40KM മൈലേജ് തരുന്ന മാരുതി ഏകദേശം റെഡി! എപ്പോള്‍ പുറത്തിറങ്ങുമെന്ന് അറിയണ്ടേ?
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി മാസാമാസം ആയിരക്കണക്കിന് കാറുകളാണ് നിര്‍മിച്ച് വില്‍ക്കുന്നത്. നിലവില്‍ പെട്രോള്‍, സിഎന്‍ജി, ഹൈബ്രിഡ് പവര്‍ട്രെയിനുകളിലുള്ള കാറുകള്‍ മാരുതി വിപണനം ചെയ്യുന്നു. എന്നാല്‍, മാരുതി സുസുക്കിക്ക് സ്വന്തമായി സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റം ഇല്ല. വാഹനങ്ങളും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാനായി ടൊയോട്ടയുമായി തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പെട്ട കമ്പനി ജാപ്പനീസ് ബ്രാന്‍ഡിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. നിലവില്‍ മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, പുതുതായി പുറത്തിറക്കിയ വിക്ടോറിസ് തുടങ്ങിയ മോഡലുകളില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭ്യമാണ്.
മാരുതി സ്വന്തമായി ഒരു ഹൈബ്രിഡ് സിസ്റ്റം വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാരുതി സുസുക്കിയുടെ സ്വന്തം ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന കാര്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാരുതി സുസുക്കി ഫ്രോങ്ക്‌സ് (Maruti Suzuki Fronx) എസ്‌യുവിയിലൂടെയാണ് മാരുതിയുടെ ഇന്‍-ഹൗസ് ഹൈബ്രിഡ് സിസ്റ്റം അരങ്ങേറുക.

2027 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ നിലവില്‍ വിപണിയിലുള്ള ഫ്രോങ്ക്‌സ് കോംപാക്ട് എസ്‌യുവിയെ ഹൈബ്രിഡ് സാങ്കേതികവിദ്യയോടെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, ഫ്രോങ്ക്‌സ് ഹൈബ്രിഡ് ഉടനടി വിപണിയിലെത്താന്‍ സാധ്യതയില്ല. 2027 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കോര്‍പ്പറേറ്റ് ഫ്യുവല്‍ എഫിഷ്യന്‍സി (CAFÉ) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം വാഹന നിര്‍മാതാക്കളെ കാറുകളുടെ ശരാശരി മൈലേജ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.
ഇത് കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനും സഹായിക്കും. പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിച്ചാണ് സ്‌ട്രോംഗ് ഹൈബ്രിഡ് സെറ്റപ്പിന്റെ പ്രവര്‍ത്തനം. കുറഞ്ഞ വേഗതയില്‍ ഇലക്ട്രിക് പവറില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ വാഹനങ്ങള്‍ ഉയര്‍ന്ന വേഗതയിലെത്തുമ്പോള്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു. ഇത് ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മാരുതി നിലവില്‍ സ്വന്തമായി വികസിപ്പിക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്നാണ് സൂചനകള്‍. മാരുതിയുടെ Z-സീരീസ് 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ പുത്തന്‍ ഹൈബ്രിഡ് സംവിധാനം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വിഫ്റ്റ്, ഡിസയര്‍ തുടങ്ങിയ മോഡലുകളിലും ഇതേ എഞ്ചിന്‍ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഭാവിയില്‍ ഈ ജനപ്രിയ മോഡലുകളിലും സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
മിക്കവാറും ഫ്രോങ്ക്‌സില്‍ സീരീസ് ഹൈബ്രിഡ് സജ്ജീകരണമായിരിക്കും നല്‍കുക. സീരീസ് ഹൈബ്രിഡില്‍ ഇലക്ട്രിക് മോട്ടോറുകളാണ് വീലുകള്‍ക്ക് പവര്‍ നല്‍കുന്നത്. ഈ സജ്ജീകരണത്തില്‍ ബാറ്ററികള്‍ പവര്‍ ചെയ്യാനാണ് എഞ്ചിന്‍ ഉപയോഗിക്കുന്നത്. അത് ക്രോസ്ഓവര്‍ എസ്യുവിയുടെ ഇന്ധനക്ഷമതയും വര്‍ധിപ്പിക്കും. നിലവില്‍ ഫ്രോങ്ക്സിന്റെ മാനുവല്‍ പതിപ്പുകള്‍ ലിറ്ററിന് 21.79 കിലോമീറ്ററും എഎംടി വേരിയന്റുകള്‍ ലിറ്ററിന് 22.89 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

ചെറിയ കാറുകളില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യ വരുന്നതോടെ ലിറ്ററിന് 40 കിലോമീറ്റര്‍ മൈലേജ് ലഭിച്ചാലും അത്ഭുതപ്പെടാനില്ല. ചുരുങ്ങിയത് ലിറ്ററിന് 35 കിലോമീറ്റര്‍ എങ്കിലും മൈലേജ് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സ്വന്തമായി ഹൈബ്രിഡ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലൂടെ ടൊയോട്ടയെ ആശ്രയിക്കുന്നത് മാരുതിക്ക് ഒഴിവാക്കാനാകും. മാത്രമല്ല മറ്റ് കമ്പനികള്‍ക്ക് ഈ സാങ്കേതികവിദ്യ വില്‍ക്കാനും മാരുതിക്ക് സാധിച്ചേക്കും.
ഇന്ത്യയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ച് വരികയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന 41,477 യൂണിറ്റ് ആയിരുന്നത് 2024-ല്‍ എത്തിയപ്പോള്‍ 90,460 യൂണിറ്റ് ആയി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,04,800 കാറുകള്‍ കൂടി വിറ്റഴിച്ചതോടെ ട്രെന്‍ഡ് വ്യക്തമാണ്. പെട്രോള്‍ വില കുറയാത്തതും ഇവി അടിസ്ഥാന സൗകര്യ വികസനങ്ങളുടെ മെല്ലെപ്പോക്കും റേഞ്ച് ഉത്കണ്ഠയുമെല്ലാം കാരണം വലിയൊരു വിഭാഗം ഇവി വാങ്ങാന്‍ മടിക്കുന്നു.
ഇന്ധനവില വർധനവിൽ നിന്ന് രക്ഷനേടാനായാണ് പലരും ഹൈബ്രിഡുകളിലേക്ക് തിരിയുന്നത്. നിലവില്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകളില്‍ മാത്രമാണ് ഹൈബ്രിഡ് സംവിധാനം ലഭ്യമാകുന്നത്. താരതമ്യേന കുറഞ്ഞ വിലയുള്ള കാറുകളില്‍ സ്വന്തമായി വികസിപ്പിച്ച ഹൈബ്രിഡ് സംവിധാനം കൂടി നല്‍കുമ്പോള്‍ മാരുതിക്ക് അക്രമണാത്മകമായ വില നിര്‍ണയം നടത്താന്‍ സാധിക്കും. സ്വിഫ്റ്റ്, ഡിസയര്‍ പോലുള്ള മാസ് മാര്‍ക്കറ്റ് കാറുകളില്‍ ഹൈബ്രിഡ് ഓപ്ഷന്‍ കൂടി ലഭിച്ചാല്‍ അവയുടെ വില്‍പ്പന റോക്കറ്റ് പോലെ ഉയരുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








