34Km മൈലേജുള്ള കാര്‍ വാങ്ങാന്‍ ഇരച്ചെത്തി ജനം! ഈ പോക്ക് പോയാല്‍ പഞ്ചിന്റെ നമ്പര്‍ 1 മാരുതി തിരിച്ചെടുക്കും
ജൂണ്‍ മാസം അവസാനിച്ചപ്പോള്‍ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിക്ക് തിരശ്ശീല വീണിരിക്കയാണ്. 2025 ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങിയതോടെ ഒന്നിലേറെ മാസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന പദവി ഹ്യുണ്ടായി ക്രെറ്റ സ്വന്തമാക്കിയിരുന്നു. 2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ക്രെറ്റയാകുമെന്നായിരുന്നു ഒട്ടുമിക്കയാളുകളും കണക്കുകൂട്ടിയത്. എന്നാല്‍ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് 2025 H1 വില്‍പ്പന കണക്കുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത് മാരുതി സുസുക്കി വാഗണ്‍ ആര്‍ ആണ്.
2025-ല്‍ ഇതുവരെ 1,01,424 വാഗണ്‍ ആര്‍ കാറുകളാണ് മാരുതി സുസുക്കി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 99,668 യൂണിറ്റായിരുന്നു വില്‍പ്പന. രണ്ട് ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ടോള്‍ബോയ് ഹാച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലും ഇതേ പ്രകടനം തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷം ടാറ്റ പഞ്ചിന് മുന്നില്‍ അടിയറവ് വെച്ച ബെസ്റ്റ് സെല്ലര്‍ കാര്‍ എന്ന പദവി വാഗണ്‍ ആറിലൂടെ മാരുതിക്ക് തിരിച്ചുപിടിക്കാം.

അതേസമയം 2025-ല്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ എന്ന നേട്ടം സ്വന്തമാക്കാന്‍ ക്രെറ്റയുടെ ശക്തമായ വെല്ലുവിളി വാഗണ്‍ ആര്‍ മറികടക്കേണ്ടതുണ്ട്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ 1,00,560 യൂണിറ്റുകളുടെ വില്‍പ്പനയുമായി ക്രെറ്റ വാഗണ്‍ ആറിന് തൊട്ടുപിന്നിലുണ്ട്. ക്രെറ്റയും വാഗണ്‍ ആറും തമ്മില്‍ വെറും 864 യൂണിറ്റുകളുടെ മാത്രം വ്യത്യാസമാണുള്ളത്. ഇരു മോഡലുകളും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നതിനാല്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറെന്ന സ്ഥാനം ആര്‍ക്കായിരിക്കും ലഭിക്കുക എന്നത് പ്രവചനാതീതമാണ്.
2025 ജൂണ്‍ മാസത്തില്‍ വാഗണ്‍ ആറിന്റെ വില്‍പ്പന 12,930 യൂണിറ്റ് ആയിരുന്നു. 2024 ജൂണില്‍ വിറ്റ 13,790 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 6.24 ശതമാനം ഇടിവാണ്. അതായത് 860 യൂണിറ്റുകളുടെ കുറവ്. പോയ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മാരുതി കാറുകളുടെ പട്ടികയില്‍ ഡിസയര്‍, ബ്രെസ, എര്‍ട്ടിഗ, സ്വിഫ്റ്റ് എന്നിവയ്ക്ക് പിന്നില്‍ അഞ്ചാമതാണ് ഈ മോഡല്‍. ഏതായാലും ജൂണില്‍ വാഗണ്‍ ആറിന് നേരിട്ടത് താല്‍ക്കാലിക ഇടിവ് മാത്രമാണെന്നാണ് പ്രതീക്ഷിക്കുന്നത്.
കലണ്ടര്‍ വര്‍ഷം ഒന്നാം സ്ഥാനത്തെത്താന്‍ കാറിന്റെ വില്‍പ്പന കൂടിയേ മതിയാകൂ. ഉത്സവകാലം അടുത്തെത്തിയതിനാല്‍ കാറിന് ഇന്ത്യന്‍ കുടുംബങ്ങളെ വീണ്ടും ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. 1999-ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ വാഗണ്‍ ആര്‍ കഴിഞ്ഞ 26 കൊല്ലമായി രാജ്യത്തെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നായി വിലസുകയാണ്. കുറഞ്ഞ വിലയും മികച്ച മൈലേജുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം.
അതുകൊണ്ട് തന്നെ ഒരുതവണ വാഗണ്‍ ആര്‍ ഉപയോഗിച്ചവര്‍ അപഗ്രേഡ് ചെയ്യുമ്പോള്‍ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് വാങ്ങുന്നത് നാം കാണാറുണ്ട്. ഹാച്ച്ബാക്ക് വിഭാഗത്തില്‍പ്പെടുന്ന വാഗണ്‍ ആറിന്റെ പ്രാരംഭവില 5.78 ലക്ഷം രൂപയാണ്. ഉയര്‍ന്ന വേരിയന്റിന് 7.49 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. ഈ വാഹനത്തിന് 3,655 mm നീളവും 1,620 mm വീതിയും 1,675 mm ഉയരവുമുണ്ട്.

അഞ്ചുപേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് വാഗണ്‍ ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാഗണ്‍ ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് മാരുതി സുസുക്കി വെബ്‌സൈറ്റില്‍ പറയുന്നത്.
1.0 ലിറ്റര്‍ പെട്രോള്‍/എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 25.19 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്. അതേസമയം 1.0 ലിറ്റര്‍ സിഎന്‍ജി/ മാനുവല്‍ വേരിയന്റുകള്‍ക്ക് കിലോയ്ക്ക് 33.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. വാഗണ്‍ ആറിന്റെ 1.2 ലിറ്റര്‍ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 23.56 കിലോമീറ്ററും, എജിഎസ് വേരിയന്റുകള്‍ക്ക് ലിറ്ററിന് 24.43 കിലോമീറ്ററുമാണ് ക്ലെയിംഡ് മൈലേജ്.

അടുത്തിടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി കമ്പനി കാറിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. കൂടാതെ ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇബിയോടുകൂടിയ എബിഎസ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. 17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ/ ആന്‍ഡ്രോയിഡ് ഓട്ടോ, റിമോട്ട് കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകളും ഈ കാറിലുണ്ട്.


Click it and Unblock the Notifications








