കാറില്‍ ഉടമയുടെ പേര് എഴുതപ്പെടും, കിട്ടുക 30 പേര്‍ക്ക്! മെര്‍സിഡീസ് AMG G63 കളക്ടേഴ്സ് എഡിഷന്‍ പുറത്തിറങ്ങി
മെര്‍സിഡീസ് ബെന്‍സ് പുറത്തിറക്കുന്ന ഒരു അത്യാഡംബര എസ്‌യുവിയാണ് മെര്‍സിഡീസ് AMG G63. വാഹനപ്രേമികള്‍ തങ്ങളുടെ ഗരാജില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്‍ മോഡല്‍ ആണിത്. മോളിവുഡ് താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യക്ക് മാത്രമായി തങ്ങള്‍ ഈ മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കാന്‍ പോകുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. ജര്‍മന്‍ ബ്രാന്‍ഡ് ഇപ്പോള്‍ മെര്‍സിഡീസ്AMG G63 കളക്ടേഴ്സ് എഡിഷന്‍ 4.3 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയിരിക്കുകയാണ്.
സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിനേക്കാള്‍ 66 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന് കൂടുതല്‍ മുടക്കേണ്ടി വരിക. വെറും 30 യൂണിറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ സ്പെഷ്യല്‍ എഡിഷന്‍ ജി-ക്ലാസ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയും മെര്‍സിഡീസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് പിറവിയെടുത്തിരിക്കുന്നത്. 'ഇന്‍സ്പയര്‍ഡ് ബൈ ഇന്ത്യ' അല്ലെങ്കില്‍ ഇന്ത്യയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രത്യേക പതിപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

2023-ല്‍ പുറത്തിറങ്ങിയ ഗ്രാന്‍ഡ് എഡിഷന് ശേഷം ഇന്ത്യയില്‍ ലഭ്യമാകുന്ന AMG G63 അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ സ്‌പെഷ്യല്‍ എഡിഷനാണ് കളക്ടേഴ്സ് എഡിഷന്‍. ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യ ഉള്‍പ്പെടെ ആഗോള വിപണികളിലെ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ മോഡലായിരുന്നു. എന്നാല്‍ കളക്ടേഴ്സ് എഡിഷന്‍ മറ്റ് വിപണികളിലൊന്നും അവതരിപ്പിക്കില്ലെന്നാണ് മെര്‍സിഡീസ് ഇന്ത്യ വ്യക്തമാക്കിയത്.
സ്റ്റാന്‍ഡേര്‍ഡ് G 63-നെ അപേക്ഷിച്ച് കളക്ടേഴ്സ് എഡിഷന് ചില കോസ്‌മെറ്റിക് മാറ്റങ്ങളുണ്ട്. ഇന്ത്യയ്ക്ക് അനുയോജ്യമായ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് ലിമിറ്റഡ് എഡിഷന്‍ ജി 63 വാഗ്ദാനം ചെയ്യുന്നത് - മാനുഫാക്റ്റര്‍ മിഡ് ഗ്രീന്‍ മാഗ്‌നോ, മാനുഫാക്റ്റര്‍ റെഡ് മാഗ്‌നോ. മണ്‍സൂണ്‍ കാലത്ത് കാടുകളുടെയും ഭൂമിയുടെയും നിറങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് ഈ കളര്‍ ഓപ്ഷനുകള്‍.

എംബഡഡ് ഇന്‍സിഗ്‌നിയയും 'കളക്ടറുടെ എഡിഷന്‍' ബ്രാന്‍ഡിംഗും ഉള്ള എക്‌സ്റ്റീരിയറില്‍ ഒരു സവിശേഷ പ്രൊട്ടക്ടീവ് സ്ട്രിപ്പും, കളക്‌ടേഴ്‌സ് എഡിഷന്‍ ബാഡ്ജിംഗും, സ്‌പെയര്‍ വീല്‍ കവറില്‍ 'വണ്‍ ഓഫ് തേര്‍ട്ടി' എന്ന ഫലകവും ലഭിക്കുന്നു. 22 ഇഞ്ച് ടെക് ഗോള്‍ഡ് അലോയ് വീലുകളിലാണ് സ്പെഷ്യല്‍ എഡിഷന്‍ എസ്‌യുവി സഞ്ചരിക്കുന്നത്.
ഇന്റീരിയറില്‍ ടു-ടോണ്‍ മാനുഫാക്റ്റര്‍ കറ്റാലാന ബീജ്, ബ്ലാക്ക് നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി എന്നിവയുണ്ട്. കൂടാതെ ഡാഷ്ബോര്‍ഡില്‍ ഓപ്പണ്‍-പോര്‍ നാച്ചുറല്‍ വാല്‍നട്ട് വുഡ് ട്രിം ഉണ്ട്. കളക്‌ടേഴ്‌സ് എഡിഷന്റെ പ്രധാന ഹൈലൈറ്റ് ഉപഭോക്താക്കള്‍ക്ക് ഡാഷ്ബോര്‍ഡ് ഗ്രാബ് ഹാന്‍ഡില്‍ അവരുടെ പേര് ആലേഖനം ചെയ്യാനുള്ള അവസരമുണ്ട്. പ്രത്യേക പതിപ്പിന് സ്റ്റാന്‍ഡേര്‍ഡ് G 63 ന്റെ എല്ലാ സവിശേഷതകളും ലഭിക്കുന്നു.

ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റിനുമുള്ള ഇരട്ട 12.3 ഇഞ്ച് ഡിസ്പ്ലേകള്‍, അഡാപ്റ്റീവ് സസ്പെന്‍ഷനോടുകൂടിയ AMG ആക്റ്റീവ് റൈഡ് കണ്‍ട്രോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനിനുള്ള പുതിയ ഓഫ്-റോഡ് കോക്ക്പിറ്റ് ഡിസ്പ്ലേ, 18-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ 3D സൗണ്ട് സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മെക്കാനിക്കലായി കാറില്‍ മാറ്റങ്ങള്‍ ഒന്നുമില്ല.
മെര്‍സിഡീസ് AMG G63 കളക്ടേഴ്സ് എഡിഷന് 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 4.0 ലിറ്റര്‍, ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 577 bhp പവറും 850 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. എഞ്ചിന്‍ 9-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും 4Matic ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു.
ഒട്ടും സമയം പാഴാക്കാതെ G 63 കളക്ടേഴ്സ് എഡിഷന്റെ ബുക്കിംഗ് ഇന്ന് (ജൂണ്‍ 12) മുതല്‍ ആരംഭിച്ചിട്ടുണ്ട്. 2025 നാലാം പാദത്തില്‍ കസ്റ്റമര്‍ ഡെലിവറി ആരംഭിക്കും. നിലവിലുള്ള മെര്‍സിഡീസ് ബെന്‍സ് ടോപ്പ്-എന്‍ഡ് വെഹിക്കിള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മലയാള സിനിമാ ലോകത്ത് നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും മലയാളിയോ ഈ സവിശേഷ കാര്‍ മോഡല്‍ സ്വന്തമാക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








