കൈയിൽ ഇത്തിരി കാശേ ഉള്ളൂ… കാത്തിരിക്കാൻ റെഡിയാണെങ്കിൽ മാരുതിയുടെ മൂന്ന് പുത്രൻമ്മാരെ സ്വന്തമാക്കാം
രാജ്യത്തെ വാഹനപ്രേമികളുടെ ഹ്യദയത്തിൽ ഒരു പ്രത്യേക സ്ഥാനം കാത്തുസൂക്ഷിക്കുന്നവരാണ് മാരുതി സുസുക്കി. തുടക്കത്തിൽ ചെറുകാറുകൾ നിർമ്മിച്ചുകൊണ്ടാണ് തുടങ്ങിയതെങ്കിലും ഇന്ത്യൻ ജനതയുടെ യാത്രകളിലെ പ്രധാന സുഹൃത്തായി മാറിയിരിക്കുകയാണ് ഇവർ. മികച്ച മൈലേജും, കുറഞ്ഞ മെയിൻ്റനെൻസ് ചിലവും, ഒപ്പം രാജ്യത്ത് ഉടനീളമുള്ള ശക്താമായ സർവീസ് നെറ്റ്‌വർക്കുംമെല്ലാം ആളുകളെ മാരുതിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ സാധാരണക്കാരെ ലക്ഷ്യമിട്ടുകൊണ്ട് പുതിയ ബജറ്റ് ഫ്രണ്ട്ലി കാറുകൾ ഇറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. അടുത്ത വർഷം നിരത്തുകളിൽ ഇറക്കാനായി അണിയറയിലൊരുങ്ങുന്നത് മൂന്ന് മോഡലുകളാണ്.
അതിൽ ആദ്യം പറയേണ്ടത് ഫ്രോങ്ക്സിനെ കുറിച്ചാണ്. ഇതിനോടകം തന്നെ മികച്ച വിൽപ്പന കരസ്ഥമാക്കിയതും ആളുകളെ തൃപ്തിപ്പെടുത്തിയതുമായ ഒരു ചെറിയ എസ്‌യുവിയാണിത്. ഇപ്പോൾ മെച്ചപ്പെടുത്തിയ സുരക്ഷയും ഇൻ്റീരിയറും ഹൈബ്രിഡ് സാങ്കേതികവിദ്യകളുമെല്ലാമായി ആളൊരു പുത്തൻ വരവിനൊരുങ്ങുകയാണ്. ദൈനംദിന ഉപയോഗത്തിന് കുറഞ്ഞവിലയിലൊരു കാർ ആഗ്രഹിക്കുന്നവർക്ക് ഈ അപ്ഡേറ്റഡ് മോഡൽ മികച്ച ഓപ്ഷനായിരിക്കും. നിലവിൽ ഫ്രോങ്ക്സിൻ്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 6.85 ലക്ഷം മുതലാണ്.

ബലേനോയുടെ ഹാർട്ടെക്റ്റ് (HEARTECT) പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഫ്രോങ്ക്സിനെയും നിർമ്മിച്ചിരിക്കുന്നത്. കൂടുതലായും പുതിയ തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഡിസൈനും ഇൻ്റീരിയറുമായിരിക്കും നൽകുക. പുതിയ സിഗ്നേച്ചർ എൽഇഡി, ഡിആർഎൽ, കട്ടിയുള്ള ഗ്രിൽ ഡിസൈൻ എന്നിവയോടൊപ്പം കൂപ്പെ സ്റ്റൈൽ റൂഫ്‌ലൈനും, സ്കൾപ്ചേഡ് ബോഡി ലൈനും, മസ്കുലാർ വീൽ ആർച്ചുകളും എല്ലാം മാരുതി ഫ്രോങ്ക്സിനായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.
ഒരു കോംപാക്റ്റ് എസ്‌യുവിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന തരത്തിലുള്ള എല്ലാവിധ സാങ്കേദികവിദ്യകളും ക്യാബിനിൽ നൽകിയിരിക്കും. അതിൽ 9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ സ്മാർട്ട് പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ ആപ്പിൾ കാർപ്ലേ, 360 ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുത്തിയേക്കും. നിലവിൽ ഫ്രോങ്ക്സ് 1.2-ലിറ്റർ പെട്രോൾ എഞ്ചിൻ 1.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നീ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.

പെട്രോൾ എഞ്ചിൻ 89.7 bhp പവറും 113 Nm ടോർക്കും നൽകുന്നുണ്ട്. ഇത് 5-സ്പീഡ് മാനുവലിലും AMT ഓട്ടോമാറ്റിക്കിലും ലഭ്യമാണ്. കൂടാതെ 21-23 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. ടർബോ പെട്രോൾ എഞ്ചിനിൻ്റെ കാര്യത്തിലാണെങ്കിൽ 100 bhp പവറും 147.6 Nm ടോർക്കും 20-21 കിലോമീറ്റർ മൈലേജുമാണ് കൈവരിക്കുന്നത്. വരാനിരിക്കുന്ന അപ്ഡേറ്റഡ് മോഡലിൽ ഈ കണക്കുകൾ മെച്ചപ്പെടാനുള്ള സാധ്യത കാണുന്നു.
രണ്ടാമതായി കമ്പനി ഇറക്കാനിരിക്കുന്ന മോഡലാണ് eWX. ഇന്ത്യയിലെ എൻട്രി-ലെവൽ ഇലക്ട്രിക് വാഹന വിപണിയിലെ പുതിയൊരു അംഗമാവുമിത്. ബോക്സി ആകൃതിയിലുള്ള രൂപകൽപ്പനയാണ് ഇവിയുടെ പ്രധാന ആകർഷണം എന്നുപറയുന്നത്. ഒപ്പം എൽഇഡി ഹെഡ്‌ലൈറ്റുകളും, ഡിആർഎല്ലുകളും ആകർഷണത്തിൻ്റെ മറ്റു പടികളാണ്. ഇൻ്റീരിയറിൽ ഡിജിറ്റൽ ഡാഷ്ബോർഡ്, ടച്ച്-സ്ക്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം,യൂണിഫൈഡ് ഡിസ്പ്ലേ എന്നിവയും ഉൾപ്പെടുത്തുന്നതായിരിക്കും. 2026-27 കാലയളവിൽ വിപണിയിൽ എത്തിച്ചേരാൻ സാധ്യതയുള്ള ഈ മോഡൽ കൂടുതലായും കുറഞ്ഞ ബജറ്റിൽ ഇവി വാങ്ങാൻ ആഗ്രഹിക്കുന്നവരെയായിരിക്കും ലക്ഷ്യമിടുന്നത്.

ഏറ്റവും അവസാനമായി കൂട്ടിച്ചേർക്കാൻ ഉള്ളത് പുതിയ തലമുറ ബലേനോയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഈ പ്രീമിയം ഹാച്ച്ബാക്ക് പുതുക്കിയ ഹൈബ്രിഡ് സാങ്കേതികവിദ്യയമായി 2027ൽ ആയിരിക്കും അവതരിക്കുക. പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, അലോയ് വീലുകൾ, പുതുക്കിയ ഡാഷ്ബോർഡ്, ടച്ച് സ്ക്രീൻ ഇൻഫോർടൈൻമെന്റ് സിസ്റ്റം എന്നിവ ഉൾപ്പെടുത്തുനാനുള്ള സാധ്യതയുണ്ട്. കൂടാതെ എല്ലാ വേരിയന്റുകളിലും 6 എയർബാഗുകളോടൊപ്പം മികച്ച സുരക്ഷാസംവിധാനങ്ങളും നൽകിയേക്കും.
ഇപ്പോഴത്തെ ബലേനോ 1.2-ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഏകദേശം 90 bhp പവർ ഉത്പാദിപ്പിക്കുകയും 113 Nm ടോർക്ക് നൽകുകയും ചെയ്യുന്നുണ്ട്. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും AMT ഓട്ടോമാറ്റിക് ഓപ്ഷനും ലഭ്യമാണ്. മാത്രവുമല്ല 22-23 കിലോമീറ്റർ വരെ മൈലേജും നൽകുന്നുണ്ട്. CNG പതിപ്പുകളിലാണെങ്കിൻ 30 കിലോമീറ്റർ വരെയാണ് മൈലേജ് കണക്കുകൾ. ഭാവിയിലെ മോഡൽ ഹൈബ്രിഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതിനാൽ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും പ്രവർത്തന ചെലവ് കുറയ്ക്കുകയും ചെയ്തേക്കും.


Click it and Unblock the Notifications








