'ബോള്‍ട്ടിനേക്കാള്‍' വേഗമാണല്ലോ! ഈ മാരുതി കാര്‍ 2 കൊല്ലം കൊണ്ട് 3 ലക്ഷം വീടുകളില്‍; വിലയും മൈലേജും കാരണം
ബജറ്റ് വിലയില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള എല്ലാം നല്‍കുന്ന കാറുകള്‍ പുറത്തിറക്കിയാണ് മാരുതി സുസുക്കി ഇന്ത്യക്കാരുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടിയത്. മാരുതി 800 എന്ന ഐതിഹാസിക മോഡലില്‍ നിന്ന് തുടങ്ങിയ ആ യാത്ര ഇന്നും വിജയകരമായി തുടരുന്നു. മാരുതി ഓരോ പുതിയ കാറുകള്‍ കൊണ്ടുവരുമ്പോഴും ജനങ്ങള്‍ക്ക് പ്രതീക്ഷ വളരെ കൂടുതലാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രീമിയം ഹാച്ച്ബാക്കായ ബലേനോയെ അടിസ്ഥാനമാക്കി ഒരു ക്രോസ്ഓവര്‍ എസ്‌യുവി മാരുതി കൊണ്ടുവന്നപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. 2023 ഓട്ടോ എക്‌സ്‌പോയില്‍ ജിംനി 5 ഡോറിനൊപ്പമായിരുന്നു ഫ്രോങ്ക്‌സ് എന്ന് പേരിട്ടിരുന്ന ആ കോംപാക്ട് എസ്‌യുവിയുടെ അവതരണം.
വിപണിയില്‍ എത്തിയപ്പോള്‍ ജിംനിയെ കടത്തിവെട്ടി സ്ലീപ്പര്‍ ഹിറ്റായി മാറിയ ഫ്രേങ്ക്‌സ് ഇന്ന് എസ്‌യുവി വിഭാഗത്തില്‍ മാരുതിയുടെ തുറുപ്പുചീട്ടുകളില്‍ ഒന്നാണ്. 2023 ഏപ്രില്‍ മാസമായിരുന്നു മാരുതി ഫ്രോങ്ക്‌സിന്റെ വില പ്രഖ്യാപിച്ചത്. ഇപ്പോള്‍ വെറും രണ്ട് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി കുതിക്കുകയാണ് ഫ്രോങ്ക്‌സ്. ആകര്‍ഷകമായ ഡിസൈന്‍, മികച്ച സവിശേഷതകള്‍, താങ്ങാവുന്ന വിലയില്‍ ഉയര്‍ന്ന മൈലേജ് എന്നിവയുടെ ബലത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഫ്രോങ്ക്‌സ്.

മാരുതി സുസുക്കി വെളിപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച ഫ്രോങ്ക്‌സ് (Maruti Fronx) വെറും 10 മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയും 18 മാസത്തിനുള്ളില്‍ 2 ലക്ഷം യൂണിറ്റ് വില്‍പ്പനയും നേടിയിരുന്നു. ഏറ്റവും വേഗത്തില്‍ ഈ നാഴികക്കല്ലുകള്‍ താണ്ടുന്ന കാറായിരുന്നു ഫ്രോങ്ക്‌സ്. ഇപ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വരുമ്പോള്‍ മാരുതി ഫ്രോങ്ക്‌സ് 3 ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പനയും കൈവരിച്ചതായി നമുക്ക് മനസ്സിലാക്കാം.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി 1,34,735 ഫ്രോങ്ക്‌സ് വിറ്റു. കാറിന്റെ ഡിമാന്‍ഡ് വര്‍ഷം തോറും വര്‍ദ്ധിച്ചുവരികയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന 1,66,216 യൂണിറ്റായി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ആകെ 3,00,951 കാറുകള്‍ വിറ്റഴിച്ചു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 23.36% ആണ്.
ഇന്ത്യയില്‍, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, കിയ സിറോസ്, സ്‌കോഡ കൈലാക് തുടങ്ങിയ കോംപാക്ട് എസ്‌യുവികളുടെ എതിരാളികളെയാണ് മാരുതി സുസുക്കി ഫ്രാങ്ക്‌സ്. മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ബേസ് വേരിയന്റിന്റെ വില 7,52,000 രൂപയാണ്. റേഞ്ച് ടോംപിംഗ് വേരിയന്റിന് 13,04,000 രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഏപ്രില്‍ എട്ട് മുതല്‍ ഫ്രോങ്ക്‌സിന് 2500 രൂപ കൂടാന്‍ പോകുകയാണ്.
കുറഞ്ഞ വില കൊണ്ട് മാത്രമല്ല മികച്ച ഫീച്ചറുകളും കിടിലന്‍ മൈലേജുമെല്ലാം നല്‍കുന്ന കാര്‍ എന്ന നിലയില്‍ കൂടിയാണ് ഫ്രോങ്ക്‌സ് ഹിറ്റടിച്ചത്. ഈ കാറില്‍ 9 ഇഞ്ച് HD സ്മാര്‍ട്ട്‌പ്ലേ പ്രോ+ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, അര്‍കാമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം, 360-ഡിഗ്രി വ്യൂ ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനോടുകൂടിയ ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയുണ്ട്.

മാരുതിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിച്ചിരിക്കുന്ന ഈ കാറില്‍ 6 എയര്‍ബാഗുകള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റും റോള്‍ഓവര്‍ മിറ്റിഗേഷനുമുള്ള ഇഎസ്പി, 3-പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റുകള്‍, ഇബിഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എബിഎസ്, ISOFIX ചെല്‍ഡ് സീറ്റ് മൗണ്ടുകള്‍ തുടങ്ങിയ സുരക്ഷാ സവിശേഷതകളുണ്ട്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഫ്രോങ്ക്‌സ് വാങ്ങാം.
1.2 ലിറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍-വിവിടി പെട്രോള്‍ എഞ്ചിന്‍ 89.73 PS പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. രണ്ടാമത്തെ 1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എഞ്ചിന്‍ 100.06 PS പവറും 147.6 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.2 ലിറ്റര്‍ എഞ്ചിന്‍ 5-സ്പീഡ് MT അല്ലെങ്കില്‍ 5-സ്പീഡ് AMT സഹിതമാണ് വരുന്നത്.

1.0 ലിറ്റര്‍ എഞ്ചിനില്‍ 5-സ്പീഡ് MT, 6-സ്പീഡ് AT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ട്. ഫ്രോങ്ക്‌സിന്റെ സിഎന്‍ജി പതിപ്പില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം വരുന്നു. 1.2 ലിറ്റര്‍ എഞ്ചിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലിറ്ററിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 22.89 കിലോമീറ്ററുമാണ് മൈലേജ് അവകാശപ്പെടുന്നത്.
1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന്‍ മാനുവലിനൊപ്പം 21.5 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 20.01 കിലോമീറ്ററും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അതേസമയം കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. ഇതേ നിലയിലാണെങ്കില്‍ മാരുതിയുടെ മറ്റ് ഐതിഹാസിക മോഡലുകള്‍ പോലെ ഫ്രോങ്ക്‌സും ചരിത്രത്തില്‍ ഇടംപിടിക്കും. മാരുതിയുടെ ഇന്‍-ഹൗസ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഫ്രോങ്ക്‌സ് ഹൈബ്രിഡും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications








