ടാറ്റ+മഹീന്ദ്ര+ഹ്യുണ്ടായി ഒത്തുപിടിച്ചാലും ഈ 'മല' പോരൂല! 30 ദിവസം വിറ്റത് 1.70 ലക്ഷം മാരുതി വാഹനങ്ങള്‍
2025 നവംബര്‍ മാസം അവസാനിച്ചതോടെ വാഹന നിര്‍മാതാക്കള്‍ അവരുടെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് തുടങ്ങിയിട്ടുണ്ട്. ഫെസ്റ്റിവല്‍ സീസണ്‍ അവസാനിച്ചിട്ടും മാരുതി സുസുക്കി ഷോറൂമുകളില്‍ ഉത്സവാന്തരീക്ഷത്തിന് കുറവുകള്‍ ഒന്നുമില്ലെന്ന് തെളിയിക്കുന്നതാണ് വില്‍പ്പന റിപ്പോര്‍ട്ട്. കോംപാക്റ്റ് കാറുകള്‍ക്കും യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുമുള്ള ശക്തമായ ഡിമാന്‍ഡിന്റെ ഫലമായി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐഎല്‍) 2025 നവംബറില്‍ ശക്തമായ വില്‍പ്പന നേടി. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കം കമ്പനിയുടെ മൊത്തം വില്‍പ്പന 2,29,021 യൂണിറ്റായിരുന്നു. 2024 നവംബറില്‍ വിറ്റ 1,81,531 യൂണിറ്റുകളില്‍ നിന്ന് ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്താനായത്.
2025 നവംബറില്‍ മാരുതി സുസുക്കി ആഭ്യന്തര വിപണിയില്‍ 1,70,971 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ മേധാവിത്തം തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം അതായത് 2024 നവംബറില്‍ വിറ്റ 1,41,312 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതിയുടെ കാര്‍ വില്‍പ്പനയില്‍ 20.99 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എര്‍ട്ടിഗ, ബ്രെസ, സ്വിഫ്റ്റ്, ഡിസയര്‍, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ പ്രധാന മോഡലുകളാണ് മികച്ച പ്രകടനം നടത്തിയത്.

ആഭ്യന്തര വില്‍പ്പനയിലെ മുന്നേറ്റത്തിന് പുറമെ കയറ്റുമതിയിലും മാരുതി സുസുക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ മാസം കമ്പനി ആകെ 46,057 യൂണിറ്റ് കാറുകളാണ് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തത്. 2024 നവംബറില്‍ മാരുതി കപ്പല്‍ കയറ്റിവിട്ടത് 28,633 കാറുകളായിരുന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 60.85 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇത് മാരുതിയുടെ ആഗോള വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു.
പ്രത്യേകിച്ച് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ആസിയാന്‍ മേഖലകളിലുടനീളമുള്ള വിപണികളില്‍ കമ്പനി വളരുകയാണ്. മാരുതിയുടെ പാസഞ്ചര്‍ കാര്‍ പോര്‍ട്ട്‌ഫോളിയോയില്‍ മിനി, കോംപാക്റ്റ് സെഗ്മെന്റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സംയുക്തമായി ഈ വിഭാഗങ്ങള്‍ 2025 നവംബറില്‍ 85,273 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 71,720 യൂണിറ്റിനേക്കാള്‍ കൂടുതലാണ്.
ആള്‍ട്ടോ, എസ്-പ്രെസോ എന്നിവ ഉള്‍പ്പെടുന്ന മിനി വിഭാഗം 12,347 യൂണിറ്റാണ് വിറ്റത്. 2024 നവംബറില്‍ ഈ രണ്ട് കാറുകള്‍ക്കും കൂടി 9,750 യൂണിറ്റ് വില്‍പ്പന മാത്രമാണ് നേടാനായിരുന്നത്. കോംപാക്റ്റ് പാസഞ്ചര്‍ വിഭാഗത്തില്‍ മാരുതിയുടെ ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ ആര്‍, ഡിസയര്‍, സെലേറിയോ, ഇഗ്‌നിസ് തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ചേര്‍ന്ന് 72,926 യൂണിറ്റ് വില്‍പ്പന നേടി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ വിഭാഗത്തിലെ വില്‍പ്പന 61,373 യൂണിറ്റായിരുന്നു.
ഈ വിഭാഗത്തിലെ സ്ഥിരമായ വളര്‍ച്ച മാരുതിയുടെ വിപണിയിലെ സ്വാധീനം വരച്ച് കാണിക്കുന്നു. മാരുതിയുടെ സെയില്‍ റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ മറ്റൊരു വിഭാഗം യൂടിലിറ്റി വാഹനങ്ങളാണ്. ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്ടോ, ജിംനി, വിക്ടോറിസ്, XL6 എന്നീ മോഡലുകളാണ് മാരുതിയുടെ യൂടിലിറ്റി വാഹന നിരയിലുള്ളത്.
കഴിഞ്ഞ മാസം മൊത്തം 72,498 യൂണിറ്റ് യൂടിലിറ്റി വാഹനങ്ങളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. 2024 നവംബറിലെ 59,003 യൂണിറ്റില്‍ നിന്ന് ഇത് വമ്പന്‍ വര്‍ധനവാണ് കാണാനായത്. എസ്യുവികള്‍ക്കും എംപിവികള്‍ക്കും അനുകൂലമായുള്ള ഉപഭോക്തൃ മുന്‍ഗണന വര്‍ധിച്ചതിനാല്‍ യൂടിലിറ്റി വാഹനങ്ങള്‍ മാരുതിയുടെ വളര്‍ച്ചയില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ചു. മാരുതി വില്‍ക്കുന്ന ഏക വാന്‍ ആയ ഈക്കോയും മികച്ച കച്ചവടം നേടി.
വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് പുറമെ വാണിജ്യ ആവശ്യക്കാര്‍ക്കിടയിലും ഡിമാന്‍ഡ് കൂടിയതിനാല്‍ ഈക്കോ വാന്‍ 13,200 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ഇത് 10,589 യൂണിറ്റായിരുന്നു. മാരുതിയുടെ ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (എല്‍സിവി) സൂപ്പര്‍ കാരി 3,622 യൂണിറ്റുകള്‍ സംഭാവന ചെയ്തു. 2024 നവംബറില്‍ ഇത് 2,926 യൂണിറ്റായിരുന്നു. മറ്റ് ഒഇഎമ്മുകള്‍ക്കും (ടൊയോട്ട) കമ്പനി 8,371 യൂണിറ്റുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ നവംബറില്‍ ഇത് 8,660 യൂണിറ്റായിരുന്നു.


Click it and Unblock the Notifications








