27 കി.മീ മൈലേജുള്ള ഈ കാറില്‍ 7 പേര്‍ക്ക് കയറാം, എന്നാല്‍ എംപിവിയുമല്ല! ലോണ്‍ എടുക്കാതെ വാങ്ങാവുന്ന വില മാത്രം
വലിയ കുടുംബങ്ങള്‍ക്ക് സുഖമായി പോകാന്‍ പറ്റിയ നല്ല മൈലേജുള്ള എസ്‌യുവികളും എംപിവികളും ഇന്ന് നിലവിലുണ്ട്. ഇത്തരത്തിലുള്ള മാരുതി സുസുക്കിയും മഹീന്ദ്രയുമടക്കമുള്ള ബ്രാന്‍ഡുകളുടെ വാഹനങ്ങള്‍ക്ക് മികച്ച വില്‍പ്പനയും നേടാന്‍ സാധിക്കുന്നുണ്ട്. അപ്പോള്‍ തലക്കെട്ടില്‍ വായിച്ച പോലെ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനും ഒപ്പം 27 കിലോമീറ്ററിന് അടുത്ത് മൈലേജും തരുന്ന ആ കാര്‍ ഏതാണപ്പാ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. അധികം ബില്‍ഡ് അപ്പ് ഇട്ട് ബോര്‍ ആക്കുന്നില്ല. വിഖ്യാത മോഡലായ ഒംനിയുടെ പകരക്കാരനായി കണക്കാക്കാവുന്ന മാരുതി സുസുക്കി മോഡലായ ഈക്കോയെ (Maruti Suzuki Eeco) കുറിച്ചാണ് നമ്മള്‍ പറഞ്ഞ് വരുന്നത്.
ഇത് ഒരു എ-സെഗ്മെന്റ് എംയുവിയാണ്. ഒംനിയെ പോലെ തന്നെ ധാരാളം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുന്നതിനാല്‍ ഈ കാര്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമാണ്. മാരുതി സുസുക്കി ഈക്കോ 5 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ വാങ്ങാം. ധാരാളം ആളുകളെ വഹിക്കാന്‍ കഴിയുന്നതിനൊപ്പം ഉയര്‍ന്ന മൈലേജും വാഗ്ദാനം ചെയ്യുന്നത് മാരുതി സുസുക്കി ഈക്കോയുടെ ഒരു മേന്‍മയായി എടുത്ത് പറയാം.

മാരുതി സുസുക്കി ഈക്കോ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളില്‍ ലഭ്യമാണ്. രണ്ട് പതിപ്പുകള്‍ക്കും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. എന്നാല്‍ പവര്‍ ഔട്ട്പുട്ട് ചെറിയ വ്യത്യാസം കാണുമെന്ന് മാത്രം. പെട്രോള്‍ മോഡില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈക്കോയുടെ എഞ്ചിന്‍ പരമാവധി 81 PS പവറും 105 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേസമയം സിഎന്‍ജി മോഡില്‍ 72 PS പവറും 95 Nm ടോര്‍ക്കും മാത്രമാണ് നല്‍കുക.
പവര്‍ഔട്ട്പുട്ട് വ്യത്യസ്തമാണെങ്കിലും ഗിയര്‍ബോക്സ് ഓപ്ഷനുകളുടെ കാര്യത്തില്‍ ഈക്കോ പെട്രോളും സിഎന്‍ജിയും സമന്‍മാരാണ്. ഇക്കോയുടെ പെട്രോള്‍, സിഎന്‍ജി വേരിയന്റുകള്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനോടൊപ്പം മാത്രമാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. അതായത് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ വേണ്ടവര്‍ ആ വഴിക്ക് പോകേണ്ടതില്ല.

കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതോടൊപ്പം മികച്ച മൈലേജ് നല്‍കുന്നതും ഈക്കോയെ (Maruti Suzuki Eeco Mileage) ജനപ്രിയമാക്കുന്നു. കാറിന്റെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 19.71 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം കാറിന്റെ സിഎന്‍ജി വേരിയന്റുകളുടെ ക്ലെയിംഡ് മൈലേജ് 26.78 കിലോമീറ്ററാണ്. ഇവ രണ്ടും ക്ലെിംഡ് മൈലേജാണെങ്കിലും യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ കുറച്ച് കുറഞ്ഞാലും അത് മികച്ച ഡീല്‍ ആയിരിക്കും.
കാരണം ഇത്രത്തോളം ആളുകളെ കയറ്റാന്‍ പറ്റുന്ന ഒരു വാഹനമായതിനാല്‍ തന്നെ. മാരുതി ഈക്കോ വാന്‍ ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അത് മറ്റൊന്നുമല്ല ഇതിന്റെ വിലയാണ്. നിലവില്‍ ഈ കാര്‍ വെറും 5.32 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വാങ്ങാം. ഏറ്റവും ഉയര്‍ന്ന വേരിയന്റിന് പോലും വെറും 6.58 ലക്ഷം രൂപ മാത്രമാണ് മുടക്ക് വരുന്നത്. ഇവ എക്സ്ഷോറൂം വിലകളാണെന്ന് ശ്രദ്ധിക്കുക.

മുകളില്‍ പറഞ്ഞ ഘടകങ്ങള്‍ എല്ലാം ചേര്‍ത്ത് തന്നെ ഈ കാര്‍ ആയിരക്കണക്കിന് പേരാണ് ഓരോ മാസവും വാങ്ങുന്നത്. 2024 ഡിസംബറില്‍ മാത്രം 11,678 പേര്‍ മാരുതി സുസുക്കി ഈക്കോ (Maruti Suzuki Eeco Sales) വാങ്ങി. 2023 ഡിസംബറില്‍ വില്‍പ്പന 10,034 യൂണിറ്റായിരുന്നു. ഒരുവര്‍ഷത്തിന് ശേഷം വില്‍പ്പന 1644 യൂണിറ്റ് കൂടിയതാണ്. അതായത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ച കൈവരിച്ചു.
കഴിഞ്ഞ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാലും ഇക്കോയുടെ വില്‍പ്പന ഒരിക്കല്‍ പോലും 10000 യൂണിറ്റിന് താഴെ പോയിട്ടില്ല. 11,985 യൂണിറ്റുകള്‍ വിറ്റ 2024 ഓഗസ്റ്റിലായിരുന്നു പ്രസ്തുത കാലയളവിലെ മികച്ച വില്‍പ്പന. ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഈക്കോയ്ക്ക് നേരിട്ടുള്ള എതിരാളിയില്ല. സീറ്റിംഗ് കപാസിറ്റിയും, മൈലേജും വിലയും കൂടാതെ ഈക്കോയുടെ വമ്പന്‍ വില്‍പ്പനക്ക് ഇതും ഒരു കാരണമാണെന്ന് കരുതാം.


Click it and Unblock the Notifications








