വില്‍പ്പനയില്‍ അത്ഭുതം സൃഷ്ടിച്ച് മാരുതിയുടെ 5-സ്റ്റാര്‍ എസ്‌യുവി! മൈലേജ് 28.65KM, വില 10.50 ലക്ഷം മുതല്‍
ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി വിഭാഗം പിടിച്ചടക്കാനായി മാരുതി കൊണ്ടുവന്ന ഏറ്റവും പുതിയ മോഡലാണ് വിക്‌ടോറിസ്. സെപ്റ്റംബര്‍ ആദ്യ വാരം പുറത്തിറങ്ങിയ ഈ എസ്‌യുവി മാരുതി മോഡല്‍ നിരയില്‍ ഗ്രാന്‍ഡ് വിറ്റാരക്ക് തൊട്ടുതാഴെയാണ് സ്ഥാനം പിടിക്കുന്നത്. ചുരുങ്ങിയ ആഴ്ചകള്‍ക്കുള്ളില്‍ 25,000-ല്‍ അധികം ബുക്കിംഗുകള്‍ നേടാനും ഈ എസ്‌യുവിക്ക് കഴിഞ്ഞിരുന്നു. ഇതിനോടകം തന്നെ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച എസ്‌യുവിയുടെ ഡെലിവറി കഴിഞ്ഞ മാസം അവസാനമാണ് ആരംഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിക്‌ടോറിസിന്റെ 4,261 യൂണിറ്റുകള്‍ മാരുതി വിറ്റഴിച്ചതായി ലൈവ് ഹിന്ദുസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വില്‍പ്പനയുടെ കാര്യത്തില്‍ വിക്‌ടോറിസ് മാരുതിയുടെ തന്നെ സെലേറിയോ, എസ്-പ്രസോ, ഇഗ്‌നിസ്, XL6, ജിംനി, ഇന്‍വിക്ടോ തുടങ്ങിയ മോഡലുകളെ മറികടന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡര്‍, മാരുതിയുടെ തന്നെ ഗ്രാന്‍ഡ് വിറ്റാര എന്നീ മോഡലുകളുമായി ഏറ്റുമുട്ടുന്ന ഈ മോഡല്‍ മത്സരാധിഷ്ഠിതമായ വിലയിലാണ് പുറത്തിറങ്ങിയത്. അരീന ഡീലര്‍ഷിപ്പുകള്‍ വഴി വിപണനം ചെയ്യുന്ന വിക്‌ടോറിസിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 10.50 ലക്ഷം രൂപയാണ്.

LXi, VXi, ZXi, ZXi(O), ZXi+, ZXi+(O) എന്നിങ്ങനെ ആറ് വേരിയന്റുകളിലാണ് വിക്ടോറിസ് എത്തുന്നത്. ഈ വാഹനം സിഎന്‍ജി പതിപ്പിലും ലഭ്യമാണ്. സിഎന്‍ജി സിലിണ്ടര്‍ കാറിന്റെ ബൂട്ടിന് താഴെയായി സ്ഥാപിച്ചിരിക്കുന്നത് മാരുതിയുടെ ആദ്യ മോഡലാണിത്. മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന ഇ-വിറ്റാര ഇലക്ട്രിക് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടുള്ള പുതിയ ഡിസൈന്‍ ശൈലിയാണ് വിക്‌ടോറിസിനുള്ളത്.
മുന്‍വശത്ത്, ക്രോം സ്ട്രിപ്പ്, കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ്, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയോടുകൂടിയ നേര്‍ത്ത ഗ്രില്‍ കവറോട് ചേര്‍ന്നുള്ള വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകളുണ്ട്. വശങ്ങളില്‍ 18 ഇഞ്ച് അലോയ് വീലുകള്‍, കറുത്ത പില്ലറുകള്‍, സില്‍വര്‍ റൂഫ് റെയിലുകള്‍, കൂടുതല്‍ ചതുരാകൃതിയിലുള്ള ബോഡി ക്ലാഡിംഗ് എന്നിവ കാണാം. പിന്നില്‍, സെഗ്മെന്റഡ് എല്‍ഇഡി ലൈറ്റ് ബാറും 'വിക്‌ടോറിസ്' ബാഡ്ജിംഗും ശ്രദ്ധേയമാണ്.

ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ടെക് സമ്പന്നമായ ക്യാബിനാണ് വിക്‌ടോറിസില്‍ മാരുതി ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡിന് മുകളില്‍ വലിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീന്‍, വലതുവശത്ത് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവയുണ്ട്. അഞ്ച് യാത്രക്കാര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ എസ്‌യുവിയുടെ ഇന്റീരിയര്‍ രൂപകല്‍പ്പന.
വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഡോള്‍ബി അറ്റ്‌മോസിനൊപ്പം 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാര്‍ ടെക്‌നോളജി, ലെതറേറ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, 8-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ക്യാബിന്‍ എയര്‍ ഫില്‍ട്ടര്‍, പവേര്‍ഡ് ടെയില്‍ഗേറ്റ് തുടങ്ങിയ നിരവധി ഫീച്ചറുകള്‍ വിക്ടോറിസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജ് എന്നീ സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉയര്‍ന്ന വേരിയന്റുകളില്‍ 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ലഭ്യമാണ്.
ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്ക്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, ലെയ്ന്‍ ചേഞ്ച് അലേര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന ADAS ലെവല്‍ 2 സേഫ്റ്റി സ്യൂട്ടും കാറില്‍ സുരക്ഷയൊരുക്കുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി സേഫ്റ്റിയിലും വിക്‌ടോറിസ് 'വിക്ടറി' നേടി.
ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.66 പോയിന്റും കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 43 പോയിന്റുമാണ് നേടിയത്.വിക്ടോറിസില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്. 103 bhp പവറുള്ള 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, 116 bhp പവറുള്ള 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍, 89 bhp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഓപ്ഷന്‍ എന്നിവയാണ് അവ.
പെട്രോള്‍ എഞ്ചിനുകള്‍ക്ക് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പിന് e-CVT, സിഎന്‍ജി വേരിയന്റിന് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എന്നിവയാണ് ലഭിക്കുക. ഓള്‍-വീല്‍ ഡ്രൈവ് ഓപ്ഷനും വിക്ടോറിസില്‍ ലഭ്യമാണ്. മള്‍ട്ടിപ്പിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ വരുന്ന വിക്‌ടോറിസ് മികച്ച ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു.
എസ്‌യുവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 21.18 കിലോമീറ്ററും പെട്രോള്‍ ഓട്ടോമാറ്റിക് ലിറ്ററിന് 21.06 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്. അതേസമയം പെട്രോള്‍ AWD വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 19.07 കിലോമീറ്ററായി കുറയുന്നു. സ്‌ട്രോംഗ് ഹൈബ്രിഡ്, സിഎന്‍ജി പതിപ്പുകള്‍ക്കാണ് ഉയര്‍ന്ന മൈലേജുള്ളത്. വിക്‌ടോറിസ് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27.02 കിലോമീറ്ററാണ്. അതേസമയം സ്‌ട്രോംഗ് ഹൈബ്രിഡ് സെറ്റപ്പ് ലിറ്ററിന് 28.65 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








