6-ല്‍ 3 മാസവും ഫസ്റ്റടിച്ചത് ക്രെറ്റ! പക്ഷേ 2025-ല്‍ ഇതുവരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റത് ഈ മാരുതി
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇപ്പോള്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കാണ് ഡിമാന്‍ഡ് എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. വിപണിയുടെ 50 ശതമാനത്തിലധികം കൈയ്യടക്കി വെച്ചിരിക്കുന്നത് എസ്‌യുവികളാണ്. ട്രെന്‍ഡ് മാറിയതിനാല്‍ മാരുതി സുസുക്കിയടക്കമുള്ള ബ്രാന്‍ഡുകള്‍ എസ്‌യുവികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2025 ജൂണ്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയി മാറിയത് ഹ്യുണ്ടായി ക്രെറ്റ എസ്‌യുവിയാണ്. ജൂണ്‍ അവസാനിച്ചതോടെ 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിട്ടുകഴിഞ്ഞു. എന്നാല്‍ 2025-ലെ ആദ്യത്തെ 6 മാസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ആയി മാറിയത് ഒരു എസ്‌യുവി അല്ല.
കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായ മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ 2025 ജനുവരി-ജൂണ്‍ മാസങ്ങളിലും വില്‍പ്പനയില്‍ ഒന്നാമതെത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മാരുതി സുസുക്കി വാഗണ്‍ആറിന് 101,424 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

2022 സാമ്പത്തിക വര്‍ഷത്തില്‍ (189,000 യൂണിറ്റുകള്‍) ആരംഭിച്ച മുന്നേറ്റം 2023 (212,340 യൂണിറ്റുകള്‍), 2024 (200,177 യൂണിറ്റുകള്‍), 2025 (198,451 യൂണിറ്റുകള്‍) എന്നീ സാമ്പത്തിക വര്‍ഷങ്ങളിലും മാരുതിയുടെ ജനപ്രിയ ടോള്‍ബോയ് ഹാച്ച്ബാക്ക് തുടര്‍ന്നിരുന്നു. എന്നാല്‍ കലണ്ടര്‍ വര്‍ഷത്തെ കണക്കുകളില്‍ രണ്ട് തവണ വാഗണ്‍ആര്‍ പിന്നാക്കം പോയിരുന്നു. കഴിഞ്ഞ വര്‍ഷം അതായത് 2024-ല്‍ ടാറ്റ പഞ്ച് (202,031 യൂണിറ്റുകള്‍) ആണ് വാഗണ്‍ആറിനെ പിന്തള്ളിയത്. കഴിഞ്ഞ വര്‍ഷം വാഗണ്‍ആറിന്റെ വില്‍പ്പന 190855 യൂണിറ്റായിരുന്നു.
2023-ല്‍ സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയുള്ള മാരുതി സുസുക്കി സ്വിഫ്റ്റും (203,469 യൂണിറ്റുകള്‍) വാഗണ്‍ ആറിനെ (201,301 യൂണിറ്റുകള്‍) തോല്‍പ്പിച്ചു. വിപണിയിലെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വാഗണ്‍ആര്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഇത്രയും പ്രിയപ്പെട്ട മോഡലായി നിലനില്‍ക്കാന്‍ ഒന്നിലേറെ കാരണങ്ങള്‍ ഉണ്ട്. ഒന്ന് അതിന്റെ രൂപകല്‍പ്പനയാണ്. രണ്ടാമത്തെ അത്യാവശ്യം വേണ്ട സൗകര്യങ്ങള്‍ എല്ലാം നിറഞ്ഞ വിശാലമായ ക്യാബിന്‍ ആണ്.

ഏകദേശം 6 ലക്ഷം രൂപ ബജറ്റില്‍ ലഭിക്കുന്ന ഈ കാര്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും വരുന്നു. അതിനാല്‍ മൈലേജിനെ കുറിച്ച് ആശങ്കയുള്ള ഉപഭോക്താക്കളെയും ഇത് വലയിലാക്കുന്നു. 2025 ജനുവരി-ജൂണ്‍ മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാര്‍ ഹ്യുണ്ടായി ക്രെറ്റയാണ്. 100,560 യൂണിറ്റ് വില്‍പ്പനയുമായാണ് ക്രെറ്റ രണ്ടാം സ്ഥാനത്തെത്തിയത്. 11-20 ലക്ഷം രൂപ വിലയുള്ള ഈ പ്രീമിയം എസ്യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമായിരുന്ന ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് ഈ വര്‍ഷം ജനുവരിയിലാണ് വിപണിയിലെത്തിയത്. ക്രെറ്റ ഇലക്ട്രിക്കിന്റെ വരവ് എസ്‌യുവിയുടെ വില്‍പ്പന ഉത്തേജിപ്പിച്ചു. ക്രെറ്റ ഇലക്ട്രിക്കിന്റെ കൂടി വരവോടെ 2025-ന്റെ ആദ്യത്തെ ആറ് മാസങ്ങളില്‍ മൂന്നിലും ഇന്ത്യയിലെ നമ്പര്‍ 1 കാര്‍ ആകാന്‍ ക്രെറ്റക്ക് സാധിച്ചു. 2025 മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായിരുന്നു ക്രെറ്റ. എങ്കിലും 2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ വാഗണ്‍ആറിന് പിന്നിലായിപ്പോയി.

കൂടുതലും മാരുതി സുസുക്കി മോഡലുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. മാരുതി സുസുക്കി ഡിസയര്‍ (96,101 യൂണിറ്റുകള്‍), ബ്രെസ (93,729 യൂണിറ്റുകള്‍), സ്വിഫ്റ്റ് (93,098 യൂണിറ്റുകള്‍), എര്‍ട്ടിഗ (91,991 യൂണിറ്റുകള്‍), ഫ്രോങ്ക്‌സ് (88,066 യൂണിറ്റുകള്‍) എന്നിവയാണ് ആദ്യ ഏഴ് സ്ഥാനങ്ങളില്‍. ടാറ്റ നെക്സോണ്‍ (87,267 യൂണിറ്റുകള്‍) എട്ടാം സ്ഥാനത്തും മഹീന്ദ്ര സ്‌കോര്‍പിയോ (85,648 യൂണിറ്റുകള്‍) ഒമ്പതാം സ്ഥാനത്തും ടാറ്റ പഞ്ച് (84,579 യൂണിറ്റുകള്‍) പത്താം സ്ഥാനത്തും എത്തി.
2025 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 20 കാറുകളില്‍ ഒമ്പത് എണ്ണവും മാരുതിയുടേതാണ്. മഹീന്ദ്രയുടെ നാല് മോഡലുകളും ഹ്യുണ്ടായി, ടാറ്റ, കിയ എന്നിവയുടെ രണ്ട് മോഡലുകള്‍ വീതവും ടൊയോട്ടയുടെ ഒരു മോഡലും ലിസ്റ്റില്‍ ഇടം നേടി. അടുത്ത ആറ് മാസം വാഗണ്‍ആറിന് ഇതേ പ്രകടനം നിലനിര്‍ത്തി കഴിഞ്ഞ വര്‍ഷം പഞ്ച് തട്ടിയെടുത്ത ബെസ്റ്റ് സെല്ലര്‍ കിരീടം തിരിച്ചുപിടിക്കാനാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








