28 ദിവസം കൊണ്ട് ഈ കമ്പനി വിറ്റത് 1.99 ലക്ഷം കാറുകള്‍! കളിപ്പാട്ട കാറല്ല, നല്ല ഒറിജിനൽ!
മാര്‍ച്ച് മാസം പിറന്നതോടെ വണ്ടിക്കമ്പനികള്‍ ഫെബ്രുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് ആരാണെന്ന കാര്യത്തിന് ഇക്കുറിയും തര്‍ക്കമൊന്നും ഇല്ല. തുടര്‍ന്നങ്ങോട്ട് ആരൊക്കെയാണെന്ന് നോക്കിയാല്‍ മതി. 2025 ഫെബ്രുവരിയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മൊത്തം വില്‍പ്പനയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. 2025 ഫെബ്രുവരിയില്‍ മൊത്തം 1,99,400 കാറുകളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസത്തില്‍ 1,97,471 യൂണിറ്റായിരുന്നു വില്‍പ്പന. ആഭ്യന്തര, കയറ്റുമതി വിപണികളില്‍ സ്ഥിരത പുലര്‍ത്താനാകുന്നതാണ് മാരുതിയുടെ വിജയത്തിന് കാരണം. 2025 ഫെബ്രുവരിയിലെ മാരുതിയുടെ ആഭ്യന്തര, കയറ്റുമതി പ്രകടനം വിശദമായി വിലയിരുത്താം.
പാസഞ്ചര്‍ വാഹനങ്ങള്‍, ലഘു വാണിജ്യ വാഹനങ്ങള്‍ (എല്‍സിവി), മറ്റ് ബ്രാന്‍ഡുകള്‍ക്കുള്ള കാറുകള്‍ എന്നിവയുടെ വില്‍പ്പന ഉള്‍പ്പെടുന്ന മാരുതി സുസുക്കിയുടെ ആഭ്യന്തര വില്‍പ്പന 2025 ഫെബ്രുവരിയില്‍ 1,74,379 കാറുകളായി. ഈ സംഖ്യ 2024 ഫെബ്രുവരിയില്‍ വിറ്റ 1,68,544 കാറുകളേക്കാള്‍ കൂടുതലാണ്. പ്രത്യേകിച്ച് ടൊയോട്ടക്ക് നല്‍കിയ വാഹനങ്ങളുടെ എണ്ണം മുമ്പുണ്ടായിരുന്ന 5,147 യൂണിറ്റില്‍ നിന്ന് 10,878 യൂണിറ്റായി ഉയര്‍ന്നു.

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ മാരുതി സുസുക്കി 1,60,791 കാറുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 1,60,271 കാറുകളായിരുന്നു, ഇതില്‍ നേരിയ വര്‍ധനവാണ് കാണിക്കുന്നത്. ആള്‍ട്ടോ, എസ്-പ്രെസ്സോ പോലുള്ള കാറുകള്‍ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റിന് പോയ മാസം മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. 12 മാസം മുമ്പ് വിറ്റ 14,782 കാറുകളില്‍ നിന്ന് പോയ മാസം വില്‍പ്പന 10,226 ആയി കുറഞ്ഞു.
അതേസമയം ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, ജിംനി, XL 6 തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗം നില മെച്ചപ്പെടുത്തി. ഈ വിഭാഗത്തില്‍ വില്‍പ്പന മുന്‍ വര്‍ഷമുണ്ടായിരുന്ന 61,234 യൂണിറ്റില്‍ നിന്ന് 65,033 യൂണിറ്റായി ഉയര്‍ന്നു. ഈ വളര്‍ച്ച എസ്‌യുവികള്‍ക്കും എംപിവികള്‍ക്കുമുള്ള ശക്തമായ ഉപഭോക്തൃ മുന്‍ഗണനയെ സൂചിപ്പിക്കുന്നു.

ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടുന്ന കോംപാക്റ്റ് വിഭാഗത്തില്‍ വില്‍പ്പനയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. വില്‍പ്പന 71,627 കാറുകളില്‍ നിന്ന് 72,942 കാറുകളായി. അതേസമയം സിയാസ് മാത്രമുള്ള മിഡ്‌സൈസ് വിഭാഗത്തിന്റെ വില്‍പ്പന ഇരട്ടിയിലധികം വര്‍ദ്ധിച്ചു. 2024 ഫെബ്രുവരിയില്‍ വിറ്റ 481 കാറുകളില്‍ നിന്ന് വില്‍പ്പന 1,097 ആയി. രണ്ട് മാസം കൊണ്ട് ഈ കാര്‍ മാരുതി നിര്‍ത്താന്‍ പോകുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ പ്രകടനമെന്നത് ശ്രദ്ധേയമാണ്.
ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) വിഭാഗത്തില്‍ സൂപ്പര്‍ കാരി എല്‍സിവിയുടെ വില്‍പ്പന ഇടിഞ്ഞു. 2024 ഫെബ്രുവരിയില്‍ മാരുതി 3,126 സൂപ്പര്‍ കാരി വിറ്റിരുന്നു. എന്നാല്‍ 2025 ഫെബ്രുവരിയില്‍ വില്‍പ്പന 2,710 യൂണിറ്റായി ഇടിഞ്ഞു. കൂടാതെ, ഈക്കോ ഉള്‍പ്പെടുന്ന വാന്‍ വിഭാഗത്തിന്റെ മൊത്തം വില്‍പ്പനയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 12,147 വാനുകള്‍ വിറ്റുപ്പോള്‍ 2025 ഫെബ്രുവരിയില്‍ ഈക്കോക്ക് 11,493 പുതിയ ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്.

മാരുതിയുടെ മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍ക്ക് വിദേശത്ത് ഇപ്പോള്‍ മികച്ച ഡിമാന്‍ഡ് ആണ്. എന്നിരുന്നാലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ കയറ്റുമതി കുറഞ്ഞു. 2025 ഫെബ്രുവരിയില്‍ 25,021 കാറുകളാണ് കമ്പനി കപ്പല്‍ കയറ്റി വിട്ടത്. അതേസമയം കഴിഞ്ഞ വര്‍ഷം 28,927 കാറുകള്‍ കയറ്റുമതി ചെയ്തിരുന്നു. ആഭ്യന്തര, കയറ്റുമതി വിപണികള്‍ ഉള്‍പ്പെടെ മാരുതി സുസുക്കിയുടെ മൊത്തത്തിലുള്ള വില്‍പ്പന വളര്‍ച്ച കാണിച്ചു. ഇന്ത്യയിലും വിദേശത്തും കമ്പനിയുടെ ശക്തമായ സ്ഥാനത്തെയാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അതായത് 2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മാരുതി സുസുക്കി 2,041,282 കാറുകള്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,948,127 കാറുകളായിരുന്നു. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കൂടുന്നതും കയറ്റുമതി വര്‍ധിച്ചതുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം. ട്രെന്‍ഡ് അനുസരിച്ച് എസ്‌യുവി പോര്‍ട്‌ഫോളിയോ വിപുലീകരിക്കുകയും പുതിയ കാറുകളുടെ കയറ്റുമതി ആരംഭിക്കുകയും ചെയ്ത തന്ത്രം വിജയം കണ്ടുവെന്ന് പറയാം.


Click it and Unblock the Notifications








