7 പേര്‍ക്ക് സുഖമായി പോകാന്‍ കൂടുതല്‍ 'ചുള'യിറക്കണമെന്ന് മാരുതി! എന്നിട്ടും വില 9 ലക്ഷത്തില്‍ താഴെ
ഹാച്ച്ബാക്ക് ആയാലും എസ്‌യുവിയായാലും എംപിവിയായാലും ഇന്ത്യക്കാര്‍ ആദ്യം നോക്കുക ആ ബോഡിസ്‌റ്റൈലില്‍ മാരുതി കാര്‍ ഉണ്ടോ എന്നായിരിക്കും. മാരുതിക്ക് അത്ര സ്വാധീനമില്ലായിരുന്ന എസ്‌യുവി വിഭാഗത്തില്‍ വരെ അവര്‍ ഇപ്പോള്‍ പിടിമുറുക്കിയിട്ടുണ്ട്. എംപിവി വിഭാഗത്തില്‍ മാരുതിക്ക് ഒന്നിലേറെ മോഡലുകള്‍ ഉണ്ട്. എന്നിരുന്നാലും എര്‍ട്ടിഗയെന്ന ഒറ്റ മോഡല്‍ സെഗ്‌മെന്റില്‍ മൃഗീയാധിപത്യം നല്‍കുന്നു. മാരുതിയുടെ ജനപ്രിയവും രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതുമായ 7 സീറ്റര്‍ കാര്‍ ആണ് എര്‍ട്ടിഗ. ഇനി എര്‍ട്ടിഗ എംപിവി വാങ്ങാന്‍ പ്ലാന്‍ ഇടുന്നവര്‍ കൈയ്യില്‍ അല്‍പ്പം പണം കൂടുതല്‍ കരുതണം. ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഈ കാറിന്റെ എല്ലാ വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചു.
വില വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കാര്‍വാലെയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം എര്‍ട്ടിഗയ്ക്ക് (Maruti Ertiga Price Hike) 12500 രൂപയാണ് കൂടിയിരിക്കുന്നത്. എംപിവിയുടെ നാല് വേരിയന്റുകള്‍ക്കും ഒരേപോലെ വില വര്‍ധിച്ചിട്ടുണ്ട്. പരിഷ്‌കാരങ്ങള്‍ക്ക് ശേഷം എര്‍ട്ടിഗയുടെ പ്രാരംഭ വില ഇപ്പോള്‍ 8.96 ലക്ഷം രൂപയായി. റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില 13.25 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. 2025 ഫെബ്രുവരിയിലും മാരുതി എര്‍ട്ടിഗയുടെ എല്ലാ വേരിയന്റുകളുടെയും വില വര്‍ധിപ്പിച്ചിരുന്നു.

അന്ന് 10,000 രൂപ മുതല്‍ 15,000 രൂപ വരെയായിരുന്നു കമ്പനി വില കൂട്ടിയത്. ഇന്‍പുട് കോസ്റ്റ് കൂടുന്നത് കാരണമാണ് കമ്പനി ഇടക്കിടെ കാറിന്റെ വില പരിഷ്‌കരിക്കുന്നത്. ഈ വര്‍ധന മാരുതി എര്‍ട്ടിഗയുടെ ഡിമാന്‍ഡിനെ ബാധിക്കാന്‍ ഇടയില്ലെന്നാണ് കരുതുന്നത്. മാരുതി പുതിയ ഫീച്ചറുകളോ അപ്ഡേറ്റുകളോ നല്‍കിയിട്ടില്ലെങ്കിലും എര്‍ട്ടിഗ ഇപ്പോഴും അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള 7 സീറ്റര്‍ ഓപ്ഷനായി തുടരുന്നു.
വിശ്വാസ്യത, മൈലേജ്, താങ്ങാനാവുന്ന മെയിന്റനന്‍സ് ചെലവുകള്‍ എന്നിവ കാരണമാണ് മാരുതി എര്‍ട്ടിഗ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ 7 സീറ്റര്‍ എംപിവികളില്‍ ഒന്നായി നിറഞ്ഞ് നില്‍ക്കുന്നത്. ഏറ്റവും പുതിയ വില വര്‍ധനവിന് ശേഷവും എര്‍ട്ടിഗ ഇപ്പോഴും പണത്തിനൊത്ത മൂല്യം നല്‍കുന്ന ഒരു ഓപ്ഷനായി തുടരുന്നു. 2022 മാര്‍ച്ച് 15-നാണ് മാരുതി സുസുക്കി പുതുക്കിയ എര്‍ട്ടിഗ രാജ്യത്ത് അവതരിപ്പിച്ചത്.

LXi, VXi, ZXI എന്നിങ്ങനെ നാല് വേരിയന്റുകളില്‍ എംപിവി വാങ്ങാം. VXI, ZXI എന്നീ രണ്ട് വേരിയന്റുകളില്‍ CNG കിറ്റ് ഓപ്ഷന്‍ ലഭ്യമാണ്. പേള്‍ മെറ്റാലിക് ഓട്ടം റെഡ്, ഡിഗ്‌നിറ്റി ബ്രൗണ്‍, മെറ്റാലിക് മാഗ്മ ഗ്രേ, പേള്‍ മെറ്റാലിക് ഓക്‌സ്‌ഫോര്‍ഡ് ബ്ലൂ, പേള്‍ ആര്‍ട്ടിക് വൈറ്റ്, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ ഏഴ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം.
ഈ താങ്ങാനാവുന്ന വിലയുള്ള എംപിവിയില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍ 103 bhp പവറും 136.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിനോടൊപ്പം സ്റ്റാന്‍ഡേര്‍ഡായി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് വരുന്നത്. അതേസമയം, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനൊപ്പവും വാങ്ങാം.
സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 87 bhp പവറും 121.5 Nm ടോര്‍ക്കും മാത്രമാണ് നല്‍കുന്നതെങ്കിലും ഇന്ധനക്ഷമത കൂടും. മാരുതി എര്‍ട്ടിഗയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം, അതിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 20.3 കിലോമീറ്ററാണ്. സിഎന്‍ജി മോഡില്‍ എര്‍ട്ടിഗ കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.
ഫീച്ചര്‍ വശവും മാരുതി എര്‍ട്ടിഗ ഒട്ടും മോശമല്ല. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള എസി വെന്റുകള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് എംപിവിയില്‍ സജ്ജീകരിച്ച പ്രധാന ഫീച്ചറുകള്‍.

ഈ എംപിവിയില്‍ 7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. അതായത് ചെറിയ കുടുംബങ്ങള്‍ ആണെങ്കില്‍ രണ്ട് കുടുംബങ്ങള്‍ക്ക് വരെ സുഖമായി കയാറാം. വിശാലമായ ഇരിപ്പിടങ്ങള്‍ കൂടാതെ ഉദാരമായ ലഗേജ് സ്്പെയ്സും ഇത് നല്‍കുന്നു. 209 ലിറ്ററാണ് ഇതിന്റെ ബൂട്ട് സപെയ്സ്. മൂന്നാം നിര സീറ്റുകള്‍ മടക്കിയാല്‍ അത് 550 ലിറ്ററായി ഉയര്‍ത്താം.
യാത്രക്കാര്‍ക്കൊപ്പം ധാരാളം ലഗേജും കൊണ്ടുപോകേണ്ട കുടുംബങ്ങള്‍ക്ക് ദൂരയാത്രകളിലും വീക്ക്എന്‍ഡ് ട്രിപ്പുകളിലും മറ്റും ഇത് സൗകര്യപ്രദമായ ഒരു ഓപ്ഷനാണ്. ഇപ്പോള്‍ ചെലവ് കൂടിയിട്ടുണ്ടെങ്കിലും എതിരാളികളായ കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ എന്നിവയെ അപേക്ഷിച്ച് എര്‍ട്ടിഗയ്ക്ക് വില ഇപ്പോഴും കുറവാണ്. അതുകൊണ്ട് തന്നെ എര്‍ട്ടിഗയുടെ വില്‍പ്പന വലിയ തോതില്‍ ഇടിയാന്‍ ഇടയില്ല.
കഴിഞ്ഞ മാസം തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചില മോഡലുകള്‍ക്കും മാരുതി വില കൂട്ടിയിരുന്നു. എന്നാല്‍ അതൊന്നും കമ്പനിയുടെ വില്‍പ്പനയെ ബാധിച്ചിട്ടില്ല. 2025 ഏപ്രിലില്‍ ആകെ 1,79,791 കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2024 ഏപ്രില്‍ മാസത്തെ 1,68,089 യൂണിറ്റുകളെ അപേക്ഷിച്ച് വാര്‍ഷിക വളര്‍ച്ച 7 ശതമാനത്തോളമാണ്. ആഭ്യന്തര വിപണിയില്‍ മാരുതി 1,42,053 യൂണിറ്റുകള്‍ വിറ്റഴിച്ചു. പോയമാസം ടൊയോട്ടക്ക് നല്‍കിയത് 9,827 യൂണിറ്റുകളായിരുന്നു. 27,911 വാഹനങ്ങള്‍ വിദേശ വിപണികളിലേക്ക് കപ്പല്‍ കയറ്റി അയച്ചു.
മാരുതിയുടെ വില്‍പ്പന വിശദമായി നോക്കിയാല്‍ ആള്‍ട്ടോയും എസ്-പ്രെസോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റിന് ഇടിവ് നേരിട്ടു. 12 മാസം മുമ്പ് ഈ മോഡലുകളുടെ വില്‍പ്പന 11,519 യൂണിറ്റായിരുന്നുവെങ്കില്‍ 2025 ഏപ്രിലില്‍ വമ്പന്‍ ഇടിവോടെ 6,332 യൂണിറ്റായി. അതേസമയം ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ഡിസയര്‍, ഇഗ്‌നിസ് തുടങ്ങിയ കാറുകള്‍ ഉള്‍പ്പെടുന്ന കോംപാക്ട് വിഭാഗത്തില്‍ വില്‍പ്പന കൂടിയിട്ടുണ്ട്. 2024 ഏപ്രിലില്‍ 56,953 യൂണിറ്റായിരുന്ന കോംപാക്ട് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം 61,591 യൂണിറ്റായി ഉയര്‍ന്നിട്ടുണ്ട്.

സമീപകാലത്ത് ചെറുകാര്‍ വില്‍പ്പനയിലെ ഇടിവ് മാരുതി മറികടക്കുന്നത് യൂടിലിറ്റി വാഹന വിഭാഗത്തിന്റെ കരുത്തിലാണ്. കഴിഞ്ഞ മാസവും യുവി വിഭാഗം കമ്പനിയുടെ പ്രതീക്ഷ കാത്തു. ഫ്രോങ്ക്‌സ്, ബ്രെസ, എര്‍ട്ടിഗ, ഗ്രാന്‍ഡ് വിറ്റാര, ജിംനി, ഇന്‍വിക്‌റ്റോ എന്നിവയുള്‍പ്പെടുന്ന യൂടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന ഏപ്രിലില്‍ 59,022 യൂണിറ്റ് ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 56,553 യൂണിറ്റില്‍ നിന്ന് തരക്കേടില്ലാത്ത വളര്‍ച്ച രേഖപ്പെടുത്താനായി. ഇതോടൊപ്പം മാരുതിക്ക് കരുത്തായത് കയറ്റുമതിയാണ്. 2024 ഏപ്രിലിലെ 22,160 യൂണിറ്റുകളില്‍ നിന്ന് കയറ്റുമതി 27,911 യൂണിറ്റുകളാക്കി ഉയര്‍ത്താന്‍ സാധിച്ചത് മാരുതിക്ക് സന്തോഷം പകരുന്നു. ആഭ്യന്തര വിപണിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിനൊപ്പം മാരുതിയുടെ കയറ്റുമതി കൂടുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








