'ഒറിജിനല്‍' ആയിരുന്നെങ്കില്‍ ഒറ്റപ്പെട്ട് പോയേനേ... 6 മാസത്തിനിടെ ഏറ്റവും കുറവ് വില്‍പ്പനയുള്ള മാരുതി കാര്‍
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. മിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ കാറുകളുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. 2025 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ചില മോഡലുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ചിലര്‍ നിറംമങ്ങി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി (Maruti Suzuki). കയറ്റുമതിയിലും അവരാണ് മുമ്പില്‍. ജിംനി പോലുള്ള ചില മോഡലുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ കുറവാണെങ്കിലും ചുടപ്പം പോലെ വിദേശത്ത് വിറ്റഴിക്കപ്പെടുന്നതിനാല്‍ കമ്പനിക്ക് വലിയ തലവേദനയില്ല.
എന്നാല്‍ കഴിഞ്ഞ 6 മാസത്തിനിടെ ഏറ്റവും കുറവ് വില്‍പ്പന നേടിയ മാരുതി സുസുക്കി കാര്‍ ഏതാണെന്നാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്. മാരുതി സുസുക്കിയുടെ വില്‍പ്പന കണക്കുകള്‍ സസൂക്ഷ്മം വീക്ഷിക്കുന്നവര്‍ക്ക് കുറഞ്ഞ വില്‍പ്പനയുള്ള ആ കാര്‍ ഏതാണെന്ന് അധികം ആലോചിക്കാതെ പറയാന്‍ പറ്റും. യഥാര്‍ത്ഥത്തില്‍ അത് ഒരു 'ഒറിജിനല്‍' മാരുതി കാര്‍ അല്ലെന്നും പറയാം.

മാരുതിയുടെ ആഡംബര എംപിവി മോഡലായ ഇന്‍വിക്റ്റോ ആണ് ആറുമാസത്തിനിടെ മാരുതിയുടെ ഏറ്റവും കുറവ് വില്‍പ്പന നേടിയ കാര്‍. കേവലം 1600 യൂണിറ്റുകള്‍ മാത്രമാണ് ഈ കാലയളവില്‍ വിറ്റഴിഞ്ഞത്. അതായത് പ്രതിമാസം ശരാശരി 266 ഉപഭോക്താക്കള്‍ മാത്രമാണ് ഇന്‍വിക്‌റ്റോ സ്വന്തമാക്കിയത്. ടൊയോട്ടയുടെ ജനപ്രിയ എംപിവിയായായ ഇന്നോവ ഹൈക്രോസിന്റെ റീബാഡ്ജ്ഡ് പതിപ്പാണ് ഇത്.
നിലവില്‍ മാരുതിയുടെ ഏറ്റവും കൂടുതല്‍ വിലയുള്ള കാറും ഇന്‍വിക്റ്റോയാണ്. ഒരുവശത്ത് ടൊയോട്ട ഇന്നോവ ഹെക്രോസ് സ്ഥിരമായി മികച്ച വില്‍പ്പന നേടുമ്പോള്‍ ഇന്‍വിക്റ്റോ അടിപതറുന്ന കാഴ്ചയാണ്. ബ്രാന്‍ഡ് വാല്യു, നോണ്‍-ഹൈബ്രിഡ് വേരിയന്റുകളുടെ അസാന്നിധ്യം, ചില സുപ്രധാന ഫീച്ചറുകള്‍ ഇല്ലാത്തതടക്കം നിരവധി കാരണങ്ങള്‍ കൊണ്ടാണ് ഇന്‍വിക്റ്റോയ്ക്ക് ഹൈക്രോസിന്റെ വില്‍പ്പനയില്ലാത്തത്.
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തെ ഇന്‍വിക്ടോയുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നോക്കിയാല്‍ ഏപ്രില്‍ മാസം 223 പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. മെയ് മാസത്തില്‍ 223 യൂണിറ്റുകള്‍, ജൂണില്‍ 351 യൂണിറ്റുകള്‍, ജൂലൈയില്‍ 351 യൂണിറ്റുകള്‍, ഓഗസ്റ്റില്‍ 237 യൂണിറ്റുകള്‍, സെപ്റ്റംബറില്‍ 215 യൂണിറ്റുകള്‍ അടക്കം ആകെ 1600 യൂണിറ്റുകളാണ് ഈ കാലയളവില്‍ വിറ്റഴിഞ്ഞത്.
4755mm നീളവും 1850mm വീതിയും 1795mm ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. മസ്‌കുലാര്‍ ക്ലാമ്ഷെല്‍ ബോണറ്റ്, ഡിആര്‍എല്‍ സഹിതമുള്ള സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ക്രോം പൂശിയ ഹെക്സാഗണല്‍ ഗ്രില്‍, വിശാലമായ എയര്‍ ഡാം, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയാണ് ഇന്‍വിക്റ്റോയുടെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. ഡ്യുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയോടുകൂടിയ ഓട്ടോമന്‍ സീറ്റുകള്‍, മൂഡ് ലൈറ്റിംഗോടുകൂടിയ പനോരമിക് സണ്‍റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ക്യാബിനിലുണ്ട്.

8 സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ വെന്റിലേറ്റഡ് സീറ്റുകള്‍, രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍, സൈഡ് ഫോള്‍ഡബിള്‍ ടേബിള്‍, മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനായി വണ്‍-ടച്ച് വാക്ക്-ഇന്‍ സ്ലൈഡ്, മള്‍ട്ടി-സോണ്‍ ടെമ്പറേച്ചര്‍ സെറ്റിംഗുകള്‍ എന്നിവയും ഇതിലുണ്ട്. മാരുതി സുസുക്കി ഇന്‍വിക്‌റ്റോയില്‍ വണ്‍-ടച്ച് പവര്‍ ടെയില്‍ഗേറ്റും കമ്പനിയുടെ നെക്സ്റ്റ് ജെന്‍ സുസുക്കി കണക്ടും ഓഫര്‍ ചെയ്യുന്നു.
സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് മാരുതി ഇന്‍വിക്‌റ്റോയ്ക്ക് തുടിപ്പേകുന്നത്. ഇലക്ട്രിക് മോട്ടോറുമായി പ്രവര്‍ത്തിച്ച് ഇത് പരമാവധി 184 bhp കരുത്ത് വരെ നല്‍കാന്‍ പ്രാപ്തമാണ്. ഒരു e-CVT ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാത്രമാണ് ഇന്‍വിക്‌റ്റോയ്ക്ക് ലഭിക്കുന്നത്. 9.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവുന്ന മാരുതി പ്രീമിയം എംപിവിക്ക് കമ്പനി അവസാശപ്പെടുന്ന മൈലേജ് 23.24 കിലോമീറ്ററാണ്.

ആറ് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, 3 പോയിന്റ് സീറ്റ്ബെല്‍റ്റുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഇതില്‍ ലഭിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് & റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷന്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, റിയര്‍ വിന്‍ഡോ ഡീഫോഗര്‍ എന്നിവയടക്കം നിരവധി സവിശേഷതകള്‍ ഇതിനുണ്ട്.
ഇന്നോവ ഹൈക്രോസിലുള്ള ADAS ഫീച്ചറുകള്‍ ഇല്ലാതെയാണ് ഇന്‍വിക്‌റ്റോ പുറത്തിറങ്ങിയത്. വില താങ്ങിനിര്‍ത്താനായാണ് മാരുതി ഈ തീരുമാനം കൈക്കൊണ്ടത്. എന്നിരുന്നാലും അടുത്ത കാലത്ത് ഈ കാറിന് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിരുന്നു. നിലവില്‍, കമ്പനി ഇന്‍വിക്‌റ്റോക്ക് 1.40 ലക്ഷം രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 24,97,400 രൂപ മുതലാണ് ഇന്‍വിക്റ്റോയുടെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.


Click it and Unblock the Notifications








