33 കി.മീ മൈലേജുള്ള കാര്‍ 4.26 ലക്ഷത്തിന്! ബൈക്കിന് പകരം കുടുംബങ്ങൾക്ക് കണ്ണുംപൂട്ടി വാങ്ങാം ഈ കാര്‍
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ കാര്‍ വിപണിയുടെ നട്ടെല്ല് തന്നെ ചെറുകാറുകള്‍ ആയിരുന്നു. ഇന്ന് പക്ഷേ ആ സ്ഥാനം കൈയ്യാളുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി) ആണ്. ബജറ്റ് വിലയിലുള്ള ഹാച്ച്ബാക്കുകളുമായി ഇന്ത്യന്‍ വിപണി കീഴടക്കിയ മാരുതി സുസുക്കിയാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. നിലവില്‍ മാരുതിയുടെ കുറഞ്ഞ വിലയുള്ള കാറുകളുടെ വില്‍പ്പന നന്നേ കുറവാണ്. അക്കൂട്ടത്തില്‍ ഒന്നാണ് മാരുതി സുസുക്കി എസ്-പ്രെസോ. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് മാരുതി എസ്‌പ്രെസോയുടെ സ്ഥാനം.
ഈ കാറിന്റെ ബേസ് വേരിയന്റിന് വെറും 4.26 ലക്ഷം രൂപയാണ് വില. റേഞ്ച് ടോപിംഗ് വേരിയന്റ് സ്വന്തമാക്കാന്‍ മുടക്കേണ്ടത് 6.12 ലക്ഷം രൂപയാണ്. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്-ഷോറൂം വിലകള്‍ ആണിതെന്ന് ശ്രദ്ധിക്കുക. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് കാര്‍ നിരത്തിലെത്തിക്കാന്‍ കുറച്ച് കൂടി പണം കൈയ്യില്‍ കരുതേണ്ടി വരും.

കുറഞ്ഞ ബജറ്റില്‍ ഒരു പുത്തന്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന ആദ്യ ഓപ്ഷനുകളില്‍ ഒന്നാണ് മാരുതി എസ്‌പ്രെസോ. ആദ്യമായി കാര്‍ വാങ്ങുന്നവര്‍ക്ക് ഇത് പരിഗണിക്കാവുന്നതാണ്. മാരുതി സുസുക്കി എസ്-പ്രെസോ വില കുറഞ്ഞ കാര്‍ മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്ന കാറുകളില്‍ ഒന്ന് കൂടിയാണ്.
ഈ കാറിന്റെ Std (O), LXi (O) എന്നീ വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.12 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. മറുവശത്ത് VXi (O), VXi+ (O) വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.76 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു. അതുപോലെ VXi (O) എജിഎസ് VXi+ (O) എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.30 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നു. ഈ വേരിയന്റുകളെല്ലാം തന്നെ പെട്രോള്‍ എഞ്ചിന്‍ മോഡലുകളാണ്.

സാധാരണഗതിയില്‍ ഇത് മികച്ച ഇന്ധനക്ഷമത കണക്കുകളാണ്. എന്നിരുന്നാലും ഇതിനേക്കാള്‍ മൈലേജ് ഈ കാറിന്റെ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്ന വേരിയന്റുകള്‍ ഉണ്ട്. മാരുതി സുസുക്കി എസ്-പ്രെസോയുടെ LXI (O), VXI (O) സിഎന്‍ജി വേരിയന്റുകള്‍ക്ക് കിലോമീറ്ററിന് 32.73 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. ഇവയെല്ലാം മാരുതി സുസുക്കിയുടെ വെബ്‌സൈറ്റില്‍ കൊടുത്ത ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കണക്കുകളാണ് ഇത്.
മൈലേജ് കുറവാണെന്നത് മാത്രമല്ല മറ്റ് മാരുതി കാറുകളെ പോലെ പരിപാലന ചെലവും കുറവാണ്. 17.78 cm സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ നിരവധി ഫീച്ചറുകളും ഈ വാഹനത്തിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കുറഞ്ഞ വിലയില്‍ മികച്ച മൈലേജും ഫീച്ചറുകളുമുള്ള ഒരു കാര്‍ എന്ന് എസ്‌പ്രെസോയെ വിളിക്കാം.

എന്നിരുന്നാലും 2025-ലെ ആദ്യത്തെ 5 മാസങ്ങളില്‍ (ജനുവരി-മെയ്) 8,900 മാരുതി എസ്-പ്രെസോ കാറുകള്‍ മാത്രമാണ് വിറ്റഴിക്കാനായത്. 2025 ജനുവരിയില്‍ 2,895 മാരുതി സുസുക്കി എസ്-പ്രെസോ കാറുകളാണ് വിറ്റഴിച്ചത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇത് യഥാക്രമം 1,685, 1,788 ആയി കുറഞ്ഞു. ഏപ്രില്‍ മാസത്തില്‍ 726 കാറുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. മെയ് മാസത്തില്‍ 1,806 യൂണിറ്റായി കൂടി. മൊത്തത്തില്‍ ഈ വര്‍ഷം ആദ്യത്തെ 5 മാസങ്ങളില്‍ 8,900 കാറുകള്‍ മാത്രമാണ് വിറ്റഴിച്ചത്.
മാരുതി സുസുക്കിയുടെ മറ്റു മോഡലുകളെ അപേക്ഷിച്ച് ഇതിന്റെ കച്ചവടം നന്നേ കുറവാണെന്ന് പറയാം. തുടക്കത്തില്‍ പറഞ്ഞ പോലെ മാരുതി സുസുക്കി എസ്-പ്രെസോ പോലുള്ള വില കുറഞ്ഞ ഹാച്ച്ബാക്ക് കാറുകള്‍ ഇപ്പോള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല. പകരം കുറച്ച് പണം കൂടി ചേര്‍ത്ത് എസ്‌യുവികളാണ് സ്വന്തമാക്കുന്നത്. ചെറുകാറുകളെ ആകര്‍ഷകമാക്കാന്‍ കമ്പനി ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗ് ചേര്‍ത്തിട്ടും വില്‍പ്പനയില്‍ അത് പ്രതിഫലിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


Click it and Unblock the Notifications








