നിങ്ങളുണ്ടോ ഈ 10 മില്യണിൽ; ലോകം മുഴുവൻ സ്വിഫ്റ്റ് വിറ്റതിൽ 60 ശതമാനവും ഇന്ത്യയിൽ
മാരുതി സുസുക്കി സ്വിഫ്റ്റ് അന്നും ഇന്നും ഒരു വികാരം തന്നെയാണ്. വർഷങ്ങളായി നിരത്തുകൾ ഭരിക്കുന്ന സ്വിഫ്റ്റിൻ്റെ 10 മില്യൺ യൂണിറ്റുകളാണ് ഇതു വരെ വിൽപ്പന നേടിയതെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങളിലും കാർ ഓഫ് ദി ഇയർ എന്ന പുരസ്കാരം നേടിയ വാഹനം കൂടിയാണ് സ്വിഫ്റ്റ്. ഇതിൽ തന്നെ പ്രധാനപ്പെട്ടത് ഇതു വരെ മൊത്തത്തിൽ 10 മില്യൺ യൂണിറ്റുകൾ വിറ്റതിൽ 60 ശതമാനവും വിറ്റത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത. യൂറോപ്പിൽ 14 ശതമാനം, ജപ്പാൻ 8 ശതമാനം, അതോടൊപ്പം തന്നെ മറ്റ് പ്രദേശങ്ങളിൽ 18 ശതമാനം എന്നിവയാണ് കണക്കുകൾ.
2005 ൽ വിപണിയിൽ എത്തിയതിന് ശേഷം ആറ് ദശലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിൽ വിറ്റത്. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അന്യായ റീസെയിൽ വാല്യുവുള്ള കാറാണ് സ്വിഫ്റ്റ്. രാജ്യത്തെ വണ്ടിഭ്രാന്തില്ലാത്ത സ്ത്രീകൾക്ക് പോലും ഏറെ പരിചിതമായ മോഡലാണ് സ്വിഫ്റ്റ് എന്നതും ഒരു സത്യമാണ്. ഏത് രാത്രിയിൽ കണ്ടാലും തിരിച്ചറിയാൻ പാകത്തിന് വളർന്ന മോഡൽ ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

നിലവിൽ ഫോർസിലിണ്ടർ എഞ്ചിൻ ഉപേക്ഷിച്ച് ത്രീ സിലിണ്ടർ എഞ്ചിനിലേക്ക് ചേക്കേറിയ നാലാംതലമുറയോട് ചെറിയ പരിഭവമുണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ചൂടപ്പം പോലെയാണ് സ്വിഫ്റ്റ് വിറ്റഴിയുന്നത്. LXI, VXI, VXI AMT, VXI(O), VXI(O) AMT എന്നിങ്ങനെ വൈവിധ്യമാർന്ന വകഭേദങ്ങളിൽ വരുന്ന ഇതിഹാസത്തിന് 6.49 ലക്ഷം മുതൽ 9.64 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാണുള്ളത്.
ഇന്നും ഏറ്റവും കൂടുതൽ ഫാൻസുള്ളത് സ്വിഫ്റ്റിന്റെ ആദ്യ മോഡലുകൾക്കാണ്. ഭാരം ലാഭിക്കാനും മികച്ച ഹാൻഡ്‌ലിങ്ങുമായി 2011-ലാണ് ഹാച്ച്ബാക്കിന്റ രണ്ടാം തലമുറ മോഡൽ എത്തിയത്. അതും വലിയ ഹിറ്റാണ് മാരുതിക്ക് നേടിക്കൊടുത്തത്. 2018-ൽ മിനി കൂപ്പർ ലുക്കുമായി സ്വിഫ്റ്റിന്റെ മൂന്നാംതലമുറ ആവർത്തനവുമെത്തി. ഇത് സാങ്കേതികവിദ്യയിലേക്കും കണക്റ്റിവിറ്റിയിലേക്കുമുള്ള ചുവടുവെപ്പായിരുന്നു.

2024-ലാണ് നാലാം തലമുറ സ്വിഫ്റ്റ് ഒരു പുതിയ Z-സീരീസ് എഞ്ചിനും പുത്തൻ എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനുമായി കളംനിറയാനെത്തിയത്. നിലവിലെ മോഡലിന്റെ പുറംഭാഗത്ത് സ്മോക്ക്ഡ് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ ഫിനിഷുകൾ, ഫ്ലോയിംഗ് റാപ്പറൗണ്ട് ക്യാരക്ടർ ലൈൻ എന്നിവയെല്ലാം കോർത്തിണക്കിയാണ് മാരുതി സുസുക്കി പണികഴിപ്പിച്ചിരിക്കുന്നത്. കണ്ട് കണ്ട് ഇഷ്‌ടപ്പെടുന്ന രൂപമാണ് ഇതിന്റെ പ്രത്യേകത.
ഫ്ലാറ്റ്-ബോട്ടംഡ് സ്റ്റിയറിംഗ് വീൽ, അസമമായ ഡയൽ സജ്ജീകരണം, കോക്ക്പിറ്റ് പോലുള്ള ലേഔട്ട് എന്നിവയോടെയാണ് പുതിയ സ്വിഫ്റ്റിന്റെ അകത്തളം ഒരുങ്ങിയിരിക്കുന്നത്. 6 എയർബാഗുകൾ, റോൾഓവർ മിറ്റിഗേഷനോടുകൂടിയ ഇഎസ്‌പി, ഹിൽ ഹോൾഡ്, ഇബിഡിയുള്ള എബിഎസ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും പുതുതലമുറ മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതുകൂടാതെ എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകളും ത്രീ-പോയിന്റ് ബെൽറ്റുകളും സ്റ്റാൻഡേർഡായി സ്വിഫ്റ്റിൽ ലഭിക്കുന്നുണ്ട്. ഏറ്റവും പുതിയ സ്വിഫ്റ്റിന് 3,860 mm നീളവും 1,735 mm വീതിയും 1,520 mm ഉയരവും 2,450 mm വീൽബേസും ഉണ്ട്. 1.2 ലിറ്റർ Z- സീരീസ് ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ 80 bhp കരുത്തിൽ 112 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








