തിരക്ക് കുറയ്ക്കണം, മാരുതി ഇ-വിറ്റാരയുടെ 'രഹസ്യ' ബുക്കിംഗ് തുടങ്ങി ഡീലര്‍മാര്‍! ടാറ്റക്കും എംജിക്കും കഷ്ടകാലം
ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ ആവശ്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മാരുതി സുസുക്കിയും രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് എന്‍ട്രി നടത്തി. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ വെച്ച് നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചണ് ഇ-വിറ്റാരയെന്ന് പേരിട്ട് ഇലക്ട്രിക് എസ്‌യുവി കമ്പനി അവതരിപ്പിച്ചത്. ഓട്ടോ എക്‌സ്‌പോയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായി മാറിയ ഇവി ഇതിനോടകം തന്നെ ഇന്ത്യന്‍ വിപണിയില്‍ വലിയ ഓളം സൃഷ്ടിച്ച് കഴിഞ്ഞു. ഇനി വില അറിയാനുള്ള കാത്തിരിപ്പാണ്. ഇതിനിടെ കാറിന്റെ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
രാജ്യത്തെ ചില മാരുതി സുസുക്കി ഡീലര്‍ഷിപ്പുകള്‍ ഇ-വിറ്റാരയ്ക്കുള്ള ഓഫ്‌ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചതായി ചില ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മാരുതി ഇതുവരെ ഇ-വിറ്റാരയുടെ ബുക്കിംഗ് വിന്‍ഡോ ഔദ്യോഗികമായി തുറന്നിട്ടില്ല. ഇ-വിറ്റാരയ്ക്കുള്ള ബുക്കിംഗ് മാരുതി സുസുക്കി ഉടന്‍ തന്നെ ഔദ്യോഗികമായി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, നിലവില്‍ കുറച്ച് ഡീലര്‍മാര്‍ മാത്രമേ ഇ-വിറ്റാരയുടെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുള്ളൂ.

25,000 രൂപ വരെയാണ് ടോക്കണ്‍ തുകയായി സ്വീകരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകള്‍ എംജി വിന്‍ഡ്സര്‍ ഇവി, ടാറ്റ നെക്സോണ്‍ ഇവി എന്നിവയാണ്. ഈ രണ്ട് കാര്‍ മോഡലുകളും മാരുതി ഇ-വിറ്റാരയുടെ നേരിട്ടുള്ള എതിരാളിയല്ല. എന്നിരുന്നാലും മാരുതിയുടെ ഒരു ഇവി പുറത്തിറങ്ങുന്നത് വിന്‍ഡ്‌സറിനും നെക്‌സോണിനും ഭീഷണിയാണന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര BE 6, എംജി ZS ഇവി എന്നിവയാണ് ഇ-വിറ്റാരയുടെ നേരിട്ടുള്ള എതിരാളികള്‍. ഇതില്‍ ഹ്യുണ്ടായി ക്രെറ്റ ഇവിയും ഓട്ടോ എക്‌സ്‌പോയിലാണ് അരങ്ങേറിയത്. ഹ്യുണ്ടായി ഇവി ഇപ്പോള്‍ ഷോറൂമില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി ഇ-വിറ്റാര രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെ വില്‍പ്പനയ്ക്ക് ലഭ്യമാകും. ഇ-വിറ്റാരയില്‍ 49 kWh, 61 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ലഭിക്കും.

ആദ്യത്തേതിന് പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 350 കിലോമീറ്റര്‍ മുതല്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെ ബാറ്ററി പായ്ക്കിന് 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു AWD സെറ്റപ്പും ഇതിനൊപ്പം വരുന്നുണ്ട്. ഈ ഡ്യുവല്‍ -മോട്ടോര്‍ AWD സിസ്റ്റത്തെ ഓള്‍ഗ്രിപ്പ്-e എന്നാണ് മാരുതി സുസുക്കി വിളിക്കുന്നത്.
ഈ സിസ്റ്റത്തില്‍ ഒരു ട്രെയില്‍ മോഡും ഉള്‍പ്പെടുന്നു, ഇത് കുറഞ്ഞ ട്രാക്ഷനുള്ള വീലുകളില്‍ നിന്ന് വിട്ടുമാറി ടോര്‍ക്ക് റീഡയറക്ട് ചെയ്ത് ലിമിറ്റഡ് സ്ലിപ്പ് ഡിഫറന്‍ഷ്യലിന് സമാനമായി പ്രവര്‍ത്തിക്കുന്നു.ഈ ഇലക്ട്രിക് അകത്തളത്തില്‍ വളരെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ഫീച്ചറുകളും നമുക്ക് കാണാം. മാരുതി ഇ-വിറ്റാരയ്ക്ക് 10.25 ഇഞ്ച് സ്‌ക്രീനും 10.1 ഇഞ്ച് സ്‌ക്രീനും ഉണ്ടാകും.

ആദ്യത്തേത് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായും മറ്റൊന്ന് ഡ്രൈവര്‍ക്കുള്ള ഡിജിറ്റല്‍ സ്‌ക്രീനായും പ്രവര്‍ത്തിക്കും. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10 വേ പവര്‍ അഡ്ജസ്റ്റബില്‍ ഡ്രൈവര്‍ സീറ്റ്, 2 -സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് ഇത് വരുന്നത്. ഇ-വിറ്റാര സ്റ്റാന്‍ഡേര്‍ഡായി 7 എയര്‍ബാഗുകളുമായിട്ടാണ് വരുന്നത്. അതോടൊപ്പം ADAS ലെവല്‍ 2 സിസ്റ്റവും വാഹനത്തിന്റെ മികവുറ്റ സേഫ്റ്റിയാക്കായി മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഭ്യന്തര വിപണിക്ക് പുറമേ ജപ്പാന്‍ അടക്കമുള്ള വിദേശ വിപണികളിലേക്കും ആവശ്യമായ ഇ-വിറ്റാര സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റിലാണ് നിര്‍മിക്കുക. ഇന്ത്യയില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച് ഏറ്റവും ഫീച്ചര്‍ റിച്ചായ ഇവികളില്‍ ഒന്നായ ഇ-വിറ്റാരയുടെ വില നിര്‍ണയത്തില്‍ എല്ലാ കാലത്തെയും പോലെ മാരുതി സുസുക്കി ഞെട്ടിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ പല ഇന്ത്യക്കാരുടെയും ആദ്യത്തെ ഇലക്ട്രിക് കാറും ഒരു മാരുതി സുസുക്കി ആയിരിക്കും. അതിനായി ഇനി ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി.


Click it and Unblock the Notifications








