മാരുതി ഇനി നിലം തൊടില്ല; പറക്കും കാറുകൾ നിർമിക്കാൻ ജനപ്രിയ ഇന്ത്യൻ ബ്രാൻഡ് ഒരുങ്ങി
ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡായ മാരുതി സുസുക്കി വിൽപ്പനയിൽ മുന്നിൽ തന്നെയാണ്. സേഫ്റ്റിയുടെ പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടുവെങ്കിലും ഇപ്പോൾ ബ്രാൻഡ് തങ്ങളുടെ മോഡലുകൾക്കെല്ലാം തന്നെ സേഫ്റ്റിക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്. ഒട്ടുമിക്ക മോഡലുകൾക്കും ബ്രാൻഡ് ആറ് എയർബാഗുകൾ നൽകുന്നുണ്ട്.ഇപ്പോഴിതാ റോഡിലൂടെ മാത്രമല്ല ഇനി ആകാശത്തുകൂടി യാത്ര ചെയ്യാൻ മാരുതി സുസുക്കി ഒരു പറക്കും കാർ നിർമിക്കാനുളള പദ്ധതിയിലാണ്. ഇത് ആരംഭിച്ചിട്ട് കുറച്ച് കാലമായെങ്കിലും പുതിയ അപ്ഡേഷനുകളൊന്നും തന്നെ വന്നിരുന്നില്ല.
സുസുക്കി മോട്ടോർ കോർപ്പറേഷൻ ഇപ്പോൾ സ്കൈഡ്രൈവ് Inc -മായി സഹകരിച്ച്, ജപ്പാനിലെ ഷിസുവോക്ക പ്രിഫെക്ചറിലെ ഇവാറ്റ സിറ്റിയിലുള്ള സുസുക്കിയുടെ ഉടമസ്ഥതയിലുള്ള ഒരു നിർമ്മാണ പ്ലാൻ്റിൽ പറക്കും കാറുകളുടെ പ്രൊഡക്ഷൻ ആരംഭിക്കാനാണ് പദ്ധതി. 2025 ജൂലൈ 31 ന് മാരുതിയുടെ ബോർഡ് അവരുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ (MoA) ഭേദഗതിക്ക് നടത്തിയതോടെ പദ്ധതി എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കുമെന്നാണ് കാർടോക് തങ്ങളുടെ വെബ്സൈറ്റിൽ വിശദീകരിച്ചിരിക്കുന്നത്.

ഇവ പൂർണ്ണമായും ഇലക്ട്രിക്കും ഓട്ടോണമസ് സംവിധാനവുമുള്ളതാണ്. കൂടാതെ ഇവ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി (AAM) അല്ലെങ്കിൽ അർബൻ എയർ മൊബിലിറ്റി (UAM) എന്നും അറിയപ്പെടുന്നു. 2023 ജൂണിലാണ് സ്കൈഡ്രൈവിൻ്റെ അനുബന്ധ സ്ഥാപനമായ സ്കൈ വർക്ക് Inc വഴി സ്കൈഡ്രൈവ് (SD-05 ടൈപ്പ്) നിർമ്മിക്കുന്നതിനുള്ള നിർമ്മാണ സഹകരണ കരാറിൽ സുസുക്കിയും സ്കൈഡ്രൈവും ഒപ്പുവെച്ചത്.
ഓട്ടോപൈലറ്റ് പോലെയുള്ള ഓട്ടോണമസ് സഹായ സംവിധാനങ്ങളുള്ള ഒരു ഇലക്ട്രിക് പവർഡ് ഡ്രോണാണ് eVTOL ഫ്ലൈയിംഗ് കാർ എന്നത് ശ്രദ്ധിക്കണം. സ്കൈഡ്രൈവ് eVTOL എന്നത് ഒരു കോംപാക്റ്റ്, ത്രീ സീറ്റർ ഡ്രോൺ ആണ്. ഇത് സാധാരണ ഒരു ഹെലികോപ്റ്റർ പോലെ പ്രവർത്തിക്കുന്നു, കൂടാതെ വെർട്ടിക്കലായി ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിവുള്ളതാണ്.
എന്നിരുന്നാലും, ഈ കൊമേർഷ്യൽ ഫ്ലൈയിംഗ് ഡ്രോണുകളുടെ വികസനത്തിൽ സുസുക്കി ഉൾപ്പടെ പല പ്രമുഖ നിർമ്മാതാക്കളും ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഭാവിയിൽ "എയർ ടാക്സി" സർവ്വീസുകൾക്കായിട്ടാണ്. സമീപ വർഷങ്ങളിൽ, പേഴ്സണൽ ട്രാൻസ്പോർട്ടേഷന്റെ ഡിമാൻഡ് അതിൻ്റെ ഉച്ചസ്ഥായിയിലാണ്, ഇത് നഗരപ്രദേശങ്ങളിൽ കനത്ത ട്രാഫിക്കിലേക്ക് നയിച്ചു എന്നത് നമ്മിൽ പലരും സ്വയം അനുഭവിച്ചതാണ്.
'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ ഈ സാങ്കേതികവിദ്യ ഒടുവിൽ ഇന്ത്യയിലേക്ക് അവതരിപ്പിക്കാനാണ് മാരുതി ഉദ്ദേശിക്കുന്നത്. പ്രോസ്പെക്ടീവ് ഉപഭോക്താക്കളെയും പങ്കാളികളെയും തിരിച്ചറിയുന്നതിനായി കമ്പനി നിലവിൽ ഇന്ത്യയിൽ വ്യക്തവും വിപുലമുമായ മാർക്കറ്റ് പഠനം നടത്തുന്നുണ്ട്. എയർ കോപ്റ്ററുകൾ ഇന്ത്യയിൽ വിജയിക്കണമെങ്കിൽ, അവ താങ്ങാനാവുന്നതും കുറഞ്ഞ ചെലവിൽ വരുന്നതുമായിരിക്കണം എന്നതാണ് പ്രധാനം.
ഒരു ഹെലികോപ്റ്ററിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ടേക്ക് ഓഫിൽ 1.4 ടൺ ഭാരമുള്ള എയർ കോപ്റ്ററിന് ഒരു പരമ്പരാഗത ഹെലികോപ്റ്ററിൻ്റെ പകുതിയോളം ഭാരമേയുള്ളൂ. ഈ കുറഞ്ഞ ഭാരം കെട്ടിടങ്ങളുടെ റൂഫ് ടോപ്പുകൾ ടേക്ക് ഓഫിനും ലാൻഡിംഗിനും ഉപയോഗിക്കാൻ ഇവയെ അനുവദിക്കുന്നു. അടുത്തതായി ഇലക്ട്രിഫിക്കേഷൻ മൂലം എയർക്രാഫ്റ്റിൻ്റെ ഭാഗങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു, ഇത് പ്രൊഡക്ഷൻ, മെയിന്റനൻസ് ചെലവ് എന്നിവ കുറയാൻ ഇടയാക്കും എന്നും റിപ്പോർട്ട് എടുത്ത് കാണിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








