പുതുവർഷം കുറച്ച് സാഡാക്കിയല്ലോ; മെർസിഡീസ് ബെൻസ് കാറുകൾക്ക് ഇനി വിലകൂടും
ഇന്ത്യയിലെ ലക്ഷ്വറി വാഹന വിപണിയിൽ മുൻനിര സ്ഥാനമുള്ള ഒരു ബ്രാൻഡാണ് മെർസിഡീസ് ബെൻസ്. ഇപ്പോൾ ബ്രാൻഡ് പുറത്തുവിട്ട ഒരു വാർത്ത വാഹനപ്രേമികളുടെ ഇടയിൽ വലിയ ചർച്ച ആയിരിക്കുകയാണ്. 2026 ജനുവരി മുതൽ തങ്ങളുടെ വാഹനങ്ങളുടെ വില ഉയർത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പുതുവർഷം തുടങ്ങുന്നതോടെ പെട്രോൾ, ഡീസൽ, ഇലക്ട്രിക് ഉൾപ്പെടെയുള്ള മോഡലുകളുടെ എക്‌സ്ഷോറൂം വിലയിൽ ചെറിയ വർധനവ് ഉണ്ടാകും. ആഗോള സാമ്പത്തിക സാഹചര്യങ്ങളും ചെലവ് വർധനവുകളും പശ്ചാത്തലമാക്കിയാണ് ബ്രാൻഡ് ഇങ്ങനെയൊരു തീരുമാനത്തിന് മുതിരുന്നത്. എന്തായാലും ഉപഭോക്താക്കളെ സംബന്ധിച്ച് ഇതൊരു നിരാശപെടുത്തുന്ന വാർത്ത അയിരിക്കും.
മോഡലുകൾക്കനുസരിച്ച് വില വർധനവുകളുടെ തോത് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും ഏറ്റവും കൂടുതൽ ബാധിക്കുക പൂർണ്ണമായി ഇറക്കുമതി ചെയ്യുന്ന CBU മോഡലുകളെയായിരിക്കും. വിദേശത്ത് പൂർണ്ണമായി നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈ വാഹനങ്ങളുടെ യൂറോ രൂപയിൽ ഉണ്ടാകുന്ന മാറ്റവും ഉയർന്ന ഇറക്കുമതി ചെലവും കാരണമാണ് അവയ്ക്ക് കൂടുതൽ വില വർധനവ് വരുന്നത്. മാത്രവുമല്ല ഇറക്കുമതി ചെയ്ത ഘടകങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന കാറുകളുടെയും വില വർധിക്കും.

എന്നാൽ CBU മോഡലുകളെ അപേക്ഷിച്ച് ഇത് കുറവായിരിക്കാനാണ് സാധ്യത. നിലവിൽ മെർസിഡീസ് ബെൻസ് ഇന്ത്യയുടെ പൂനെ പ്ലാന്റിൽ A-ക്ലാസ് ലിമോസിൻ, GLA, C-ക്ലാസ്, GLC, E-ക്ലാസ് LWB, GLE, S-ക്ലാസ്, GLS, മെയ്‌ബാക്ക് S 580, EQS 580 സെഡാൻ അതോടൊപ്പം EQS എസ്‌യുവി 450 എന്നീ പ്രധാന മോഡലുകൾ അസംബിൾ ചെയ്യുന്നു.
ഇവയിൽ ലോക്കൽ അസംബ്ലി ഉള്ളതിനാൽ ഇറക്കുമതി ചെലവുകളുടെ ആഘാതം ഭാഗികമായി നിയന്ത്രിക്കാൻ സാധിക്കും. എന്നാൽ കമ്പനിയുടെ പോർട്ട്‌ഫോളിയോയിലുള്ള മറ്റ് ഇലക്ട്രിക് വാഹനങ്ങൾ, മെയ്‌ബാക്ക് റേഞ്ചിലെ ചില മോഡലുകൾ, ഉയർന്ന പ്രകടനക്ഷമതയുള്ള AMG പെർഫോമൻസ് കാറുകൾ എന്നിവ മുഴുവനായും ഇറക്കുമതി ചെയ്യുന്നവയാണ്. വില വർധനവ് ഇവയിൽ കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വില കയറ്റത്തെ കുറിച്ച് കമ്പനിയുടെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യർ ഇങ്ങനെയാണ് വിശദീകരിച്ചത്. ഈ വർഷം പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിന്ന യൂറോ രൂപ വിനിമയ പ്രതിസന്ധി കമ്പനിയുടെ പ്രവർത്തനങ്ങളിലുടനീളം വലിയ സമ്മർദ്ദം സൃഷ്ടിച്ചു. ഇന്ത്യയിൽ പ്രാദേശികമായി അസംബ്ലി ചെയ്യുന്നതിന് ആവശ്യമായ ഇറക്കുമതി ഘടകങ്ങൾ മുതൽ പൂർണ്ണമായി ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകൾ വരെ എല്ലാം ഈ വെല്ലുവിളിയുടെ പ്രത്യാഘാതം നേരിട്ടു.
അതുപോലെ അസംസ്കൃത വസ്തുക്കളുടെ വില ഉയർച്ചയും അതിനോടൊപ്പം ഗതാഗത ചെലവുകളും ചേരുന്നതോടെ കമ്പനിയുടെ മുന്നോട്ടുള്ള പ്രവർത്തന ചെലവുകളിൽ ഗണ്യമായ സാമ്പത്തിക ഉയർച്ച ഉണ്ടായിട്ടുണ്ട്. ഇവയെല്ലാമാണ് 2026 ജനുവരിയിൽ ഉണ്ടാകുന്ന 2 ശതമാനം വില കയറ്റത്തിന് കാരണമായത്. സിഇഒയുടെ ഈ വിശദീകരണം ഉപഭോക്താക്കൾക്ക് വർധനവിന് പിന്നിലുള്ള കാരണം വ്യക്തമായി മനസ്സിലാക്കാൻ സഹായിച്ചിട്ടുണ്ട്. മാത്രവുമല്ല ഇതിനോടൊപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായി റിപ്പോ നിരക്ക് കുറച്ചതിനെ കുറിച്ചും അദ്ദേഹം പ്രശംസിച്ചു.

ഈ നീക്കം ബ്രാൻഡിൻ്റെ ഫിനാൻഷ്യൽ സർവീസിൽ (MBFS) കുറഞ്ഞ പലിശ നിരക്കിലുള്ള ലോൺ, ആകർഷകമായ EMI പദ്ധതികൾ, ഫ്ലെക്സിബിൾ ഫിനാൻസ് ഓപ്ഷനുകൾ എന്നിവ ഉപഭോക്താക്കൾക്ക് നൽകാൻ സഹായിക്കുന്നുവെന്നും കൂട്ടിചേർത്തു. ഇതിലൂടെ 2026-ൽ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത വലിയ തോതിൽ കുറയ്ക്കാൻ കഴിയുമെന്നും അയ്യർ വ്യക്തമാക്കി. നിലവിൽ മെർസിഡീസ് ബെൻസ് ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ ഏകദേശം 50 ശതമാനവും MBFS വഴിയാണ് നടക്കുന്നത്.
കൂടാതെ കമ്പനി കാറുകൾ വാങ്ങുന്നവരിൽ ഏകദേശം 80 ശതമാനം പേരും ബാങ്ക് അല്ലെങ്കിൽ കമ്പനി നൽകുന്ന ധനസഹായം ആശ്രയിച്ചാണ് വാഹനം സ്വന്തമാക്കുന്നത്. അതിനാൽ പലിശ നിരക്ക് കുറയുന്നതിന്റെ ഗുണം നേരിട്ട് EMI-കളിൽ പ്രതിഫലിക്കുമെന്നും വില വർധനവ് ഉണ്ടായാലും കാറിന്റെ മാസതുക ഉപഭോക്താക്കൾക്ക് കൈകാര്യം ചെയ്യാൻ എളുപ്പമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








