യൂസ്ഡ് സ്വിഫ്റ്റിന്റെ റേറ്റിൽ കിട്ടും, 32.73KM വരെ മൈലേജുമുണ്ട്! മാരുതിയുടെ വിലകുറഞ്ഞ കാറിന് കച്ചോടം കൂടി
2025 ഒക്‌ടോബറില്‍ മൊത്തത്തില്‍ 2 ലക്ഷത്തില്‍ കൂടുതല്‍ യൂണിറ്റ് വില്‍പ്പന നടത്തി മാരുതി സുസുക്കി നിരവധി റെക്കോഡുകള്‍ പഴങ്കഥയാക്കിയിരുന്നു. പോയ മാസം 37.8 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയില്‍ മാത്രം 1.76 ലക്ഷം യൂണിറ്റ് ആണ് മാരുതി വിറ്റഴിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കാറുകളുടെ പട്ടികയില്‍ ആറെണ്ണം മാരുതിയുടെ ആയിരുന്നു. ഇപ്പോള്‍ മാരുതി സുസുക്കിയുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. ജിഎസ്ടി 2.0 പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള കാര്‍ എന്ന സ്ഥാനം മാരുതി ആള്‍ട്ടോ K10 ഹാച്ച്ബാക്കില്‍ നിന്ന് എസ്‌പ്രെസോ തട്ടിയെടുത്തിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചതിന്റെ ഫലമായി നേരത്തെ 4.27 ലക്ഷം രൂപക്ക് വിറ്റിരുന്ന എസ്-പ്രെസോയുടെ സ്റ്റാന്‍ഡേര്‍ഡ് (O) വേരിയന്റ് 77000 രൂപ കുറഞ്ഞു. ബേസ് വേരിയന്റിന്റെ പുതിയ വില വെറും 3.50 ലക്ഷം രൂപയാണ്.

മാരുതി എസ്-പ്രെസോയുടെ എല്ലാ വേരിയന്റുകള്‍ക്കും ആള്‍ട്ടോയുടെ അനുബന്ധ വേരിയന്റുകളേക്കാള്‍ 20,000 രൂപ കുറവാണിപ്പോൾ. മികച്ച കണ്ടീഷനിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്ന വിലയില്‍ ഇപ്പോള്‍ പുത്തന്‍ എസ്‌പ്രെസോ വാങ്ങാന്‍ പറ്റുന്ന സാഹചര്യമാണ്. ജിഎസ്ടി ഇളവുകളും ഉത്സവകാലം ഓഫറുകളും ഒക്‌ടോബറില്‍ എസ്‌പ്രെസോയുടെ വില്‍പ്പന കൂട്ടിയോ എന്നറിയാന്‍ ഏവര്‍ക്കും താല്‍പര്യമുണ്ടാകും. അത് ചുവടെ വിശദമായി വായിക്കാം.
റഷ്‌ലെയ്ന്‍ പങ്കുവെച്ച 2025 ഒക്ടോബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം മാരുതി സുസുക്കി എസ്‌പ്രെസോയ്ക്ക് 2857 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസം എസ്-പ്രെസോയുടെ വില്‍പ്പന 2139 യൂണിറ്റായിരുന്നു. അതായത്, 2024 ഒക്ടോബറിനെ അപേക്ഷിച്ച് 2025 ഒക്ടോബറില്‍ മാരുതി സുസുക്കി 718 യൂണിറ്റ് എസ്-പ്രെസോ അധികം വിറ്റു. വാര്‍ഷിക വളര്‍ച്ച 33.57 ശതമാനമാണ്.
2025 സെപ്റ്റംബര്‍ മാസം വിറ്റ 1774 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോഴും മികച്ച വളര്‍ച്ചയാണ്. കഴിഞ്ഞ 6 മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത് ആദ്യമായാണ് എസ്‌പ്രെസോയുടെ വില്‍പ്പന 2500 യൂണിറ്റിന് മുകളില്‍ പോകുന്നത്. 2025 മെയ് മാസം നേടിയ 1806 യൂണിറ്റായിരുന്നു 6 മാസത്തിനിടെയുള്ള മികച്ച പ്രകടനം.
ഏതായാലും ജിഎസ്ടി നിരക്ക് ഇളവുകളും ദീപാവലി ഓഫറുകളും എസ്‌പ്രെസോയുടെ വില്‍പ്പന ഉയര്‍ത്തിയെന്ന കാര്യം സത്യമാണ്. വരും മാസങ്ങളില്‍ ഇതേ പ്രകടനം കാഴ്ചവെക്കാന്‍ മോഡലിന് സാധിക്കുമോയെന്ന കാര്യമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മാരുതി എസ്‌പ്രെസോയെ കുറിച്ച് പറയുമ്പോള്‍ എസ്‌യുവിഷ് ഡിസൈനും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമായി വരുന്ന ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും പ്രായോഗികമായ ഓപ്ഷനുകളില്‍ ഒന്നാണ്.

വിശാലമായ ക്യാബിനും മികച്ച മൈലേജുമെല്ലാം തരുന്ന എസ്‌പ്രെസോ ഇന്ത്യക്കാര്‍ കുറച്ചു കൂടി പരിഗണന നല്‍കേണ്ട കാര്‍ ആയിരുന്നു. ആള്‍ട്ടോ അടക്കമുള്ള എന്‍ട്രി ലെവല്‍ കാറുകളില്‍ എല്ലാം 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആയി ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തപ്പോള്‍ എസ്‌പ്രെസോ അതില്‍ ഉള്‍പെട്ടില്ല. ആള്‍ട്ടോയും എസ്‌പ്രെസോയും തമ്മില്‍ വില അന്തരത്തിനുള്ള കാരണങ്ങളിലൊന്ന് സ്റ്റാന്‍ഡേര്‍ഡ് ആയി
6 എയര്‍ബാഗുകള്‍ ലഭിക്കുന്നില്ല എന്നതാണ്.
ആയുസിന്റെ അവസാനത്തോട് അടുക്കുന്നതിനാലാണ് മാരുതി എസ്‌പ്രെസോ, ഇഗ്‌നിസ് എന്നീ മോഡലുകളില്‍ ഈ അപ്‌ഡേറ്റ് വരുത്താത്തതെന്നാണ് അണിയറ സംസാരം. എന്നിരുന്നാലും എസ്‌പ്രെസോയില്‍ 17.78 cm സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ കാണാം.

കുറഞ്ഞ വില മാത്രമല്ല ഇന്ധനക്ഷമതയും ഇതിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. കാറിന്റെ Std (O), LXi (O) എന്നീ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.12 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് VXi (O), VXi+ (O) വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.76 കിലോമീറ്ററും VXi (O) എജിഎസ് VXi+ (O) എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.30 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് പറയുന്നു. പെട്രോള്‍ കാറുകളെ സംബന്ധിച്ച് ഇത് മികച്ച മൈലേജ് കണക്കുകളാണ്.
എസ്പ്രെസോയുടെ സിഎന്‍ജി വേരിയന്റുകള്‍ പ്രീമിയം ബൈക്കിനേക്കാള്‍ ഇന്ധനക്ഷമത ലഭിക്കും. മാരുതി എസ്-പ്രെസോയുടെ LXI (O), VXI (O) സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 32.73 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. മികച്ച മൈലേജ് മാത്രമല്ല ഈ കാറിന് പരിപാലനച്ചെലവും കുറവാണ്. കുറഞ്ഞ വിലയും മികച്ച മൈലേജുമുള്ള ഈ കാര്‍ യൂസ്ഡ് സ്വിഫ്റ്റിന്റെ വിലയില്‍ കിട്ടുമെന്നതിനാല്‍ വരും മാസങ്ങളിലും വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








