സര്‍ക്കാര്‍ പെട്രോളില്‍ എത്ര വേണമെങ്കിലും എഥനോള്‍ കലര്‍ത്തിക്കോട്ടെ, ഈ മാരുതി വാങ്ങിയാല്‍ പ്രശ്‌നമില്ല
ആഗോള താപനം നിമിത്തം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് സുസ്ഥിരമായ ബദല്‍ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ്. സര്‍ക്കാറുകളുടെ പ്രോത്സാഹനത്തോടെ വണ്ടിക്കമ്പനികള്‍ ഇത്തരത്തില്‍ ബദല്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ മോഡലുകള്‍ വികസിപ്പിക്കുന്നു. ഇപ്പോള്‍ വാഹന നിര്‍മ്മാണ രംഗത്ത് പുതിയ അധ്യായം കുറിക്കുകയാണ് മാരുതി സുസുക്കി. ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ ഒമ്പത് വരെ നടക്കുന്ന 2025 ജപ്പാന്‍ മൊബിലിറ്റി എക്‌സ്‌പോയില്‍ പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവല്‍ കാര്‍ കമ്പനി പ്രദര്‍ശിപ്പിക്കും.
ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പായി കമ്പനി കാറിന്റെ ഡിസൈനും ബോഡി ഗ്രാഫിക്‌സും വെളിപ്പെടുത്തുന്ന ചിത്രം പുറത്തുവിട്ടു. ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവല്‍ മോഡലിന്റെ മൊത്തത്തിലുള്ള സിലൗറ്റും ഡിസൈനും ക്രോസ്ഓവര്‍ എസ്‌യുവിയുടെ ഐസിഇ പതിപ്പിന് സമാനമാണ്. ഡിസൈന്‍ വശം നോക്കുമ്പോള്‍ ബോണറ്റിലെയും ഡോറുകളിലെയും സൈഡ് പ്രൊഫൈലിലെയും മഞ്ഞ സ്റ്റിക്കറുകളും ഗ്രാഫിക്‌സും ഇതിനെ വ്യത്യസ്തമാക്കുന്നു.

കോംപാക്റ്റ് ക്രോസ്ഓവറില്‍ ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും ക്രോം ഡീറ്റെയിലിംഗും ഉള്ള അതേ സ്‌പോര്‍ട്ടി ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, കറുത്ത 17 ഇഞ്ച് മള്‍ട്ടി-സ്‌പോക്ക് അലോയ് വീലുകള്‍, സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, കട്ടിയുള്ള ബ്ലാക്ക് ക്ലാഡിംഗ്, റെയ്‌സിംഗ് വെയിസ്റ്റ്‌ലൈന്‍, ചരിഞ്ഞ റൂഫ് എന്നിവ ഫ്ലെക്‌സ് ഫ്യുവല്‍ മോഡലിലും കാണാം. മാരുതി ഫ്രോങ്ക്‌സ് ഫെ്‌ലക്‌സ് ഫ്യുവലിന്റെ എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകള്‍ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
മാരുതിയുടെ 1.2 ലിറ്റര്‍, 1.5 ലിറ്റര്‍ എഞ്ചിനുകള്‍ പൂര്‍ണമായും ഫ്ലെക്‌സ് ഫ്യുവലില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ്. നിലവിലുള്ള 1.2 ലിറ്റര്‍ എഞ്ചിന്‍ നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന E20 പെട്രോളില്‍ മാത്രമല്ല, ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 1.5 ലിറ്റര്‍ എഞ്ചിന്‍ പൂര്‍ണമായും പെട്രോള്‍ ഇല്ലാതെ, എഥനോളില്‍ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയും.
മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റിലാണ് ഫ്രോങ്ക്‌സ് കാറുകള്‍ നിര്‍മിക്കുന്നത്. ഇവിടെ നിന്നാണ് സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലേക്കടക്കം കയറ്റുമതി ചെയ്യുന്നത്. അതിനാല്‍, ജപ്പാനില്‍ പ്രദര്‍ശിപ്പിച്ച മോഡല്‍ ഭാവിയില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്ന് പ്രതീക്ഷിക്കാം. ഈ സാമ്പത്തിക വര്‍ഷം തന്നെ ഫ്ലെക്‌സ് ഫ്യുവല്‍ വാഹനങ്ങളുടെ ഉത്പാദനം മാരുതി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനു പുറമെ, ബയോ ഗ്യാസ് ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ മാരുതി നിലവില്‍ ക്ഷീര സഹകരണ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
ഫ്ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനൊപ്പം, അവയ്ക്കാവശ്യമായ ഇന്ധനം ലഭ്യമാക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തുന്നുണ്ട്. നിലവില്‍ പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തിയ E20 ഫ്യുവല്‍ ആണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാല്‍ പെട്രോളില്‍ 85% വരെ എഥനോള്‍ കലര്‍ത്താന്‍ സാധ്യതയുണ്ട്.

എത്ര അളവില്‍ എഥനോള്‍ കലര്‍ത്തിയാലും പുതിയ ഫ്ലെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. എഥനോള്‍ കലര്‍ത്തുന്നത് വാഹനങ്ങളുടെ മൈലേജിനെ ബാധിക്കുന്നുവെന്ന പരാതികള്‍ ഇപ്പോള്‍ വ്യാപകമാണ്. E20 പെട്രോളിന് അനുസൃമായി രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത വാഹനങ്ങളില്‍ അവ നിറയ്ക്കുന്നത് നല്ലതല്ലെന്ന് ചില കമ്പനികളും ചൂണ്ടിക്കാട്ടിയിരുന്നു. മാരുതി ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവല്‍ വാഹനം അവതരിപ്പിക്കുന്നതോടെ ഈ ആശങ്കകള്‍ക്ക് പരിഹാരമാകും.
എഥനോളിന് ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. ഇത് വാഹനങ്ങളിലെ ഫ്യുവല്‍ ലൈനുകളില്‍ നാശമുണ്ടാക്കാം. പ്രത്യേകിച്ച് റബ്ബര്‍ ഭാഗങ്ങളെയാണ് ബാധിക്കുക. എഥനോളിനെ പ്രതിരോധിക്കുന്ന ലോഹങ്ങള്‍ ഉപയോഗിച്ച് ഫ്യുവല്‍ ലൈനുകളും എഞ്ചിന്‍ ഭാഗങ്ങളും നിര്‍മ്മിച്ചാല്‍ ഈ പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കും. 2026 മാര്‍ച്ചോടെ ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഫ്ലെക്‌സ് ഫ്യുവല്‍ വാഹനം (FFV) അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു.

ഇത് മാരുതി വാഗണ്‍ആര്‍ ഫ്ലെക്‌സ് ഫ്യുവലോ അല്ലെങ്കില്‍ ഫ്രോങ്ക്‌സ് ഫ്ലെക്‌സ് ഫ്യുവലോ ആകാം. വാഗണ്‍ആറിന്റെ ഫ്ലെക്‌സ് ഫ്യുവല്‍ പതിപ്പ് 2023 ഓട്ടോ എക്സ്പോയിലും 2024 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഫ്ലെക്‌സ് ഫ്യുവല്‍ സാങ്കേതികവിദ്യ ഇന്ത്യന്‍ വാഹന വിപണിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ശോഭനമായ ഭാവി നല്‍കുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








