നല്ല പേരായിരുന്നു! കന്നി ഇവിക്ക് ഇവിറ്റാര മാറ്റി വായില്‍ കൊള്ളാത്ത പേരിട്ടോ മാരുതി?
ഈ വര്‍ഷം ഏത് കൊലകൊമ്പന്‍ ബ്രാന്‍ഡും ഏത് ലോകോത്തര ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് പറഞ്ഞാലും ഇന്ത്യക്കാര്‍ കാത്തിരിക്കുന്നത് ഒരൊറ്റ മോഡലിനായാണ്. അത് മറ്റേതുമല്ല മാരുതി സുസുക്കി പുറത്തിറക്കാന്‍ പോകുന്ന കന്നി ഇലക്ട്രിക് എസ്‌യുവിയാണ്. ഉത്സവ സീസണില്‍ സെപ്റ്റംബര്‍ ആദ്യ വാരം ഇവിയുടെ വില പ്രഖ്യാപിക്കാന്‍ പോകുകയാണ്. അതിനിടെ കാറിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട സ്‌പൈ ചിത്രം ഇലക്ട്രിക് എസ്‌യുവിയുടെ പേരുമാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. വാഹനത്തിന് 'ഇ-വിറ്റാര' എന്ന് പേര് നല്‍കാനായിരുന്നു ഏറെനാളായി തീരുമാനിച്ചിരുന്നത്. ഇവിറ്റാര മാറി ഇവിക്ക് ലഭിക്കാന്‍ സാധ്യതയുള്ള പേര് എന്താണെന്ന് ചുവടെ വിശദമായി വായിക്കാം.
ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരം ഏറി വരുന്ന സാഹചര്യത്തില്‍ മാരുതി സുസുക്കിയും കുറച്ച സമയമെടുത്താണെങ്കിലും തങ്ങളുടെ ആദ്യ ഇവി വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ്. സുസുക്കി 2024 നവംബറില്‍ നടന്ന EICMA എക്സിബിഷനില്‍ വെച്ചാണ് ഈ കാറിന്റെ കണ്‍സെപ്റ്റ് പതിപ്പായ eVX പ്രൊഡക്ഷന്‍ റെഡി അവതാരത്തില്‍ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന്, 2025 ജനുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ ഇവിറ്റാരയെന്ന പേരില്‍ ഇവി ആഗോള തലത്തില്‍ അരങ്ങേറ്റം കുറിച്ചു.

ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ഇവിറ്റാരയുടെ ലോഞ്ച് നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നല്‍ സാങ്കേതിക കാരണങ്ങളാല്‍ കമ്പനി 2025 സെപ്റ്റംബര്‍ മൂന്നിന് നടക്കുന്ന ഇവന്റില്‍ വെച്ച് ഇലക്ട്രിക് എസ്‌യുവിയുടെ വില പ്രഖ്യാപിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. eVX എന്ന കോഡ് നാമത്തില്‍ അറിയപ്പെട്ടിരുന്ന ഈ വാഹനം ഇന്ത്യയില്‍ എത്തുമ്പോള്‍ 'ഇ-വിറ്റാര' എന്ന പേരില്‍ പുറത്തിറക്കാനായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാരുതി ഈ പേര് മാറ്റാന്‍ സാധ്യതയുണ്ട്. മാരുതി ഇതിനോടകം 'എസ്‌ക്യൂഡോ' എന്ന പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറക്കാന്‍ പോകുന്ന 5 സീറ്റര്‍ കോംപാക്ട് എസ്‌യുവിക്ക് കമ്പനി ഈ പേര് നല്‍കുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന് മാരുതി സുസുക്കി ഇ-വിറ്റാരയ്ക്ക് പകരം 'ഇഎസ്‌ക്യൂഡോ' എന്ന പേര് സമ്മാനിക്കാന്‍ സാധ്യതയുണ്ട്.
തുടക്കത്തില്‍ പറഞ്ഞ പോലെ ഇ-എസ്‌ക്യൂഡോ ബാഡ്ജിംഗുമായി ഒരു മാരുതി സുസുക്കി ഇവി ഗുഡ്ഗാവിലെ മാരുതി പ്ലാന്റിന് സമീപം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു. ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇഎസ്‌ക്യൂഡോയില്‍ 'ഇ' എന്ന അക്ഷരം നീല നിറത്തിലാണ് നല്‍കിയിരിക്കുന്നത്. ഏതായാലും സെപ്റ്റംബറില്‍ വാഹനം പുറത്തിറങ്ങുന്നതിന് മുമ്പ് കമ്പനി ടീസറുകള്‍ പുറത്തുവിടും. അതില്‍ നിന്ന് നമുക്ക് ഫൈനല്‍ പേര് ഉറപ്പിക്കാം.
പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവിയെ കുറിച്ച് പറയുമ്പോള്‍ ഇതിന് Y ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, ഹെഡ്‌ലൈറ്റ് ക്ലസ്റ്റര്‍, എല്‍ഇഡി ലൈറ്റുകള്‍, ബ്ലാക്ക് ക്ലാഡിങ്ങോടുകൂടിയ ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ടാകും. പുറകുവശത്തെ ഡോര്‍ ഹാന്‍ഡിലുകള്‍ സി പില്ലറിലാണ് നല്‍കിയിരിക്കുന്നത്. കൂടാതെ, 18 ഇഞ്ച് എയറോഡൈനാമിക് അലോയ് വീലുകളും ഇതില്‍ ഉണ്ടാകും.

മോഡേണ്‍ ഇവികളോട് കിടപിടിക്കാന്‍ ഫീച്ചര്‍ സമ്പന്നമായ ക്യാബിനായിരിക്കും പുത്തന്‍ കാറില്‍ മാരുതി സുസുക്കി നല്‍കുക. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, 10.1 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, 10 തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) തുടങ്ങിയ ഫീച്ചറുകള്‍ മാരുതിയുടെ കന്നി ഇലക്ട്രിക് കാറില്‍ ഉണ്ടാകും.
49kwh, 61 Kwh എന്നീ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാകും. 2WD, AWD ഓപ്ഷനുകളും സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണങ്ങളും ഇവിയിലുണ്ടാകും. 2WD പതിപ്പില്‍ 142 bhp പവറും 189 Nm ടോര്‍ക്കും, AWD വേരിയന്റില്‍ ഡ്യുവല്‍ മോട്ടോര്‍ സെറ്റപ്പില്‍ 181 bhp പവറും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മോട്ടോറുകളാണ് ഉപയോഗിക്കുക.


Click it and Unblock the Notifications









