28 കി.മീ മൈലേജുള്ള മാരുതി എസ്‌യുവിക്ക് കൂടുന്നത് അരലക്ഷത്തിലേറെ! ഇനി ഒട്ടും സമയം കളയാനില്ല
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ചില ജനപ്രിയ മോഡലുകള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ആഴ്ച കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ എട്ട് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകള്‍, പ്രവര്‍ത്തന ചെലവുകള്‍, ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ കാരണം വില വര്‍ധിപ്പിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതായി ഇന്നലെയാണ് മാരുതി റഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചത്. ഗ്രാന്‍ഡ് വിറ്റാര , ഈക്കോ, വാഗണ്‍ ആര്‍, എര്‍ട്ടിഗ, എക്‌സ്എല്‍ 6, ഡിസയര്‍ ടൂര്‍ എസ്, ഫ്രോങ്ക്‌സ് തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടെ നിരവധി മോഡലുകളെ ഈ മാറ്റം ബാധിക്കും.
ഓരോ വാഹനത്തിനും വില വര്‍ദ്ധനവ് വ്യത്യാസപ്പെടുന്നു. വെറും 2500 രൂപ മാത്രം കൂടിയ കോംപാക്ട് എസ്‌യുവിയായ ഫ്രോങ്ക്‌സിനാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവ് ലഭിച്ചത്. അതേസമയം ഏറ്റവും കൂടുതല്‍ വില കൂടിയിരിക്കുന്നത് മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയ്ക്കാണ്. അരലക്ഷത്തിലേറെ രൂപയാണ് ജനപ്രിയ കാറിന് കൂടിയിരിക്കുന്നത്. 2025 ഏപ്രില്‍ എട്ടിന് ശേഷം ഗ്രാന്‍ഡ് വിറ്റാരയ്ക്ക് എത്ര രൂപ അധികം മുടക്കേണ്ടി വരുമെന്ന് നമുക്ക് വിശദമായി നോക്കാം.

2022 സെപ്റ്റംബറിലാണ് ബ്രെസയ്ക്ക് മുകളിലായി ഒരു കോംപാക്ട് എസ്‌യുവി മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. മാരുതി സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് ഈ എസ്‌യുവി നിര്‍മിച്ചത്. ഇതേ കാറിന്റെ ടൊയോട്ട കസിന്‍ മോഡല്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്നു. ഹൈറൈഡറും ഗ്രാന്‍ഡ് വിറ്റാരയും ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്നു.
ഗ്രാന്‍ഡ് വിറ്റാരയില്‍ 3 എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാകും. ആദ്യത്തെ 1.5 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ എസ്യുവിക്ക് 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും ലഭിക്കുന്നു. അതേസമയം, ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് വിറ്റാരയുടെ 1.5 ലിറ്റര്‍ പെട്രോള്‍ സിഎന്‍ജി വേരിയന്റും വാങ്ങാം.

മാരുതി ഗ്രാന്‍ഡ് വിറ്റാരയെ ജനപ്രിയമാക്കുന്ന ഘടകം അതിലെ ഹൈബ്രിഡ് പവര്‍ട്രെയിനാണ്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര 103 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K15C മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.
അതേസമയം 115 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഇ-സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജി 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം മാത്രമാണ് വാങ്ങാന്‍ സാധിക്കുക. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എസ്യുവികളില്‍ ഒന്നാണ് ഗ്രാന്‍ഡ് വിറ്റാര. ഗ്രാന്‍ഡ് വിറ്റാരയില്‍ സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനാണ് ഏറ്റവും കൂടുതല്‍ മൈലേജ് നല്‍കുക.

ഗ്രാന്‍ഡ് വിറ്റാരയുടെ ഹൈബ്രിഡ് എഞ്ചിന്‍ ലിറ്ററിന് 27.97 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി അവകാശപ്പെടുന്നത്. മൈല്‍ഡ് ഹൈബ്രിഡ് ടെക്കിനൊപ്പം ഗ്രാന്‍ഡ് വിറ്റാര 20.58 കിലോമീറ്റര്‍ മുതല്‍ 21.11 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. കിലോഗ്രാമിന് 26.6 കിലോമീറ്ററാണ് ഗ്രാന്‍ഡ് വിറ്റാര സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്.
9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ എന്നിവയടക്കം ഫീച്ചര്‍ റിച്ചായ ക്യാബിനാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി 360 ഡിഗ്രി ക്യാമറയും 6 എയര്‍ബാഗുകളും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവയുമായാണ് ഏറ്റുമുട്ടുന്നത്.
വില വര്‍ധനവിന് മുമ്പ് ഗ്രാന്‍ഡ് വിറ്റാരയുടെ പ്രാരംഭ വില 11.19 ലക്ഷം രൂപയായിരുന്നു. ഹൈബ്രിഡ് വേരിയന്റിന് 19.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). എന്നാല്‍ ഏറ്റവും പുതിയ വില പരിഷ്‌കാരത്തിന് ശേഷം ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഇനി മുതല്‍ 62,000 രൂപ വരെ അധികം മുടക്കേണ്ടി വരും. എസ്യുവിയുടെ വേരിയന്റ് തിരിച്ചുള്ള വില വര്‍ധനവ് സംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ മാരുതി സുസുക്കി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അത് വരുന്ന മുറയ്ക്ക് ഞങ്ങള്‍ അറിയിക്കുന്നതായിരിക്കും.


Click it and Unblock the Notifications








