അംബാനിയുടെ തന്ത്രവുമായി മാര്‍ക്കറ്റ് പിടിക്കാന്‍ മാരുതി; 250 കോടിയിറക്കി സ്ഥാപിക്കുന്നത് 1 ലക്ഷം ചാര്‍ജറുകള്‍
രാജ്യം കാത്തിരുന്ന ഇലക്ട്രിക് കാറായ ഇവിറ്റാര കഴിഞ്ഞ ദിവസം മാരുതി സുസുക്കി അവതരിപ്പിച്ചു. വില വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും മറ്റ് ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 1 ലക്ഷത്തിലധികം ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതായാണ് മാരുതി സുസുക്കി അറിയിച്ചത്. തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡല്‍ ഇ-വിറ്റാരയുടെ അവതരണ ചടങ്ങിലായിരുന്നു സുപ്രധാന പ്രഖ്യാപനം. ഇതിനായി 250 കോടി രൂപയിലധികമാണ് നിക്ഷേപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജിയോയിലൂടെ അടക്കം പണമിറക്കി പണംവാരിയ മുകേഷ് അംബാനിയുടെ അതേ തന്ത്രമാണ് മാരുതിയും പിന്തുടരുന്നതെന്നാണ് തോന്നുന്നത്.
ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ വിപുലീകൃത ചാര്‍ജിംഗ് ശൃംഖല സഹായിക്കുമെന്ന് മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിരോഷി ടകൂച്ചി അഭിപ്രായപ്പെട്ടു. നിലവില്‍ മാരുതി സുസുക്കി 1,100 നഗരങ്ങളിലായി 2,000 പ്രത്യേക ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇ-വിറ്റാരയുടെ കളംനിറയാന്‍ പോകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് ചാര്‍ജിംഗ് നെറ്റ്വര്‍ക്കുകളില്‍ ഒന്നായി മാറാനാണ് മാരുതി സുസുകി ഒരുങ്ങുന്നത്.

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സേവനങ്ങള്‍ നല്‍കുന്ന 13 കമ്പനികളുമായി മാരുതി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച പ്രവര്‍ത്തനക്ഷമതയുള്ള വാഹനങ്ങള്‍ നല്‍കുകയും സൗകര്യവും മനസ്സമാധാനവും ഉറപ്പാക്കുന്ന ഒരു ശക്തമായ ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് തങ്ങള്‍ക്കുള്ളതെന്ന് മാരുതി സുസുക്കി എംഡി ടകൂച്ചി വ്യക്തമാക്കി.
'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 'ഇ ഫോര്‍ മീ' (e for me) എന്ന ആപ്പ് വഴി എല്ലാ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളും ഉപയോഗിക്കാം. ഇത് ഒരുപാട് പ്രത്യേകതകള്‍ വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ട്രാക്കിംഗ് മുതല്‍ പേയ്മെന്റ് വരെയുള്ള തടസങ്ങളില്ലാത്ത ഇവി ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ് ഇത് അവര്‍ക്ക് ഉറപ്പാക്കും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈവേകളിലും എക്‌സ്പ്രസ് വേകളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാന നഗരങ്ങളില്‍ ഓരോ 5-10 കിലോമീറ്ററിനുള്ളില്‍ ഒരു ചാര്‍ജര്‍ സ്ഥാപിക്കാനും തങ്ങള്‍ പദ്ധതിയിടുന്നതായി മാരുതി സുസുക്കി സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസറായ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒന്നാണ് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം. നിലവില്‍ രാജ്യത്ത് ഏകദേശം 30,000 പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്.
പല വിദേശ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഇവി അടിസ്ഥാന സൗകര്യ വികസനം ശൈശവദശയില്‍ മാത്രമാണ്. ഇന്ത്യയില്‍ ലോഞ്ച് ചെയ്തിട്ടില്ലെങ്കിലും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ സുസുക്കിയുടെ ഗുജറാത്തിലെ ഹന്‍സല്‍പൂരിലുള്ള പ്ലാന്റില്‍ ഇവിറ്റാരയുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. അതേമാസം തന്നെ യൂറോപ്യന്‍ വിപണിയിലേക്കുള്ള ആദ്യ ബാച്ച് കപ്പല്‍ കയറ്റി അയക്കുകയും ചെയ്തു. കുറഞ്ഞ ഉല്‍പ്പാദനച്ചെലവ് കണക്കിലെടുത്ത് ഇന്ത്യയെ ഇവിറ്റാരയുടെ ഉല്‍പ്പാദനത്തിനും വിപണനത്തിനുമുള്ള ഹബ് ആയാണ് സുസുക്കി കണക്കാക്കുന്നത്.

ഇന്ത്യന്‍ നിര്‍മ്മിത ഇ-വിറ്റാര ആഗോള വിപണികളെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഇതിനകം യുകെയില്‍ വില്‍പ്പനക്കെത്തി. വൈകാതെ ജപ്പാനിലും ഇ-വിറ്റാര അവതരിപ്പിക്കും. ഇന്ത്യയില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, ഏകദേശം 2026 ജനുവരി-മാര്‍ച്ച് മാസങ്ങളോടെ, ഇ-വിറ്റാരയുടെ ലോഞ്ച് പ്രതീക്ഷിക്കുന്നു. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതി സുസുക്കി ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് അല്‍പ്പം വൈകിയാണ് എന്‍ട്രി നടത്താന്‍ പോകുന്നത്.
മാരുതി ഇല്ലാത്ത സാഹചര്യത്തില്‍ നേരത്തെ എത്തിയ ടാറ്റയും മഹീന്ദ്രയും എംജിയുമടക്കമുള്ള കമ്പനികളാണ് പാസഞ്ചര്‍ ഇവി വിഭാഗം ഭരിക്കുന്നത്. ഇലക്ട്രിക് വാഹന വിപണിയില്‍ പ്രവേശിക്കാന്‍ വൈകിയെങ്കിലും, മറ്റ് പല കാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും വ്യത്യസ്തമായി മാരുതി സുസുക്കി കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായി വിവിധ സമീപനങ്ങള്‍ സ്വീകരിക്കുന്നുണ്ട്.
ബാറ്ററി ഇവികള്‍, ഹൈബ്രിഡ്, സിഎന്‍ജി, ഫ്‌ലെക്‌സ്-ഫ്യുവല്‍ തുടങ്ങിയ വ്യത്യസ്ത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഈ തന്ത്രത്തില്‍ ഉള്‍പ്പെടുന്നു. 2031 സാമ്പത്തിക വര്‍ഷത്തോടെ, മാരുതി സുസുകിയുടെ വാഹന നിരയില്‍ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ (CNG) പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് പ്രധാന സ്ഥാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ മൊത്തം വില്‍പ്പനയിലെ വലിയൊരു ഭാഗം സിഎന്‍ജി മോഡലുകളായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.


Click it and Unblock the Notifications








