3 ദിവസം 1 ലക്ഷം ഡെലിവറി! ഈ ദീപാവലിക്ക് എല്ലാരും കാര്‍ വാങ്ങിയെന്നാ തോന്നുന്നേ...
ഇന്ത്യയില്‍ വാഹന വില്‍പ്പന അതിന്റെ ഉന്നതിയില്‍ എത്തുന്ന സമയമാണ് ഉത്സവ സീസണ്‍. വിപണിയുടെ പരമാവധി ശേഷി നമുക്ക് ഈ കാലയളവില്‍ കാണാം. സാധാരണയായി ഉത്സവ സീസണുകളില്‍ വാഹന വില്‍പ്പനയില്‍ വലിയ വര്‍ധനവ് ഉണ്ടാകാറുണ്ട്. ഈ ദീപാവലിക്ക് ഇന്ത്യയിലുടനീളം റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ അറിയിച്ചു. ദീപാവലി (Diwali 2025) ലക്ഷ്യമിട്ട് നിരവധിയാളുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുകയും നിലവില്‍ അവയുടെ ഡെലിവറികള്‍ നടന്നുവരികയാണെന്നും കമ്പനികള്‍ കൂട്ടിച്ചേര്‍ത്തു. ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കമ്പനികള്‍ സാധാരണയായി നല്‍കി വരുന്ന ഓഫറുകള്‍ക്ക് പുറമെ ചരക്കുസേവന നികുതി (ജിഎസ്ടി) കുറച്ചതും വില്‍പ്പനക്ക് ഉത്തേജനമേകി.
2025 സെപ്റ്റംബര്‍ 22 മുതലാണ് പുതിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ജിഎസ്ടി 2.0 പ്രകാരം ചെറുകാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. നഷ്ടപരിഹാര സെസ് ഇല്ലാതായതോടെ വലിയ വാഹനങ്ങളുടെ നികുതിഭാരവും കുറഞ്ഞു. ജിഎസ്ടി ഘടന പുനര്‍നിര്‍ണയിച്ചത് വാഹനങ്ങളുടെ വില കുറയ്ക്കാനും, അതുവഴി വില്‍പ്പന വര്‍ധിക്കുന്നതിനും പ്രധാന കാരണമായതായി വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ദീപാവലി, ദന്തേരസ് (Dhanteras) ആഘോഷ സമയത്ത് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ക്ക് പൊതുവെ താല്‍പര്യമുണ്ട്. ഈ ആഘോഷ ദിവസങ്ങളില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ശുഭകരമായതിനാലാണ് പലരും ദീപാവലി, ദന്തേരസ് ആഘോഷങ്ങളോട് അനുബന്ധിച്ച് വാഹനങ്ങള്‍ ബുക്ക് ചെയ്യുന്നത്. ഈ സമയത്ത് തന്നെ അവര്‍ ഡെലിവറി പ്രതീക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ചയും ദീപാവലി ദിനത്തിലും വന്‍തോതില്‍ വാഹന ഡെലിവറികള്‍ നടന്നു.
ഈ ഉത്സവ സീസണില്‍ പുതിയ വില്‍പ്പന റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ് എന്നിവര്‍ അറിയിച്ചു. അഞ്ച് ദിവസത്തെ ദീപാവലി ഉത്സവത്തിന്റെ ആരംഭം കുറിക്കുന്ന ധന്തേരസ് സ്വര്‍ണം, വെള്ളി, വാഹനങ്ങള്‍ എന്നിവ വാങ്ങുന്നതിന് ശുഭകരമായ ദിവസമായി കണക്കാക്കുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 18-ന് ഉച്ച മുതല്‍ 19-ന് ഉച്ചയ്ക്ക് ശേഷം വരെ രണ്ട് ദിവസങ്ങളില്‍ ആഘോഷം സംഘടിപ്പിച്ചതായി വാഹന നിര്‍മ്മാതാക്കള്‍ എടുത്തുപറഞ്ഞു.

ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സമയം നല്‍കുകയും കാര്‍ നിര്‍മ്മാതാക്കള്‍ക്ക് മികച്ച വില്‍പ്പന നേടിക്കൊടുക്കുകയും ചെയ്തു. മാരുതി കഴിഞ്ഞ ശനിയാഴ്ച മാത്രം 38,500 വാഹനങ്ങള്‍ വിതരണം ചെയ്തു. ഈ ദീപാവലി സീസണില്‍ മൊത്തം 51,000 വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ കമ്പനി ലക്ഷ്യമിടുന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയം 41000+ യൂണിറ്റുകളായിരുന്നു മാരുതി വിറ്റത്.
ഡെലിവറികളുടെ എണ്ണം കൂടിയത് കാരണം നിരവധി ഷോറൂമുകള്‍ അധികസമയം പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഉത്സവ സീസണില്‍ പ്രതിദിനം 14,000 ബുക്കിംഗുകള്‍ ലഭിക്കുന്നതായും ജിഎസ്ടി വിലക്കിഴിവ് പ്രഖ്യാപിച്ച ശേഷം മൊത്തം 4.5 ലക്ഷം ബുക്കിംഗുകള്‍ ലഭിച്ചതായും മാരുതി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു. മൊത്തം ബുക്കിംഗില്‍ 1 ലക്ഷത്തോളം ചെറുകാറുകള്‍ ആണ്.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ദീപാവലി സീസണില്‍ 14,000 വാഹനങ്ങള്‍ ഡെലിവറി ചെയ്യാനാണ് പദ്ധതിയിട്ടത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയെക്കാള്‍ 20 ശതമാനം കൂടുതലാണ് ഇത് മാരുതിയെപ്പോലെ ഹ്യുണ്ടായിയും ഷോറൂമുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ച് ഈ ഡെലിവറികള്‍ക്ക് സൗകര്യമൊരുക്കി. ഉത്സവ പ്രതീതിയും ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളെ തുടര്‍ന്നുള്ള പോസിറ്റീവ് മനോവഭാവവും കാരണം കൂടുതല്‍ ഉപഭോക്താക്കള്‍ വാഹനങ്ങള്‍ വാങ്ങാനെത്തിയതായി ഹ്യുണ്ടായിയും പറയുന്നു.
ടാറ്റ മോട്ടോര്‍സ് ദീപാവലി ഉത്സവസമയത്ത് 25,000 വാഹനങ്ങള്‍ ഡെലിവറി ചെയ്യാനാണ് ലക്ഷ്യമിട്ടത്. കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വലിയ തോതില്‍ വാഹന വില്‍പ്പന നടത്തി. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ നിന്നാണ് കൂടുതല്‍ ബുക്കിംഗുകള്‍ ലഭിച്ചതെന്നും ഈ പ്രദേശങ്ങളില്‍ വില്‍പ്പന വര്‍ധിക്കുമെന്നും ടാറ്റ പ്രതീക്ഷിക്കുന്നു. ഈ മേഖലകളില്‍ നിന്ന് ടാറ്റ വാഹനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








