വെറും 15% പെട്രോളില്‍ ഓടുന്ന മാരുതിയുടെ അത്ഭുത വാഹനം! ! E20 അല്ല, E85 വന്നാല്‍ കുലുങ്ങൂല...
2025 ജാപ്പാന്‍ മൊബിലിറ്റി ഷോയില്‍ പ്രമുഖ ബ്രാന്‍ഡുകള്‍ പുത്തന്‍ വാഹനങ്ങള്‍ക്കൊപ്പം ഭാവിയില്‍ വരാന്‍ പോകുന്ന ഒരുപിടി ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പുറമെ വൈദ്യുതി, ഹൈഡ്രജന്‍, ബയോഗ്യാസ് എന്നിങ്ങനെ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റ് പതിപ്പുകളും ഷോയില്‍ എത്തിയിട്ടുണ്ട്. രാജ്യത്ത് എത്താന്‍ ഏറെ സാധ്യത കൂടുതലായതിനാല്‍ സുസുക്കിയുടെ സ്റ്റാളിലാണ് ഇന്ത്യക്കാര്‍ കൂടുതലും കണ്ണുവെച്ചത്. ഇപ്പോള്‍ ജപ്പാന്‍ മൊബിലിറ്റി ഷോ വേദിയില്‍ ഫ്രോങ്ക്‌സ് എസ്‌യുവിയുടെ ഫ്ലെക്‌സ്-ഫ്യുവല്‍ പതിപ്പ് (Maruti Suzuki Fronx Flex Fuel) അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി.
ഫ്രോങ്ക്‌സ് E85 FFV എന്നാണ് ഈ മോഡലിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ഈ ഒരു വാഹനത്തിന്റെ പ്രത്യേകത എന്തെന്നാല്‍ എഥനോള്‍ കലര്‍ന്ന പെട്രോള്‍ കൊണ്ട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഇതിനെ ഏശില്ല എന്നതാണ്. കാരണം ഈ വാഹനത്തില്‍ 85% വരെ എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ധനത്തില്‍ വെറും 15% പെട്രോള്‍ മാത്രം മതി.

പെട്രോളിന്റെ അളവ് കുറച്ച് മതി എന്നതിനാല്‍ സാധാരണ പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തനച്ചെലവ് കുറവായിരിക്കും. ഫ്രോങ്ക്‌സ് FFV കണ്‍സെപ്റ്റിന്റെ എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകള്‍ മാരുതി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 20% മുതല്‍ 85% വരെ എഥനോള്‍ കലര്‍ന്ന പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ ഈ യൂണിറ്റിന് സാധിക്കും. അതായത് ഇപ്പോള്‍ രാജ്യത്ത് ലഭിക്കുന്ന E20 പെട്രോളിലും, ഭാവിയില്‍ E85 പെട്രോള്‍ ലഭ്യമാകുമ്പോള്‍ അതിലും ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവലിന് ഓടാന്‍ സാധിക്കും.
അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും രാജ്യത്തെ കര്‍ഷകരെ സഹായിക്കാനുമായാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോളില്‍ 30% എഥനോള്‍ കലര്‍ത്താന്‍ പോകുകയാണ്. അതിന് ശേഷം അതിലും ഉയര്‍ന്ന അനുപാതത്തിലേക്ക് എത്താനുമുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.
വാഗണ്‍ആര്‍ ഫ്ലെക്‌സ്-ഫ്യുവല്‍ കണ്‍സെപ്റ്റില്‍ കണ്ടതുപോലെ, ഫ്രോങ്ക്‌സ് ഫ്‌ലെക്‌സ്-ഫ്യുവലില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്റെ പരിഷ്‌കരിച്ച പതിപ്പ് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകള്‍ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും, ഇത് E85 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. E85 മോഡലുകള്‍ ബെന്‍സീന്‍ പോലുള്ള വിഷാംശമുള്ള പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
വാഹനം E85 ഇന്ധനത്തിന് അനുസൃതമാക്കി മാറ്റാന്‍ ഫ്യുവല്‍ ടാങ്ക്, ഫ്യുവല്‍ ലൈനുകള്‍, ഹോസുകള്‍, ഫ്യുവല്‍ പമ്പുകള്‍, ഇന്‍ജക്ടറുകള്‍, സീലുകള്‍, ഗാസ്‌കറ്റുകള്‍ എന്നിവയ്ക്ക് എഥനോള്‍ പ്രതിരോധശേഷിയുള്ള വസ്തുക്കള്‍ ആവശ്യമാണ്. E85 ഇന്ധനത്തിന്റെ ഒക്ടേന്‍ റേറ്റിംഗ് 100-110 ആണ്. ഇത് ടര്‍ബോചാര്‍ജ്ഡ് സംവിധാനങ്ങളില്‍ ഉയര്‍ന്ന കംപ്രഷന്‍ അനുപാതവും കൂടുതല്‍ ബൂസ്റ്റും അനുവദിക്കുന്നു. ഈ സംവിധാനം എഞ്ചിന്റെ തേയ്മാനം കുറയ്ക്കുമെന്നും പറയപ്പെടുന്നു.

ഫ്ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളില്‍ ഇസിയു കൂടുതല്‍ സങ്കീര്‍ണ്ണമാണ്, വിതരണം ചെയ്യുന്ന ഇന്ധനത്തിലെ എഥനോള്‍ അളവ് നിര്‍ണയിക്കാനും അതിന് അനുസരിച്ച് എഞ്ചിന്‍ പാരാമീറ്ററുകള്‍ ക്രമീകരിക്കാനും കഴിയും. ഇത് എഥനോള്‍ മിശ്രിതം ഇന്ധനത്തിന്റെ ശുദ്ധമായ ജ്വലനം ഉറപ്പാക്കുകയും പരമാവധി പ്രകടനവും ഇന്ധനക്ഷമതയും പുറത്തെടുക്കുകയും ചെയ്യുന്നു.
മാരുതി സുസുക്കി ഫ്രോങ്ക്‌സ് നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ആദ്യത്തെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ 89.73 PS പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് എഎംടി ട്രാന്‍സ്മിഷനോടുകൂടിയാണ് വരുന്നത്.
ഈ എഞ്ചിന്‍ ബൈ-ഫ്യുവല്‍ പതിപ്പില്‍ ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടൊപ്പം മാത്രമേ ലഭ്യമാകൂ. രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ആണ്. ഇത് 100.06 PS പവറും 147.6 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.
മാരുതി ഫ്രോങ്ക്‌സ് ഫ്‌ലെക്‌സ് ഫ്യുവലിന്റെ പ്രൊഡക്ഷന്‍ സ്‌പെക് അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. അധിക ഭാഗങ്ങളും മാറ്റങ്ങളും ഉള്ളതുകൊണ്ട്, E85 മോഡലുകള്‍ സാധാരണയായി പെട്രോള്‍ മോഡലുകളെക്കാള്‍ വിലകൂടിയതായിരിക്കും. നിലവില്‍ ഇന്ത്യയില്‍ E2O ഇന്ധനത്തിന്റെ കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇവയെല്ലാം പരിഗണിച്ചായിരിക്കും കമ്പനി ഫ്രോങ്ക്‌സ് E85 FFV യാഥാര്‍ത്ഥ്യമാക്കുക.


Click it and Unblock the Notifications








