33km മൈലേജുള്ള കാറിന് 6 എയര്‍ബാഗ് ഫ്രീയായി നല്‍കിയെന്ന് കരുതിയോ? നൈസായി വില കൂട്ടി മാരുതി
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത ഒരു കാര്‍ മോഡലാണ് മാരുതി സുസുക്കി വാഗണ്‍ആര്‍. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്നു ഈ ടോള്‍ബോയ് ഹാച്ച്ബാക്ക്. വിശ്വാസ്യതയ്ക്ക് പേരുകേട്ട ഈ കാറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ചില അപ്‌ഡേറ്റുകള്‍ കമ്പനി സമ്മാനിച്ചിരുന്നു. രാജ്യത്ത് സേഫ്റ്റിയുള്ള വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഗണ്‍ആറിന്റെ 2025 മോഡലില്‍ ഇപ്പോള്‍ വിപുലമായ സുരക്ഷാ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ അപ്ഡേറ്റ് കാറിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നും വില്‍പ്പന കൂട്ടുമെന്നും പ്രതീക്ഷിക്കാം.
2025 ഏപ്രില്‍ 8 മുതല്‍ മാരുതി സുസുക്കി തെരഞ്ഞെടുത്ത കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് മാരുതി ജനപ്രിയ മോഡലായ വാഗണ്‍ആറിന്റെ വില കൂട്ടിയിരുന്നില്ല. പുത്തന്‍ അപ്‌ഡേറ്റിന്റെ ഭാഗമായി വാഗണ്‍ആറില്‍ ഇപ്പോള്‍ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ആണ്. നാല് അധിക എയര്‍ബാഗുകള്‍, പിന്‍വശത്തെ മധ്യ സീറ്റ് യാത്രക്കാരന് 3-പോയിന്റ് സീറ്റ് ബെല്‍റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ ചേര്‍ത്തതിനെ തുടര്‍ന്ന് ഹാച്ച്ബാക്കിന്റെ വില വര്‍ധിപ്പിച്ചതായി V3Cars റിപ്പോര്‍ട്ട് ചെയ്തു.

വാഗണ്‍ആറിന്റെ എല്ലാ വേരിയന്റുകളിലും കമ്പനി 2.48 ശതമാനം വരെയാണ് വില വര്‍ദ്ധനവാണ് നടപ്പാക്കിയിരിക്കുന്നത്. ഇപ്പോള്‍ പുതിയ വാഗണ്‍ആര്‍ വാങ്ങുന്നവര്‍ 14,000 രൂപ വരെ അധികം മുടക്കാന്‍ തയാറാകണം. ഇനി നമുക്ക് വാഗണ്‍ആറിന്റെ ഓരോ വേരിയന്റുകളുടെയം വില വ്യത്യാസം നോക്കാം. വാഗണ്‍ആര്‍ 1.0 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം.
1.0 ലിറ്റര്‍ പെട്രോള്‍ മാനുവല്‍ LXI വേരിയന്റിന് മുമ്പ് 5,64,500 രൂപയായിരുന്നു വില. ഇത് ഇപ്പോള്‍ 5,78,500 ആയി മാറിയിട്ടുണ്ട്. VXI വേരിയന്റിന് 6,09,500 രൂപയുണ്ടായിരുന്ന വില 6,23,500 ആയി പരിഷ്‌കരിച്ചു. എഎംടി ട്രാന്‍സ്മിഷനില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്ന VXI വേരിയന്റിന്റെ വില 6,59,500 രൂപയില്‍ നിന്ന് 673500 ആയി കൂടിയിട്ടുണ്ട്.

1.2 ലിറ്റര്‍ പെട്രോള്‍ മാനുവലിന്റെ ZXI വേരിയന്റിന്റെ വില 6,38,000 രൂപയില്‍ നിന്ന് 6,52,000 ആയി കൂടി. 6,85,500 രൂപക്ക് വിറ്റിരുന്ന ZXI പ്ലസ് വേരിയന്റിന് ഇനി മുതല്‍ 6,99,500 രൂപ മുടക്കണം. ZXI പ്ലസ് DT വേരിയന്റിന്റെ വില 6,97,500 രൂപയില്‍ നിന്ന് 7,11,500 രൂപയായി വര്‍ധിച്ചു.
1.2 ലിറ്റര്‍ പെട്രോള്‍ എഎംടി വേരിയന്റുകളില്‍ ZXI-യുടെ വില 6,88,000 രൂപയില്‍ നിന്ന് 7,02,000 രൂപയായി കൂടി. 7,35,500 രൂപക്ക് വിറ്റിരുന്ന ZXI പ്ലസ് വാങ്ങാന്‍ ഇനി 7,49,500 രൂപ നല്‍കണം. ZXI പ്ലസ് DT വേരിയന്റിന്റെ പുതിയ വില 7,61,500 രൂപയാണ്. ഇത് 7,47,500 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്.
വാഗണ്‍ആര്‍ സിഎന്‍ജി LXI, VXI എന്നീ വേരിയന്റുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. LXI വേരിയന്റിന് വില വര്‍ധനവോടെ 6,68,500 രൂപയായി വില. മുമ്പ് ഈ വേരിയന്റ് 6,54,500 രൂപയ്ക്ക് ലഭിക്കുമായിരുന്നു. 6,99,500 രൂപയ്ക്ക് ലഭ്യമായിരുന്ന വാഗണ്‍ആര്‍ സിഎന്‍ജി VXIവേരിയന്റ് ഇനി മുതല്‍ 713500 രൂപയ്ക്ക് മാത്രമേ ലഭിക്കൂ.
സെലേറിയോ, സ്വിഫ്റ്റ്, ബലേനോ എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്ന സുസുക്കിയുടെ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് വാഗണ്‍ആറിന്റെ നിര്‍മാണം. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടാക്കോമീറ്റര്‍, വിംഗ് മിററുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, 4 സ്പീക്കറുകള്‍ തുടങ്ങിയ ഫീച്ചറുകളും ഈ കാറില്‍ ലഭിക്കുന്നു.
രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് കാറില്‍ വരുന്നത്. ആദ്യത്തെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp പവറും 90 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ ശക്തമായ 1.2. -ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് എഞ്ചിനുകളിലും മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉണ്ട്.
മികച്ച മൈലേജാണ് ഈ കാറിന്റെ മറ്റൊരു ഹൈലൈറ്റ്. വാഗണ്‍ ആറിന്റെ പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കാറിന്റെ പെട്രോള്‍-എജിഎസ് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.19 കിലോമീറ്ററാണെന്ന് പറയപ്പെടുന്നു. വാഗണ്‍ആര്‍ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 33.47 കിലോമീറ്ററാണ്.


Click it and Unblock the Notifications








