അങ്ങനെ അതും സംഭവിച്ചു, ഇന്ത്യയില്‍ മാരുതിയുടെ കച്ചോടം കുറഞ്ഞു! രക്ഷിച്ചത് വിദേശികള്‍
ഇന്ത്യന്‍ കാര്‍ വിപണി വര്‍ഷങ്ങളായി അടക്കി ഭരിക്കുകയാണ് മാരുതി സുസുക്കി. പതിറ്റാണ്ടുകളായി മാരുതിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. വില്‍പ്പന നമ്പറുകളുടെ കാര്യത്തില്‍ ചില മാസങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാറുണ്ട്. അത് ഉടന്‍ തന്നെ മറ്റ് രീതികളില്‍ കമ്പനി പരിഹരിക്കാറുണ്ട്. ഇപ്പോള്‍ 2025 മെയ് മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതി സുസുക്കി ആഭ്യന്തര വില്‍പ്പനയില്‍ ഇടിവ് നേരിട്ടു. എന്നാല്‍ കയറ്റുമതിയിലെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം ഇത് മറികടന്ന് മെത്തം വില്‍പ്പന പോസിറ്റീവാക്കാന്‍ സാധിച്ചു. പോയ മാസത്തെ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ വില്‍പ്പന കണക്കുകള്‍ വിശദമായി നമുക്ക് വിലയിരുത്താം.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2025 മെയ് മാസത്തില്‍ ആകെ 1,80,077 യൂണിറ്റ് വാഹനങ്ങള്‍ വില്‍പ്പന നടത്തി. ഇതില്‍ ആഭ്യന്തര വില്‍പ്പനയും കയറ്റുമതിമതിയും മറ്റ് ഒഇഎമ്മുകള്‍ക്ക് നല്‍കിയ കാറുകളുടെ വില്‍പ്പനയും ഉള്‍പ്പെടുന്നു. മൊത്തം വില്‍പ്പനയുടെ കാര്യത്തില്‍ 12 മാസങ്ങള്‍ക്ക് മുമ്പ് 2024 മെയ് മാസത്തില്‍ വിറ്റ 174551 യൂണിറ്റിനേക്കാള്‍ 3.2% വളര്‍ച്ച രേഖപ്പെടുത്തി.

ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 5.6 ശതമാനം ഇടിഞ്ഞ് 1,35,962 യൂണിറ്റായി. 2024 മെയ് മാസത്തിലെ വില്‍പ്പന 1,44,002 യൂണിറ്റുകളായിരുന്നു. ആള്‍ട്ടോ, എസ്‌പ്രെസോ എന്നിവ ഉള്‍പ്പെടുന്ന മിനി സെഗ്മെന്റില്‍ വമ്പന്‍ വില്‍പ്പന ഇടിവ് നേരിട്ടു. 2025 മെയ് മാസത്തില്‍ 31.5% വാര്‍ഷിക ഇടിവോടെ 6776 യൂണിറ്റ് മാത്രമാണ് വില്‍ക്കാനായത്. കഴിഞ്ഞ വര്‍ഷം ഇത് 9,902 യൂണിറ്റുകളായിരുന്നു.
ബലേനോ, സ്വിഫ്റ്റ്, വാഗണ്‍ആര്‍, ഡിസയര്‍, സെലേറിയോ, ഇഗ്‌നിസ് എന്നിവ അണിനരക്കുന്ന കോംപാക്ട് വിഭാഗത്തിനും രക്ഷയുണ്ടായില്ല. 2024 മെയ് മാസത്തിലെ 68,206 യൂണിറ്റുകളെ അപേക്ഷിച്ച് 61,502 യൂണിറ്റ് കോംപാക്ട് കാറുകളാണ് മാരുതിക്ക് കഴിഞ്ഞ മാസം വില്‍ക്കാനായത്. ഇടിവ് 9.6%. കഴിഞ്ഞ വര്‍ഷം 730 യൂണിറ്റ് വില്‍പ്പന നേടിയിരുന്ന മിഡ്‌സൈസ് സെഡാനായ സിയാസിന്റെ വില്‍പ്പന വെറും 458 യൂണിറ്റായി കുറഞ്ഞു.

നേരിയ വളര്‍ച്ച രേഖപ്പെടുത്തിയ യൂടിലിറ്റി വാഹന വിഭാഗമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി മാരുതിക്ക് കരുത്താകുന്നത്. യുവി സെഗ്‌മെന്റ് 2025 മെയ് മാസവും പ്രതീക്ഷ കാത്തു. ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, XL6, ഇന്‍വിക്‌റ്റോ, ജിംനി എന്നിവയുള്‍പ്പെടുന്നു യൂടിലിറ്റി വാഹന വിഭാഗം 54899 യൂണിറ്റ് വില്‍പ്പന നേടി. 54,204 യൂണിറ്റായിരുന്നു 2024 മെയിലെ വില്‍പ്പന.
അതേസമയം ഇക്കോ വാന്‍ കഴിഞ്ഞ മാസം മികച്ച വില്‍പ്പന ആസ്വദിച്ചു. 2024 മെയ് മാസത്തിലെ 10,960 യൂണിറ്റുകളില്‍ നിന്ന് 12,327 യൂണിറ്റാക്കി ഉയര്‍ത്തിയതോടെ ഇക്കോ 12.5% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2,728 യൂണിറ്റ് വില്‍പ്പനയുമായി സൂപ്പര്‍ കാരി എല്‍സിവി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (2,692 യൂണിറ്റ്) നേരിയ വളര്‍ച്ച നേടി. ടൊയോട്ട മാരുതി കാറുകള്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നത് എല്ലാവര്‍ക്കും അറിയാം.

കഴിഞ്ഞ മാസം മാരുതി ടൊയോട്ടക്ക് കൈമാറിയ വാഹനങ്ങളുടെ എണ്ണവും നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വില്‍പ്പന 2024 മെയ് മാസത്തിലെ 10,490 യൂണിറ്റുകളില്‍ നിന്ന് 10,168 യൂണിറ്റായി കുറഞ്ഞു. പല സെഗ്‌മെന്റുകളിലുമുള്ള ഇടിവ് മാരുതി മറികടന്നത് കയറ്റുമതിയിലെ ശ്രദ്ധേയമായ വളര്‍ച്ചിയിലൂടെയാണ്. 2025 മെയ് മാസത്തില്‍ മാരുതിയുടെ 80% വര്‍ധിച്ചു. 2025 മെയ് മാസത്തില്‍ 31,219 വാഹനങ്ങള്‍ കമ്പനി കപ്പല്‍ കയറ്റി വിട്ടു. കഴിഞ്ഞ വര്‍ഷം മെയില്‍ ഇത് 17,367 യൂണിറ്റ് മാത്രമായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വില്‍പ്പനയില്‍ ഇടിവ് നേരിട്ടാല്‍ മാരുതിക്ക് രക്ഷയാകുന്നത് കയറ്റുമതിയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജിംനി, ഫ്രോങ്ക്‌സ് എന്നീ കാറുകള്‍ കമ്പനി വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിരുന്നു. ഇന്ത്യന്‍ നിര്‍മിത കാറുകള്‍ക്ക് വിദേശത്ത് മികച്ച ഡിമാന്‍ഡ് ആണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മാരുതിയുടെ മൊത്തം വില്‍പ്പന 3,59,866 യൂണിറ്റായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ വില്‍പ്പന 3,42,640 യൂണിറ്റായിരുന്നു.


Click it and Unblock the Notifications








