വിക്‌ടോറിസിന്റെ 28.65Km മൈലേജുള്ള വേരിയന്റില്‍ ആ ട്രെന്‍ഡി ഫീച്ചറില്ല! കാരണം എന്താകും?
അരീന കാറുകള്‍ക്കിടയിലെ ഫ്‌ലാഗ്ഷിപ്പ് മോഡലായിക്കൊണ്ട് ഇക്കഴിഞ്ഞ ദിവസമാണ് മാരുതി സുസുക്കി വിക്‌ടോറിസ് എസ്‌യുവി പുറത്തിറക്കിയത്. ഇന്ത്യന്‍ വിപണിയില്‍ വെറും 10.50 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കിയ വിക്‌ടോറിസ് നിരവധി ഉപഭോക്താക്കള്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലെവല്‍ 2 ADAS സ്യൂട്ടാണ് വിക്ടോറിസിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. ADAS ലഭിക്കുന്ന ആദ്യ മാരുതി കാര്‍ ആണ് വിക്ടോറിസ്. എന്നാല്‍, ADAS സൗകര്യം വിക്‌ടോറിസിന്റെ എല്ലാ വേരിയന്റുകളിലും ലഭ്യമല്ല. ലെവല്‍ 2 ADAS സ്യൂട്ട് ലഭ്യമാകുന്ന വിക്‌ടോറിസിന്റെ വേരിയന്റുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.
നിങ്ങള്‍ മാരുതി വിക്‌ടോറിസില്‍ ADAS ഫീച്ചറുകള്‍ വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ 1.5 ലിറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനുള്ള വേരിയന്റുകള്‍ തിരഞ്ഞെടുക്കണം. കൂടാതെ, 6AT ട്രാന്‍സ്മിഷനോടുകൂടിയ ZXi+ / ZXi+ (O)ടോപ്പ് വേരിയന്റുകളില്‍ മാത്രമാണ് ADAS ലഭ്യം. അതായത് മാനുവല്‍ വേരിയന്റുകളിലോ CNG, സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളിലോ ADAS ലഭ്യമല്ല.

സ്‌ട്രോംഗ് ഹൈബ്രിഡ് മോഡലുകളില്‍ ADAS നല്‍കാത്തത് ആശ്ചര്യകരമാണ്. വിക്ടോറിസില്‍ ലഭ്യമായ ലെവല്‍ 2 ADAS പാക്കേജില്‍ ലെയ്ന്‍ കീപ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഫോര്‍വേഡ് കൊളിഷന്‍ വാര്‍ണിംഗ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍ വിത്ത് ലെയ്ന്‍ ചേഞ്ച് അലേര്‍ട്ട്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് കര്‍വ് സ്പീഡ് റിഡക്ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു.
ഹൈ ബീം അസിസ്റ്റ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ പ്രിവന്‍ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, വെഹിക്കിള്‍ സ്വേ വാര്‍ണിംഗ് എന്നിവയും ഇതിലുണ്ട്.താങ്ങാനാകുന്ന വിലയില്‍ വിക്‌ടോറിസ് ലഭ്യമാക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് മാരുതി സുസുക്കി. ഹ്യുണ്ടായി ക്രെറ്റ പോലുള്ള എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ വിക്‌ടോറിസിന്റെ (10.50 ലക്ഷം രൂപ)
പ്രാരംഭ വില കുറവാണ്.

എന്നാല്‍ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളുടെ വില 19.99 ലക്ഷം രൂപയിലെത്തുന്നു. ഈ വേരിയന്റുകളില്‍ ADAS കൂടി ചേര്‍ത്താല്‍ വില പിന്നെയും കൂടുന്നത് വിപണിയില്‍ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മാരുതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അനുമാനം.
എതിരാളികളുടെ താരതമ്യം ചെയ്യുമ്പോള്‍ ടോപ് വേരിയന്റുകളുടെ വില ഒരു പ്രധാന ഘടകമാണ്.
സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യക്ക് ചെലവ് കൂടുതലാണ്, അതിനൊപ്പം ADAS സ്യൂട്ട് കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ലക്ഷ്യം വെച്ച നിലയില്‍ വില പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്ന് വരില്ല.വിക്‌ടോറിസ് വിപണിയില്‍ തന്‍േറതായ ഒരു സ്ഥാനം കണ്ടെത്തി വിജയിച്ച ശേഷം മാരുതി സുസുക്കി അതിന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളില്‍ ADAS സൗകര്യം അവതരിപ്പിച്ചേക്കാം. എന്നാല്‍ ഇതിനും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെന്ന് ഓര്‍മിപ്പിക്കുന്നു.

ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയ എസ്‌യുവിയാണ് വിക്ടോറിസ് ADAS കൂടാതെ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), എഞ്ചിന്‍ ഡ്രാഗ് കണ്‍ട്രോള്‍ (EDC), ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകൾ കാറിലുണ്ട്.
ബ്രേക്ക് ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 11 വ്യൂകളുള്ള 360° HD വ്യൂ ക്യാമറ, ഓട്ടോ 360° ക്യാമറ ആക്ടിവേഷനോടുകൂടിയ ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, അക്കോസ്റ്റിക് വെഹിക്കിള്‍ അലേര്‍ട്ട് സിസ്റ്റം (AVAS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് വിക്ടോറിസിലെ മറ്റ് സുരക്ഷാ ഫീച്ചറുകള്‍.
വിക്ടോറിസിന്റെ ADAS വേരിയന്റുകളുടെ വില നോക്കുമ്പോള്‍ ഏറ്റവും താങ്ങാനാവുന്ന ZXi+ AT 2WD-ക്ക് 17.19 ലക്ഷം രൂപയാണ് പ്രാരംഭ വില. വിക്‌ടോറിസ് ZXi+ (O) AT 2WD വേരിയന്റിന് 17.77 ലക്ഷം രൂപയും ZXi+ (O) AT 4WD ഓള്‍ഗ്രിപ്പിന് 19.22 ലക്ഷം രൂപയുമാണ് വില. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ വിക്‌ടോറിസിനെ കൂടാതെ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് എന്നിവയാണ് ADAS സൗകര്യം വാഗ്ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








