6 പേര്‍ക്ക് ഇന്നോവ സമാനമായ യാത്ര, 26.32 Km മൈലേജും! ഈ മാരുതി വാങ്ങാന്‍ ഷോറൂമില്‍ ആള് കൂടി
ഇന്ത്യയില്‍ കുറഞ്ഞ വിലയുള്ള കാറുകളും പ്രീമിയം മോഡലുകളും ഒരുപോലെ വില്‍ക്കുന്നത് കൊണ്ടാണ് മാരുതി സുസുക്ക് ഇത്ര കണ്ട് വളരാന്‍ സാധിച്ചത്. വലിയ കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ കിടിലന്‍ മൈലേജുള്ള ഒരു കാര്‍ ഏതാണെന്ന് ചോദിച്ചാല്‍ അധികം ആലോചിക്കാതെ മാരുതി സുസുക്കി എര്‍ട്ടിഗയെന്ന് പലരും ഉത്തരം പറയും. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മള്‍ട്ടി പര്‍പ്പസ് വാഹനം (എംപിവി) മാരുതി സുസുക്കി എര്‍ട്ടിഗയാണ്. എന്നാല്‍ എര്‍ട്ടിഗേയക്കാള്‍ കുറച്ച് കൂടി പ്രീമിയം നിലവാരമുള്ള എംപിവി വേണമെന്ന് ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്താതിരിക്കാനാണ് XL6 എന്ന മോഡല്‍ മാരുതി പുറത്തിറക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ, 6 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു കാറാണിത്. എര്‍ട്ടിഗ മാരുതിയുടെ അരീന ഡീലര്‍ഷിപ്പ് ശൃംഖല വഴി വില്‍ക്കുമ്പോള്‍ XL6 വില്‍പ്പനക്കെത്തുന്നത് നെക്‌സ ചാനല്‍ വഴിയാണ്. അടുത്ത കാലത്തായി പൈസ കുറച്ച് അധികം മുടക്കിയാലും സാരമില്ല വണ്ടി അലപ്പം പ്രീമിയമായിക്കോട്ടെ എന്ന ചിന്താഗതിയിലാണ് ഇന്ത്യക്കാര്‍ എന്നാണ് തോന്നുന്നത്. അത് മാരുതി സുസുക്കി XL6 മോഡലിന്റെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.

2025 ഏപ്രില്‍ മാസത്തില്‍ മാരുതി സുസുക്കി XL6 മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ മാസം മാരുതി എംപിവിക്ക് 4140 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2024 ഏപ്രില്‍ മാസം വിറ്റ 3509 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡല്‍ 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
തൊട്ട് മുമ്പത്തെ 2025 മാര്‍ച്ച് മാസവുമായി തട്ടിച്ച്‌നോക്കുമ്പോഴും കച്ചവടം കൂടിയതാണ്. 2025 മാര്‍ച്ചില്‍ 3,105 മാരുതി സുസുക്കി XL6 കാറുകള്‍ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. എന്നാല്‍ ഏപ്രിലില്‍ 4,140 യൂണിറ്റുകള്‍ വിറ്റ കാരണം മാരുതി സുസുക്കി XL6 25 ശതമാനം വളര്‍ച്ച നേടി.

മാരുതി സുസുക്കി XL6 മോഡലിനെ കുറിച്ച് പറയുമ്പോള്‍ ഇതില്‍ 1.5 ലിറ്റര്‍ K15C സ്മാര്‍ട്ട് ഹൈബ്രിഡ്, 1.5 ലിറ്റര്‍ K15C സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാങ്ങാം. അതേസമയം XL6 സിഎന്‍ജി പതിപ്പ് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. എര്‍ട്ടിഗയെ പോലെ തന്നെ മൈലേജ് ആണ് XL6 കാറിന്റെയും ഏറ്റവും ആകര്‍ഷകമായ ഘടകങ്ങളില്‍ ഒന്ന്.
മാരുതി സുസുക്കി XL6 എംപിവിയുടെ പെട്രോള്‍/മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.97 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇന്ധനക്ഷമത പറയുന്നത് ലിറ്ററിന് 20.27 കിലോമീറ്ററാണ്. കൂട്ടത്തില്‍ കൊമ്പന്‍ സിഎന്‍ജി പതിപ്പാണ്. കാറിന്റെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 26.32 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നത്.

17.78 സെന്റീമീറ്റര്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സുസുക്കി കണക്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നിവയാണ് ഈ മാരുതി മോഡലിന്റെ അകത്തളത്തില്‍ ഒരുക്കിയിരിക്കുന്ന പ്രധാന സവിശേഷതകള്‍. 360-ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ സേഫ്റ്റി കിറ്റിലുണ്ട്.
ഫീച്ചര്‍, മൈലേജ് എന്നിവയുടെ കാര്യത്തില്‍ മികച്ച് നില്‍ക്കുമ്പോഴും ഈ കാറിന് ഒരു പോരായ്മയായി ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നത് ഇതില്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് അല്ല എന്നതാണ്. 6 ലക്ഷം രൂപയില്‍ താഴെ വിലയുള്ള നിരവധി കാറുകളുടെ ബേസ് വേരിയന്റില്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു.

കഴിഞ്ഞ ദിവസം മാരുതി തങ്ങളുടെ അരീന മോഡലുകള്‍ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തിരുന്നു. എന്‍ട്രി ലെവല്‍ കാറായ ആള്‍ട്ടോ K10-ല്‍ വരെ 6 എയര്‍ബാഗുകള്‍ ലഭിക്കുമ്പോള്‍ പ്രീമിയം മോഡലായ XL6-ല്‍ ഇത് കാണാനാകില്ല. ഈ കലണ്ടര്‍ വര്‍ഷം അവസാനത്തോടെ മുഴുവന്‍ മോഡല്‍ നിരയിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുമെന്ന മാരുതി ചെയര്‍മാന്റെ വാക്കുകള്‍ നമുക്ക് വിശ്വാസത്തിലെടുക്കാം.
എര്‍ട്ടിഗയെ കൂടാതെ കിയ കാരെന്‍സ്, ടൊയോട്ട റൂമിയോണ്‍ എന്നിവയുമായാണ് ഇത് മത്സരിക്കുന്നത്. കാരെന്‍സിന്റെ പ്രീമിയം പതിപ്പായ കാരെന്‍സ് ക്ലാവിസ് കൂടി വിപണിയില്‍ എത്തിയതിനാല്‍ എയര്‍ബാഗുകള്‍ അടക്കമുള്ള അപ്‌ഡേറ്റുകള്‍ ഈ മോഡലിന് ആവശ്യമാണ്. നിലവില്‍ XL6-ന്റെ പ്രാരംഭ വില 11.84 ലക്ഷം രൂപയാണ്. റേഞ്ച് ടോപിംഗ് വേരിയന്റിന് 14.84 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണ് ഇത്.


Click it and Unblock the Notifications








