28 Km മൈലേജുള്ള എസ്‌യുവിയുടെ ബേസ് വേരിയന്റിലും ഇനി 6 എയര്‍ബാഗ്! വില ചെറുതായി കൂട്ടിയെന്ന് മാരുതി
ഇടിച്ചാല്‍ പപ്പടമാകുന്ന കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയെന്ന ദുഷ്‌പേര് മൊത്തത്തില്‍ മായ്ക്കാനുള്ള അതിതീവ്ര ശ്രമത്തിലാണ് മാരുതി സുസുക്കി. തങ്ങളുടെ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കമ്പനി തങ്ങളുടെ എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സുരക്ഷാ അപ്ഡേഷന്‍ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുന്നത്. ആദ്യം അവര്‍ അരീന നിരയിലാകെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കി. തുടക്കത്തില്‍ ആള്‍ട്ടോ K10, സെലെറിയോ പോലുള്ള ചെറിയ മോഡലുകളില്‍ ഈ മാറ്റം വരുത്തിയിരുന്നു. ഇപ്പോള്‍ പ്രീമിയം മോഡലുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് എര്‍ട്ടിഗ, ബലേനോ, XL6 എന്നീ മോഡലുകളുടെ ബേസ് വേരിയന്റുകളില്‍ വരെ 6 എയര്‍ബാഗുകള്‍ നല്‍കിയത്. ഏറ്റവും ഒടുവില്‍ ഈ മാറ്റം വരുത്തിയിരിക്കുന്നത് ജനപ്രിയ ക്രോസ്ഓവര്‍ എസ്‌യുവിയായ ഫ്രോാങ്ക്‌സിലാണ്. ഈ അപ്ഡേഷനോടൊപ്പം വാഹനത്തിന്റെ എക്‌സ്-ഷോറൂം വിലയില്‍ 0.5% വര്‍ധനവ് വരുത്തിയിട്ടുണ്ട്. മാരുതി ഫ്രോങ്ക്‌സിന്റെ വിലയിലെ മാറ്റവും മറ്റ് വിശേഷങ്ങളും ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

തങ്ങളുടെ എല്ലാ മോഡലുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കുമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. മാരുതി സുസുക്കി അരീന നിരയില്‍ സ്വിഫ്റ്റ്, ഡിസയര്‍, ബ്രെസ എന്നിവയ്‌ക്കൊപ്പം ആള്‍ട്ടോ, സെലേറിയോ, വാഗണ്‍ആര്‍, ഇക്കോ എന്നീ മോഡലുകളില്‍ മെയ് മാസത്തിലാണ് 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി ചേര്‍ത്തത്. എന്നാല്‍, ഇഗ്‌നിസ്, എസ്-പ്രെസോ എന്നീ മോഡലുകള്‍ക്ക് ഇതുവരെ ഈ സുരക്ഷാ അപ്ഡേറ്റ് ലഭിച്ചിട്ടില്ല.
ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി മാരുതി നിര്‍മിച്ച കോംപാക്ട് എസ്‌യുവിയാണ് ഫ്രോങ്ക്‌സ്. 2023 ഓട്ടോ എക്‌സ്‌പോയില്‍ ജിംനി 5 ഡോര്‍ എസ്‌യുവിക്കൊപ്പമായിരുന്നു ഇതിന്റെ അരങ്ങേറ്റം. ജിംനി കമ്പനിയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഉയരാതിരുന്നപ്പോള്‍ ഫ്രോങ്ക്‌സ് സര്‍പ്രൈസ് ഹിറ്റായി മാറി.
സേഫ്റ്റി കൂട്ടിയതല്ലാതെ കാറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നുമില്ല.
6 എയര്‍ബാഗുകള്‍ക്ക് പുറമെ സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, റിയര്‍ വ്യൂ കാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇബിഡിയോട് കൂടിയ എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, 3-പോയിന്റ് ഇഎല്‍ആര്‍ സീറ്റ് ബെല്‍റ്റ്, റിയര്‍ ഡിഫോഗര്‍, ആന്റി തെഫ്റ്റ് സെക്യൂരിറ്റി സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് തുടങ്ങിയ ലോഡ്-ലിമിറ്റര്‍ സീറ്റ്‌ബെല്‍റ്റ് പ്രീ-ടെന്‍ഷനര്‍, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം, സ്പീഡ് അലേര്‍ട്ട് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉണ്ട്.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍ റാപ്ഡ് സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 6-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ കളര്‍ഡ് MID, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ എസി വെന്റ്‌സ്, ഫാസ്റ്റ് യുഎസ്ബി ചാര്‍ജിംഗ് പോയിന്റ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, റിയര്‍ വ്യൂ കാമറ, 9-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ട്.

സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വേരിയന്റുകളിലും ആര്‍ട്ടിക് വൈറ്റ്, ഒപ്പുലന്റ് റെഡ്, എര്‍ത്തണ്‍ ബ്രൗണ്‍, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, സെലസ്റ്റിയല്‍ ബ്ലൂ, ബ്ലൂയിഷ് ബ്ലാക്ക്, ഗ്രാന്‍ഡിയര്‍ ഗ്രേ എന്നീ ഏഴ് കളര്‍ ഓപ്ഷനുകളിലും കോംപാക്റ്റ് ക്രോസ്ഓവര്‍ ലഭ്യമാണ്. ഡ്യുവല്‍-ടോണ്‍ ഷേഡുകള്‍ സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, എര്‍ത്തണ്‍ ബ്രൗണ്‍, ഒപ്പുലന്റ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
ഫ്രോങ്ക്‌സ് മൂന്ന് പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്. ആദ്യത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 99 PS പവറും 148 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. രണ്ടമത്തെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 89 PS പവറും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 5-സ്പീഡ് മാനുവല്‍/5-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇതിനോടൊപ്പം തെരഞ്ഞെടുക്കാം.

ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഫ്രോങ്ക്‌സ് വരുന്നു. സിഎന്‍ജി മോഡില്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ 76 PS പവറും 99 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് ഫ്രോങ്ക്‌സ് സിഎന്‍ജി വാങ്ങാന്‍ സാധിക്കുക. കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് സിഎന്‍ജി പതിപ്പിന്റെ ക്ലെയിംഡ് മൈലേജ്. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പുകള്‍ 20.01 കിലോമീറ്റര്‍ മുതല്‍ 22.89 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
ഈ അപ്ഡേറ്റിനൊപ്പം മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വില പരിഷ്‌കരിച്ചിട്ടുണ്ട്. ഫ്രോങ്ക്സിന്റെ പ്രീ-അപ്ഡേറ്റ് എക്സ്-ഷോറൂം വിലയുടെ 0.5% വരെയാണ് വില കൂട്ടിയിരിക്കുന്നത്. വില വര്‍ധനവ് ഉടനടി പ്രാബല്യത്തില്‍ വരും. 2 എയര്‍ബാഗുകള്‍ക്ക് പകരം 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്താനുള്ള ഇന്‍പുട്ട് ചെലവുകള്‍ കാരണമാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതരായത്. ചെറിയ വില വര്‍ധനവാണെങ്കിലും പണത്തിനൊത്ത മൂല്യം നല്‍കുന്ന കാറിന് 6 എയര്‍ബാഗ് കൂടി ലഭിക്കുന്നത് വില്‍പ്പന ഉയര്‍ത്താനായിരിക്കും ഉപകരിക്കുക.


Click it and Unblock the Notifications








