ഇന്ത്യക്കാര്‍ക്ക് വേണ്ടാഞ്ഞിട്ടും ജിംനി വില്‍പ്പന 1 ലക്ഷം കടന്നു! കടിപിടി കൂടി വാങ്ങുന്നത് വിദേശികള്‍
ഇന്ത്യയിലെ വണ്ടിപ്രാന്തന്‍മാരുടെ നിരന്തര ആവശ്യം മുന്‍നിര്‍ത്തി മാരുതി സുസുക്കി വിപണിയില്‍ എത്തിച്ച ഒരു കാര്‍ മോഡല്‍ ആയിരുന്നു ജിംനി 5 ഡോര്‍. 2023 ഓട്ടോ എക്സ്പോയില്‍ വെച്ച് അവതരിപ്പിച്ച ലൈഫ്സ്റ്റൈല്‍ എസ്‌യുവിയുടെ വില പ്രഖ്യാപനം അതേ വര്‍ഷം ജൂണിലാണ് നടന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വന്ന കാറിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന മാരുതിയുടെ പ്രതീക്ഷകള്‍ തകിടം മറിയുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഒന്നിലേറെ കാരണങ്ങള്‍ കൊണ്ട് മാരുതി ജിംനിക്ക് ഇന്ത്യയില്‍ പ്രതീക്ഷിച്ച വിജയമാകാന്‍ കഴിഞ്ഞില്ല. ഓട്ടോ എക്‌സ്‌പോയിലെ അവതരണത്തിനും ലോഞ്ചിനുമിടയിലുള്ള അഞ്ച് മാസത്തിനിടെ കാര്‍ 30000 ബുക്കിംഗുകള്‍ നേടിയിരുന്നു.
വില പ്രഖ്യാപനം കഴിഞ്ഞതോടെ വില്‍പ്പന മന്ദഗതിയിലായി. ഇന്ത്യക്കാര്‍ക്ക് വേണ്ടെങ്കിലും വിപണിയിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ജിംനി 5 ഡോര്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) മൊത്തവ്യാപാര കണക്കുകള്‍ പ്രകാരം ലോഞ്ച് ചെയ്തതിന് ശേഷം ജിംനിയുടെ മൊത്തം വില്‍പ്പന 102,024 യൂണിറ്റുകളാണ്.

ഇതില്‍ 2025 ഏപ്രില്‍ അവസാനം വരെ ആഭ്യന്തര വിപണിയില്‍ 26,180 യൂണിറ്റുകള്‍ വിറ്റു. വിദേശത്തേക്ക് കപ്പല്‍ കയറ്റി അയച്ചത് 75,844 യൂണിറ്റുകളാണ്. ആഭ്യന്തര വിപണിയിലെ ഇന്ത്യയില്‍ ജിംനിയുടെ വില്‍പ്പന പ്രകടനത്തില്‍ നിന്ന് വ്യത്യസ്തമായി ജപ്പാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ കാറിന് വന്‍ ഡിമാന്‍ഡ് ആണ്. ഇന്ത്യന്‍ വിപണിയിലെത്തി അഞ്ച് മാസത്തിന് ശേഷമാണ് ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്
മെക്സിക്കോ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കാറിന് മികച്ച പ്രതികരണം ലഭിച്ചു. ഈ വര്‍ഷം ഏപ്രില്‍ മാസമാണ് ജിംനി നോമേഡ് എന്ന പേരില്‍ 5 ഡോര്‍ പതിപ്പ് ജപ്പാനില്‍ ലോഞ്ച് ചെയ്തത്. മെയിഡ് ഇന്‍ ഇന്ത്യ ജിംനി 5-ഡോര്‍ ജപ്പാനില്‍ വന്‍ ഹിറ്റായി മാറി. ഐതിഹാസിക 4WD എസ്‌യുവിയുടെ ജപ്പാനിലെ ലോഞ്ച് മാരുതി സുസുക്കിയുടെ കയറ്റുമതി ത്വരിതപ്പെടുത്തി.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിക്ക് ശേഷം കമ്പനി ജപ്പാനിലെത്തിച്ച രണ്ടാമത്തെ മെയിഡ് ഇന്‍ ഇന്ത്യ എസ്‌യുവിയായിരുന്നു 5 ഡോര്‍ ജിംനി. കമ്പനിയെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ഡിമാന്‍ഡ് ആണ് ജിംനി നോമേഡിന് അനുഭവപ്പെട്ടത്. ബുക്കിംഗ് ആരംഭിച്ച് വെറും നാല് ദിവസത്തിനുള്ളില്‍ 50,000-ത്തിലധികം പ്രീ-ഓര്‍ഡറുകളാണ് ലഭിച്ചത്. ഇതോടെ ഇന്ത്യന്‍ നിര്‍മിത കാറിന്റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ വരെ കമ്പനി നിര്‍ബന്ധിതരായി.
മാരുതി സുസുക്കി ജിംനിയുടെ ത്രീ-ഡോര്‍ പതിപ്പ് ആഗോള വിപണിയില്‍ മികച്ച ജനപ്രീതി നേടിയിട്ടുണ്ട്. ഇതും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. വണ്ടിപ്രാന്തന്‍മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിപ്‌സിയുടെ പിന്‍ഗാമിയായി കമ്പനി ജിംനി 5 ഡോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയായിരുന്നു. ഓഫ്-റോഡ് പ്രേമികളെ ആകര്‍ഷിക്കുന്നതിനായി വാഹനം 4x4 സിസ്റ്റത്തോടുകൂടിയ ബോഡി-ഓണ്‍-ഫ്രെയിം ഡിസൈന്‍ കൊണ്ടുവരുന്നു.

105 bhp പവറും 134 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. മാനുവല്‍ വേരിയന്റിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് 16.39 കിലോമീറ്റര്‍ മൈലേജാണ് പറയുന്നത്.
ജിംനി കഴിവുവുറ്റ ഓഫ്-റോഡര്‍ വാഹനമാണെങ്കിലും റോഡ് പ്രസൻസ് കുറവാണെന്നത് ചിലരെ നിരാശപ്പെടുത്തുന്നു. ക്യാബിനുള്ളിലെ ബോട്ടില്‍ ഹോള്‍ഡറുകള്‍ പോലുള്ള ലളിതമായ സൗകര്യങ്ങളുടെ അഭാവവും NA പെട്രോള്‍ എഞ്ചിനില്‍ നിന്നുള്ള ഫുള്‍ പവറിന്റെ അഭാവവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കനത്ത റീസര്‍ക്കുലേറ്റിംഗ് ബോള്‍ സ്റ്റിയറിംഗ് സജ്ജീകരണവും വിശാലമായ ടേണിംഗ് സര്‍ക്കിളും ഉള്ളതിനാല്‍ സിറ്റിയില്‍ വസിക്കുന്നവര്‍ക്ക് മോഡേണ്‍ എസ്‌യുവികള്‍ കൈകാര്യം ചെയ്യുംപോലെ ജിംനി ഹാന്‍ഡില്‍ ചെയ്യാന്‍ പ്രയാസമാകും.
എതിരാളിയായ മഹീന്ദ്ര ഥാര്‍ ഇക്കാര്യങ്ങളിലെല്ലാം ജിംനിയെ വെല്ലുന്നു. മാത്രമല്ല ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനിലും സ്വന്തമാക്കാം. ഥാര്‍ റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ജിംനിയേക്കാള്‍ കുറഞ്ഞ പ്രാരംഭ വിലയില്‍ ലഭ്യമാണ്. നെക്‌സ ചാനല്‍ വഴി വില്‍ക്കുന്ന ജിംനിയുടെ പ്രാരംഭ വില 12.75 ലക്ഷം രൂപയാണ്. അതേസമയം ഥാറിന്റെ വില 11.50 ലക്ഷം മുതലും ഥാര്‍ റോക്സിന്റെ വില 12.99 ലക്ഷം രൂപ മുതലും വില ആരംഭിക്കുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.


Click it and Unblock the Notifications








