നിര്‍ത്തലാക്കുമെന്ന് വിചാരിച്ച മാരുതി കാറിന്റെ ഗംഭീര തിരിച്ചുവരവ്; റിറ്റ്‌സിന്റെ ഗതിവരുമെന്ന് കരുതിയവര്‍ കാണ്
മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലെത്തിച്ച കാറുകളില്‍ അര്‍ഹിച്ച പരിഗണന കിട്ടാതെ പോയ മോഡലാണ് റിറ്റസ്. കരുത്തുറ്റ ബോഡിയും റിഫൈന്‍ഡ് എഞ്ചിനുമായി വന്ന കാര്‍ യഥാര്‍ത്ഥത്തില്‍ മാരുതി സ്വിഫ്റ്റിന്റെ നിഴലായി പോകുകയായിരുന്നു. എന്നിരുന്നാലും ഇന്നും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മാര്‍ക്കറ്റില്‍ റിറ്റ്‌സിന് വമ്പന്‍ ഡിമാന്‍ഡ് ആണ്. ന്യൂജെന്‍ കാറുകള്‍ ലൈനപ്പില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി റിറ്റ്‌സ് അടക്കമുള്ള ചില കാറുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരുതി നിര്‍ത്തലാക്കി. റിറ്റ്‌സിന്റെ പകരക്കാരനായി മാരുതി ഇന്ത്യയില്‍ കൊണ്ടുവന്ന മോഡലാണ് ഇഗ്‌നിസ്. 2025 ജനുവരിയില്‍ ഇഗ്‌നിസിന്റെ വില്‍പ്പന കണക്കുകളാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.
കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്‌സ വഴിയാണ് ഇഗ്‌നിസ് വില്‍ക്കുന്നത്. 12 മാസം മുമ്പ് 2024 ജനുവരിയില്‍ മാരുതി സുസുക്കി 2598 ഇഗ്‌നിസ് മാത്രമായിരുന്നു വിറ്റിരുന്നത്. ഒരു വര്‍ഷം കഴിയുമ്പോള്‍ ഇഗ്‌നിസിന് ഇന്ത്യക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടിയതായാണ് സെയില്‍സ് ചാര്‍ട്ട് സൂചിപ്പിക്കുന്നത്. 2025 ജനുവരിയില്‍ മാരുതി സുസുക്കി വിറ്റത് 3780 ഇഗ്‌നിസ് കാറുകളാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

മുന്‍ഗാമിയായ റിറ്റ്‌സിന്റെ കാര്യത്തിലെന്ന പോലെ ഇതേ വില നിലവാരത്തില്‍ വരുന്ന സ്വിഫ്റ്റ് എന്ന മഹാമോരുവിന്റെ സാന്നിധ്യമാണ് റിറ്റ്‌സിന്റെയും വില്‍പ്പന കുറയാന്‍ ഒരു കാരണം. ഏതാനും മാസങ്ങളായി പ്രതിമാസം 2,500 യൂണിറ്റുകള്‍ മാത്രം വില്‍ക്കുന്നതിനാല്‍ തന്നെ ഇഗ്‌നിസിനെ ഒരു ഫേ്‌ലാപ്പ് മോഡലായി വിധി എഴുതിയവര്‍ ഉണ്ട്. എസ്‌യുവികള്‍ക്ക് അനുകൂലമായ ട്രെന്‍ഡ് ഉള്ളതിനാല്‍ മൊത്തത്തില്‍ ചെറുകാറുകള്‍ക്ക് കഷ്ടകാലമാണ്. അതും ഇഗ്‌നിസിനെ നല്ല തോതില്‍ ബാധിക്കുന്നുണ്ട്.
കോംപാക്ട് അര്‍ബന്‍ എസ്‌യുവി എന്ന വിശേഷണം ചാര്‍ത്തിയാണ് മാരുതി സുസുക്കി ഈ കാര്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. നിലവില്‍ 5.85 ലക്ഷം രൂപ മാത്രമാണ് ഇഗ്‌നിസിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ വില. അതേസമയം, അതിന്റെ ടോപ് സ്‌പെക്ക് വേരിയന്റിന് 8.12 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇവ എക്‌സ്-ഷോറൂം വിലകളാണ്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ മാരുതി സുസുക്കി ഇഗ്‌നിസ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. ഈ എഞ്ചിന്‍ പരമാവധി 83 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഈ കാറിന് ലിറ്ററിന് 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് എസി എന്നിങ്ങനെ നിരവധി സവിശേഷതകള്‍ മാരുതി സുസുക്കി ഇഗ്‌നിസില്‍ സജ്ജീകരിച്ചിട്ടുണ്ട്. റിയര്‍ പാര്‍ക്കിംഗ് ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, എയര്‍ബാഗുകള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കാറിലുണ്ട്.

കുറഞ്ഞ വില, കോംപാക്ട് ഡിസൈന്‍, മികച്ച മൈലേജ്, ഫീച്ചറുകള്‍ എന്നിവ സംയോജിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആയതിനാല്‍ തന്നെ ഇഗ്‌നിസ് പണത്തിനൊത്ത മൂല്യം നല്‍കുന്ന ഒരു കാര്‍ ആയി കണക്കാക്കപ്പെടുന്നു. എസ്‌യുവിഷ് ലുക്ക് ഉള്ളതിനാല്‍ ആദ്യമായി കാര്‍ വാങ്ങുമ്പോള്‍ ബജറ്റ് ഹാച്ച്ബാക്കിനേക്കാള്‍ തൊട്ട് മുകളില്‍ നിലക്കുന്ന ഒരെണ്ണം വേണമെന്ന് ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ചോയ്‌സ് കൂടിയാണ് ഇഗ്‌നിസ്.
വില്‍പ്പന മാന്ദഗതിയിലായതോടെ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ ഇഗ്‌നിസ് വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ പോകുകയാണെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ മികച്ച വില്‍പ്പന വളര്‍ച്ച നേടി പുതുവര്‍ഷത്തിന് ഗംഭീര തുടക്കമാണ് ഇഗ്‌നിസ് നല്‍കിയത്. ഇതേ പ്രകടനം മോഡലിന് തുടരാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്. വില്‍പ്പന ഇനിയും മോശമായാല്‍ മുകളില്‍ പറഞ്ഞ പോലുള്ള സങ്കടവാര്‍ത്ത നമുക്ക് കേള്‍ക്കേണ്ടി വരും. പിന്നെ ഇഗ്‌നിസിന് വേണ്ടിയും യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ അടികൂടേണ്ട സാഹചര്യം ഉണ്ടാകും.


Click it and Unblock the Notifications








