1 മാസം മാരുതി വിറ്റത് 30000 സ്വിഫ്റ്റ്! പവര്‍ കുറഞ്ഞാലെന്താ 25 കി.മീ മൈലേജ് ഉണ്ടെല്ലോ
ഇന്ത്യയില്‍ ചില കാര്‍ കമ്പനികള്‍ സ്ഥിരമായി പ്രതിമാസം 1000 യൂണിറ്റ് വരെ വില്‍ക്കാന്‍ കഷ്ടപ്പെടുന്ന സമയത്ത് ഒരു കാര്‍ 30,000 യൂണിറ്റിനടുത്ത് വില്‍പ്പന നേടിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. രാജ്യത്ത് കാര്‍ വില്‍പ്പനയുമായി ബന്ധപ്പെടുത്തി റെക്കോഡുകള്‍ തീര്‍ക്കുന്നത് ശീലമാക്കിയ മാരുതി സുസുക്കി തന്നെയാണ് ഇതിനും പിന്നില്‍. സമീപകാലത്ത് ഏറെ പിന്നിലായിപ്പോയിരുന്ന ഹാച്ച്ബാക്ക് സെഗ്മെന്റിന്റെ വമ്പന്‍ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ മാസം മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 29,765 യൂണിറ്റുകള്‍ വിറ്റഴിച്ചതായി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.
രാജ്യത്ത് ഒരു മാസത്തിനിടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി ഇത് മാറി. 2024 ഡിസംബറില്‍ മാരുതി മൊത്തം 62324 ഹാച്ച്ബാക്കുകള്‍ വിറ്റു. 2023 ഡിസംബറില്‍ വിറ്റ 48298 യൂണിറ്റില്‍ നിന്ന് 29 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 29,566 യൂണിറ്റുകളുമായി മാരുതി വാഗണ്‍ആറും 26,789 യൂണിറ്റുകളുമായി മാരുതി ബലേനോയും കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയിലെ മികച്ച വില്‍പ്പനയുള്ള മറ്റ് രണ്ട് മോഡലുകളായി.

മൂവര്‍ സംഘത്തിലൂടെ ആദ്യ 3 സ്ഥാനങ്ങള്‍ മാരുതി പിടിച്ചെടുത്തു. 2024 മെയ് മാസത്തിലാണ് കമ്പനി നാലാം തലമുറ സ്വിഫ്റ്റ് (2024 Maruti Suzuki Swift) ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ച് ചെയ്തതു മുതല്‍ രാജ്യത്തെ ഒന്നാം നമ്പര്‍ ഹാച്ച്ബാക്ക് ആയി സ്വിഫ്റ്റ് തുടരുകയാണ്.
LXi, VXi, VXi (O), ZXi, ZXi+, ZXi+ ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ 6 വേരിയന്റുകളില്‍ കമ്പനി ഇത് അവതരിപ്പിച്ചു. വിലയെക്കുറിച്ച് പറയുമ്പോള്‍, 2024 മാരുതി സ്വിഫ്റ്റ് ബേസ് വേരിയന്റായ LXi യുടെ വില 6.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ടോപ് സ്‌പെക് ZXi ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ വില 9.64 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.

തികച്ചും ആഡംബരപൂര്‍ണമായ പുത്തന്‍ ഇന്റീരിയറാണ് പുതുതലമുറ സ്വിഫ്റ്റില്‍ മാരുതി നല്‍കിയിരിക്കുന്നത്. 9 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനാണ് ഇതിനുള്ളത്. പുതുതായി രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ് ലഭ്യമാണ്. വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണക്കുന്നതാണ് ഈ സ്‌ക്രീന്‍. ബലേനോ പ്രീമിയം ഹാച്ച്ബാക്കിന്റെയും ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയുടെയും അതേ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍ ഉപയോഗിച്ചാണ് സെന്റര്‍ കണ്‍സോള്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
റിയര്‍ എസി വെന്റുകള്‍ക്കൊപ്പം വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയും ഈ കാറില്‍ ലഭ്യമാകും. റിയര്‍ വ്യൂ ക്യാമറ ഉള്ളതിനാല്‍ ഡ്രൈവര്‍ക്ക് എളുപ്പത്തില്‍ കാര്‍ പാര്‍ക്ക് ചെയ്യാം. ഇതുകൂടാതെ പുതിയ എല്‍ഇഡി ഫോഗ് ലാമ്പുകളും ലഭിക്കുന്നു. ഡിസൈന്‍, ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ക്കൊപ്പം ഹൃദയം കൂടി മാറ്റിവെച്ചാണ് പുത്തന്‍ സ്വിഫ്റ്റ് അരങ്ങേറിയത്.

സിലിണ്ടറും പവറും കുറയുമെങ്കിലും മൈലേജ് ഗണ്യമായി വര്‍ധിപ്പിക്കുന്ന ഒരു പുതിയ Z സീരീസ് പെട്രോ എഞ്ചിനാണ് സ്വിഫ്റ്റിന് തുടിപ്പേകുന്നത്. പുതിയ 1.2L Z12E 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 80 bhp പവറും 112nm ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഇത് വാങ്ങാം. സ്വിഫ്റ്റിന്റെ മാനുവല്‍ വേരിയന്റിന് 24.80 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റിന് 25.75 കിലോമീറ്ററുമാണ് കമ്പനി മൈലേജ് അവകാശപ്പെടുന്നത്.
സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. പവര്‍ അല്‍പ്പം കുറയുമെങ്കിലും കിലോഗ്രാമിന് 33 കിലോമീറ്ററാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ ഇന്ധനക്ഷമത. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഇഎസ്പി, പുതിയ സസ്പെന്‍ഷന്‍, എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ എന്നിവ ഇതിന് ലഭിക്കുന്നു. ക്രൂയിസ് കണ്‍ട്രോള്‍, എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ) തുടങ്ങിയ അതിശയിപ്പിക്കുന്ന സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്.


Click it and Unblock the Notifications








