8 ദിവസം കൊണ്ട് 1.65 ലക്ഷം വീട്ടിൽ മാരുതി! കൊടുത്തുതീര്‍ക്കാനുള്ളത് 2.50 ലക്ഷം യൂണിറ്റ്
ഉത്സവ സീസണ്‍ ആയതിനാല്‍ പൊതുവേ മികച്ച വില്‍പ്പന നടക്കുന്ന മാസമാണ് സെപ്റ്റംബര്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ചരക്കു സേവന നികുതി കുറച്ച ശേഷം വരുന്ന ആദ്യത്തെ സെയില്‍സ് റിപ്പോര്‍ട്ട് ആയതിനാല്‍ ആളുകള്‍ ആകാംക്ഷയിലാണ്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏറ്റവും കൂടുതല്‍ വിലക്കുറവ് ലഭിച്ചിരിക്കുന്നത് ചെറുകാറുകള്‍ക്കാണ്. അതുകൊണ്ട് തന്നെ ഇതിന്റെ നേട്ടം ഏറ്റവും കൊയ്യാന്‍ സാധ്യതയുള്ളത് മാരുതി സുസുക്കിയാണ് (Maruti Suzuki). ഇപ്പോള്‍ മാരുതി സുസുക്കി 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. സെപ്റ്റംബറിലെ കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി വില്‍പ്പനയുടെ വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
സെപ്റ്റംബര്‍ മാസത്തില്‍ മാത്രം കമ്പനി ആകെ 1,89,655 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ വില്‍പ്പനയില്‍ 3 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. അതേസമയം, സെപ്റ്റംബറില്‍ അവര്‍ അഭൂതപൂര്‍വമായ കയറ്റുമതി വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ മാസം 1,35,711 കാറുകള്‍ ആഭ്യന്തരമായി വിറ്റപ്പോള്‍ 42,204 കാറുകള്‍ കയറ്റുമതി ചെയ്തു.

മാരുതി ചരിത്രത്തില്‍ ഒരിക്കലും ഇത്രയധികം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനി ആകെ 1,84,727 കാറുകളാണ് വിറ്റത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മാസം 5000 കാറുകള്‍ കൂടുതല്‍ വിറ്റഴിക്കപ്പെട്ടു. ജിഎസ്ടി നികുതി ഇളവും നവരാത്രിയും കാരണം വില്‍പ്പന അതിവേഗം വര്‍ധിച്ചതായി കമ്പനി അറിയിച്ചു.
നവരാത്രിയുടെ ആദ്യ ദിവസമായിരുന്ന സെപ്റ്റംബര്‍ 22-നാണ് ജിഎസ്ടി നിരക്ക് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നത്. വെറും 8 ദിവസത്തിനുള്ളില്‍ 1.65 ലക്ഷം ആളുകള്‍ക്ക് കാറുകള്‍ എത്തിച്ചതായി കമ്പനി അറിയിച്ചു. ഉത്സവ കാലത്ത് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നതിനാല്‍ മിക്ക ആളുകളും ഡെലിവറി ആ സമയത്തേക്കായിരിക്കും നിശ്ചയിച്ചിട്ടുണ്ടാകുക.

മാരുതിയുടെ വില്‍പ്പന കണക്കുകളിലേക്ക് വിശദമായി കടന്നാല്‍ ആള്‍ട്ടേയും എസ്‌പ്രെസോയും ഉള്‍പ്പെടുന്ന മിനി വിഭാഗത്തില്‍ വില്‍പ്പന കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 10363 യൂണിറ്റ് ഉണ്ടായിരുന്ന വില്‍പ്പന ഈ വര്‍ഷം 7,208 യൂണിറ്റായി കുറഞ്ഞു. കോംപാക്റ്റ് സെഗ്മെന്റില്‍ ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ ആര്‍ എന്നിവയാണ് മാരുതി വില്‍ക്കുന്നത്. കഴിഞ്ഞ മാസം സെഗ്മെന്റില്‍ മാരുതിക്ക് 66,882 കാറുകള്‍ വില്‍ക്കാനായി. അതേസമയം 2024 സെപ്റ്റംബറില്‍ വില്‍പ്പന 60,480 യൂണിറ്റ് ആയിരുന്നു.
മിഡ്‌സൈസ് സെഡാന്‍ വിഭാഗത്തില്‍ കമ്പനിയുടെ നിരയില്‍ ഇപ്പോഴും സിയാസ് ഉണ്ടെങ്കിലും ഒരു യൂണിറ്റ് പോലും വിറ്റഴിച്ചിട്ടില്ല. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍, ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ഇന്‍വിക്‌റ്റോ, ജിംനി, വിക്ടോറിസ്, XL6 എന്നിവ മികച്ച വില്‍പ്പനയാണ് നേടുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ വിഭാഗത്തില്‍ 48,695 വാഹനങ്ങള്‍ ആയിരുന്നു കമ്പനി വിറ്റത്. അതേസമയം 2025 സെപ്റ്റംബറില്‍ വില്‍പ്പന 61,549 യൂണിറ്റായി ഉയര്‍ന്നു.

വാന്‍ വിഭാഗത്തില്‍ കമ്പനി ഇക്കോ കാര്‍ മാത്രമാണ് വില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള മികച്ച പ്രകടനം ഈക്കോ തുടര്‍ന്നു. കഴിഞ്ഞ മാസം മാരുതി 10,035 ഈക്കോ വിറ്റു. അതേസമയം 2024 സെപ്റ്റംബറില്‍ വില്‍പ്പന 11,908 യൂണിറ്റായിരുന്നു. ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹന വിഭാഗത്തില്‍ സൂപ്പര്‍ ക്യാരി മാത്രമാണ് കമ്പനി വില്‍ക്കുന്നത്.
കഴിഞ്ഞ മാസം സൂപ്പര്‍ ക്യാരിയുടെ വില്‍പ്പന 2891 യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ 3099 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വിഭാഗത്തില്‍ വില്‍പ്പന കുറഞ്ഞു. എല്‍സിവിയടക്കം മാരുതിയുടെ മൊത്തം വില്‍പ്പന 135771 യൂണിറ്റായിരുന്നു. ഇതിന്റെ കൂടെ മാരുതി 11750 യൂണിറ്റ് മറ്റ് ഒഇഎമ്മുകള്‍ക്ക് കൈമാറി.
ആഭ്യന്തര വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയില്ലെങ്കിലും കയറ്റുമതിയില്‍ കമ്പനി പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ദീപാവലിയടക്കം വരാന്‍ പോകുന്നതിനാല്‍ ഒക്‌ടോബര്‍ മാസം വില്‍പ്പന പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോട്കം ഉത്സവകാലത്തെ കമ്പനിയുടെ ബുക്കിംഗ് 3.50 ലക്ഷം യൂണിറ്റ് കടന്നിട്ടുണ്ട്. ഇനിയും കൊടുത്തു തീര്‍ക്കാനുള്ളത് 2.50 ലക്ഷം കാറുകളാണ്.


Click it and Unblock the Notifications








