഷിപ്പുകള്‍ ഇലക്ട്രിക് എസ്‌യുവിയുടെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. ഷോറൂമില്‍ പ്രദര്‍ശിപ്പിക്കുക കൂടി ചെയ്തതോടെ ഉപഭോക്താക്കള്‍ക്ക് വാഹനം കണ്ടറിയാനുള്ള അവസരം കൂടി കൈവന്നിരിക്കുകയാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇവി കണ്ട് മനസ്സിലാക്കിയ ശേഷം ഒരു തീരുമാനത്തിലേക്ക് എത്താം. നൂതന സവിശേഷതകള്‍ കൊണ്ടും മികച്ച പ്രകടന ശേഷികളും വാഗ്ദാനം ചെയ്യുന്നതിനാലും 'എമ്പുരാന്‍' സിനിമയ്ക്ക് ലഭിച്ച പോലുള്ള ഹൈപ്പാണ് കാറിന് ലഭിക്കുന്നത്.
ഹ്യുണ്ടായി ക്രെറ്റയുമായി മുട്ടുന്നതിനാല്‍ മാരുതി കന്നി ഇവിക്ക് ഏകദേശം 17 ലക്ഷം രൂപ വിലയിട്ടാലും ഞെട്ടേണ്ട കാര്യമില്ല. വില കൂടി അറിയുന്നതോടെ ഇ-വിറ്റാരയുടെ ബുക്കിംഗ് കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നു. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന സിനിമാ ഡയലോഗ് അന്വര്‍ത്ഥമാക്കുന്ന മാരുതി ഒരു മികച്ച ഉല്‍പ്പന്നം തന്നെയാണ് സമയമെടുത്ത് പുറത്തിറക്കുന്നതെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഇനി വില കൂടി പ്രഖ്യാപിച്ചാല്‍ മാരുതി സെയില്‍സ് ചാര്‍ട്ടുകള്‍ തൂഫാനാക്കും.


Click it and Unblock the Notifications








