ഒരു യോഗത്തിനുള്ള ആള് കൊള്ളും, മൈലേജോ 27 കി.മീ! 365 ദിവസം കൊണ്ട് വാങ്ങിയത് 1.35 ലക്ഷം പേര്‍
കുറഞ്ഞ വിലയില്‍ കൂടുതല്‍ പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറി വരികയാണ്. കൈയ്യില്‍ നല്ല ക്യാശുള്ളവര്‍ക്ക് 7 സീറ്റര്‍ എസ്‌യുവികളും എംപിവികളുമെല്ലാം വാങ്ങാം. എന്നാല്‍ ഒരു ഹാച്ച്ബാക്ക് കാര്‍ വാങ്ങുന്ന വിലയില്‍ 7 പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാന്‍ മാരുതി സുസുക്കി പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഏഴ് സീറ്റര്‍ വാഹനമായ ഈക്കോ കഴിഞ്ഞ സാമ്പത്തിക വര്‍ഷവും മികച്ച വില്‍പ്പന നേടി. 2024 ഏപ്രില്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ മാരുതി സുസുക്കി ഈക്കോയുടെ വില്‍പ്പന നമുക്ക് വിശദമായി നോക്കാം.
ഐക്കണിക് മോഡലായ ഒംനി വാനിന്റെ പകരക്കാരനായി 2010-ലാണ് ഈക്കോ വാന്‍ പുറത്തിറങ്ങിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മാരുതി ഈക്കോ ഇന്ത്യന്‍ വിപണിയിലെത്തിയിട്ട് 15 വര്‍ഷം തികഞ്ഞിരുന്നു. നിലവില്‍ 5-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ വാഹനം വാങ്ങാന്‍ സാധിക്കും. ഇതുവരെ ഇന്ത്യയില്‍ 12 ലക്ഷത്തിലധികം ഇക്കോ വിറ്റുപോയതായാണ് ജനുവരിയില്‍ മാരുതി അറിയിച്ചിരുന്നത്.

മാരുതി ഈക്കോയുടെ മൊത്തം വില്‍പ്പനയുടെ 63 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ്. കുറഞ്ഞ വിലയില്‍ കൂടുതല്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന മാരുതി സുസുക്കി ഈക്കോ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,35,672 യൂണിറ്റ് വില്‍പ്പന നേടി. 2023-2024 സാമ്പത്തിക വര്‍ഷം വിറ്റ 1,37,139 യൂണിറ്റിനെ അപേക്ഷിച്ച് വില്‍പ്പന അല്‍പ്പം ഇടിഞ്ഞിട്ടുണ്ട്.
ശക്തമായ 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഈക്കോയ്ക്ക് കരുത്ത് പകരുന്നത്. 81 PS പവറും 104 Nm ടോര്‍ക്കും നല്‍കുന്ന ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 72 PS പവറും 95 Nm പീക്ക് ടോര്‍ക്കുമാണ് നല്‍കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് സിഎന്‍ജി പതിപ്പിലും വരുന്നത്.

പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ലിറ്ററിന് 19.71 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. അതേസമയം ഈക്കോ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 26.78 കിലോമീറ്ററാണ്. ഇത് പെര്‍ഫോമന്‍സും മൈലേജും ഒരുപോലെ ആഗ്രഹിക്കുന്നവര്‍ക്ക് ഇക്കോയെ ആകര്‍ഷകമായ ഒരു ചോയ്‌സാക്കി മാറ്റുന്നു
വില കുറവാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും മോശക്കാരനല്ല ഇക്കോ.
ഇതിന് ചാരിയിരിക്കുന്ന മുന്‍ സീറ്റുകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) എന്നിവയുണ്ട്. എളുപ്പത്തിലുള്ള ആക്സസ്സിനായി സ്ലൈഡിംഗ് ഡോറുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 3 സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ഹീറ്റര്‍ തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ട്.

ഈക്കോ 5 കളര്‍ ഓപ്ഷനുകളിലും 13 വ്യത്യസ്ത വേരിയന്റുകളിലും ലഭ്യമാണ്. ഈ വാഹനത്തിന്റെ വില 5.44 ലക്ഷം രൂപ മുതല്‍ 6.70 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. 5, 6 അല്ലെങ്കില്‍ 7 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന ഈക്കോ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നു. കുടുംബങ്ങള്‍ക്ക് മാത്രമല്ല കാര്‍ഗോ വാന്‍ ആയും ആംബുലന്‍സ് ആയുമെല്ലാം ഈക്കോ സേവനമനുഷ്ഠിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായെങ്കിലും സെഗ്‌മെന്റില്‍ ഈക്കോയുടെ ആധിപത്യത്തിന് ഇളക്കമെന്നാം തട്ടിയിട്ടില്ല. കുറഞ്ഞ വില, വ്യത്യസ്ത സീറ്റിംഗ് ഓപ്ഷനുകള്‍, മികച്ച മൈലേജ്, സേഫ്റ്റി എന്നിവ സമന്വയിക്കുന്ന ഈക്കോ നിരവധി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചോയ്‌സായി തുടരുന്നു. ഒരു ഹാച്ച്ബാക്കിന്റെ വിലയില്‍ ഒരു യോഗം കൂടാനുള്ള ആളെ കൊണ്ടുപോകാന്‍ കഴിയുന്ന കാര്‍ തിരയുന്നവര്‍ക്ക് ധൈര്യമായി ഇക്കോ വാന്‍ പരിഗണിക്കാം.


Click it and Unblock the Notifications








