അകത്ത് 'ഫുട്‌ബോളിനുള്ള സ്ഥലം', 32.73KM മൈലേജും! 3.50 ലക്ഷത്തിന് കൊടുത്തതോടെ കാര്‍ തപ്പി ആളെത്തി
കേന്ദ്ര സര്‍ക്കാര്‍ ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതിന്റെ ഫലമായി മാരുതി സുസുക്കിയുടെ ഒട്ടുമിക്ക മോഡലുകളുടെയും വില കുറഞ്ഞു. ജിഎസ്ടി കട്ടിന്റെ ഫലമായി ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാര്‍ എന്ന സ്ഥാനം മാരുതി ആള്‍ട്ടോ K10 ഹാച്ച്ബാക്കിന് നഷ്ടപ്പെട്ടു. ആള്‍ട്ടോയേക്കാള്‍ 20,000 രൂപ കുറഞ്ഞ വിലയില്‍ വില്‍പ്പനക്കെത്തുന്ന മാരുതി എസ്-പ്രെസോ ഇപ്പോള്‍ ആ സ്ഥാനം കൈയ്യടക്കി. മാരുതി എസ്-പ്രെസോയുടെ എല്ലാ വേരിയന്റുകള്‍ക്കും ആള്‍ട്ടോയുടെ അനുബന്ധ വേരിയന്റുകളേക്കാള്‍ 20,000 രൂപ കുറച്ച് കൊടുത്താല്‍ മതി.
നേരത്തെ 4.27 ലക്ഷം രൂപക്ക് വിറ്റിരുന്ന എസ്‌പ്രെസോയുടെ സ്റ്റാന്‍ഡേര്‍ഡ് (O) വേരിയന്റ് 77000 രൂപ കുറഞ്ഞതിന്റെ ഫലമായി ഇപ്പോള്‍ 3.50 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. അതേസമയം ആള്‍ട്ടോ K10 ഹാച്ചിന്റെ ഇതേ ബേസ് വേരിയന്റിന്റെ വില 3.70 ലക്ഷം രൂപയാണ്. നിലവില്‍ എസ്‌പ്രെസോയുടെ ടോപ് VXI (O) എഎംടി വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില 5.25 ലക്ഷം രൂപയാണ്. സെപ്റ്റംബര്‍ 22 മുതലാണ് പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നത്.

ജിഎസ്ടി 2.0 നടപ്പാക്കിയ ശേഷം ചെറുകാര്‍ വില്‍പ്പനയില്‍ പുരോഗതിയുണ്ടെന്നാണ് കമ്പനി സൂചിപ്പിച്ചത്. 2025 സെപ്റ്റംബറില്‍ മാരുതി സുസുക്കി എസ്‌പ്രെസോയുടെ വില്‍പ്പന കണക്കുകള്‍ ഞങ്ങളുടെ പക്കലുണ്ട്. പോയ മാസം എസ്‌പ്രെസോക്ക് 1774 പുതിയ ഉപഭോക്താക്കളെ നേടാനായി. 2024 സെപ്റ്റംബറില്‍ ഈ കാറിന്റെ വില്‍പ്പന 1708 യൂണിറ്റ് ആയിരുന്നു. 66 യൂണിറ്റ് അധികം വിറ്റതോടെ വാര്‍ഷികാടിസ്ഥാനത്തില്‍ കാറിന് 3.86 ശതമാനം വളര്‍ച്ച നേടാനായി.
മുന്‍ മാസമായ 2025 ഓഗസ്റ്റുമായി തട്ടിച്ച് നോക്കുമ്പോഴും വില്‍പ്പന കൂടിയതാണ്. ഓഗസ്റ്റില്‍ വിറ്റ 1333 യൂണിറ്റിനെ അപേക്ഷിച്ച് എസ്‌പ്രെസോ കഴിഞ്ഞ മാസം 24.86 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2025 മെയ് (1806 യൂണിറ്റ്) കഴിഞ്ഞാല്‍ ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടിയ മാസമാണ് സെപ്റ്റംബര്‍. ജിഎസ്ടി നിരക്ക് ഇളവിന്റെ ആനുകൂല്യം കഴിഞ്ഞ മാസം 8 ദിവസം മാത്രമാണ് ലഭിച്ചത്. ഈ മാസം ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമേ കമ്പനി കാറിന് ഉത്സവകാല ഓഫറുകളും നല്‍കുന്നുണ്ട്.

അതുകൊണ്ട് തന്നെ ഒക്‌ടോബര്‍ മാസം മികച്ച വില്‍പ്പന തന്നെ നേടുമെന്നാണ് പ്രതീക്ഷ. മുമ്പ് ഇന്ത്യന്‍ വിപണിയിലെ ഏറ്റവും 'ചീപ്പ്' കാര്‍ ആയിരുന്ന ആള്‍ട്ടോയുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌പ്രെസോക്ക് നീളവും വീതിയും ഉയരവും കൂടുതലുണ്ട്. അതിന്റെ ഫലമായി അകത്തളത്തില്‍ ധാരാളം ഇടം ലഭിക്കും. പ്രത്യേകിച്ച് പിന്നിലെ സീറ്റിലിരിക്കുന്ന യാത്രക്കാര്‍ക്ക് മതിയായ സ്‌പെയ്‌സ് ഉണ്ടാകും. മാത്രമല്ല എസ്‌പ്രെസോയുടെ എസ്യുവിഷ് ഡിസൈന്‍ മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്നതിനാല്‍ ഇത് ഇന്ത്യന്‍ റോഡില്‍ കൂടുതല്‍ പ്രായോഗികമാക്കുന്നു.
കുറഞ്ഞ വില മാത്രമല്ല ഇന്ധനക്ഷമതയും ഇതിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. ഈ കാറിന്റെ Std (O), LXi (O) എന്നീ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.12 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. മറുവശത്ത് VXi (O), VXi+ (O) വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.76 കിലോമീറ്ററും VXi (O) എജിഎസ് VXi+ (O) എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.30 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ മോഡലുകളെ സംബന്ധിച്ച് ഇത് മികച്ച മൈലേജ് കണക്കുകളാണ്.

അതേസമയം എസ്‌പ്രെസോയുടെ സിഎന്‍ജി വേരിയന്റുകള്‍ പ്രീമിയം ബൈക്കിനേക്കാള്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മാരുതി എസ്-പ്രെസോയുടെ LXI (O), VXI (O) സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 32.73 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയത്. മികച്ച മൈലേജ് മാത്രമല്ല ഈ കാറിന് പരിപാലനച്ചെലവും കുറവാണ്.
17.78 cm സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. മാരുതിയുടെ മറ്റ് ചെറുകാറുകളെ പോലെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് അല്ല എന്നതാണ് ഇതിന്റെ ഒരു പോരായ്മ. ആയുസിന്റെ അവസാനത്തോട് അടുത്തിരിക്കുന്ന മോഡല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കമ്പനിക്ക് പ്ലാന്‍ ഇല്ലെന്നാണ് വിവരം.


Click it and Unblock the Notifications








