കച്ചോടം കൂടിയപ്പോള്‍ നിരത്തി വില കൂട്ടുകയാണല്ലോ MG! ആസ്റ്ററിന് 19000 രൂപ വര്‍ധിച്ചു
ഇലക്ട്രിക് കാറുകളുടെ ബലത്തില്‍ ഇന്ത്യയില്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India). നിലവില്‍ എംജിയുടെ വില്‍പ്പനയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് ഇലക്ട്രിക് കാറുകളാണ്. രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവിയായ ഹെക്ടര്‍ അടക്കമുള്ള മോഡലുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും എംജിയുടെ ഇവികള്‍ ചോദിച്ചാണ് ആളുകള്‍ ഷോറൂമില്‍ എത്തുന്നത്. ഇതില്‍ തന്നെ വിന്‍ഡ്‌സര്‍ ഇവി നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ആണ്. വില്‍പ്പന കൂടുന്നതിനൊപ്പം തന്നെ കമ്പനി ഈ കാറിന്റെ വിലയും വര്‍ധിപ്പിച്ചിരുന്നു.
വിന്‍ഡ്‌സര്‍ ഇവിക്ക് ഈ മാസം 21,200 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ എംജി വില്‍പ്പനയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമല്ല വില കൂട്ടുന്നത്. എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ കോംപാക്ട് എസ്‌യുവി മോഡലായ ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ചു. വിവിധ വേരിയന്റുകള്‍ക്ക് 19,000 രൂപ വരെയാണ് വില കൂട്ടിയത്. എംജി ആസ്റ്റര്‍ എസ്‌യുവിയുടെ ഏറ്റവും പുതിയ വില വര്‍ധനവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചുവടെ വിശദമായി വായിക്കാം.

പുതിയ പരിഷ്‌കാരങ്ങള്‍ അനുസരിച്ച് എംജി ആസ്റ്ററിന്റെ എക്‌സ്-ഷോറൂം വില 11.48 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം, ഹൈ-എന്‍ഡ് വേരിയന്റായ സാവി പ്രോ 1.3 ടര്‍ബോ എടിയുടെ വിലയില്‍ മാറ്റമില്ല. മറ്റ് വേരിയന്റുകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഏറ്റവും പുതിയ വില വര്‍ധനവ് അനുസരിച്ച് ഓരോ വേരിയന്റുകള്‍ക്കും എത്ര രൂപയുടെ മാറ്റമാണ് സംഭവിച്ചിട്ടുള്ളതെന്ന് നോക്കാം.
സ്പ്രിന്റ് 1.5 എംടിക്ക് 18,000 രൂപയും, സെലക്ട് 1.5 എംടിക്ക് 18,000 രൂപയും, ഷൈന്‍ 1.5 എംടിക്ക് 19,000 രൂപയും, ഷാര്‍പ്പ് പ്രോ 1.5 എംടിക്ക് 13,000 രൂപയും, സെലക്ട് 1.5 സിവിടിക്ക് 15,000 രൂപയും, ഷാര്‍പ്പ് പ്രോ 1.5 സിവിടിക്ക് 15,000 രൂപയും, ഷാര്‍പ്പ് പ്രോ 1.5 സിവിടി (ഡ്യുവല്‍-ടോണ്‍) വേരിയന്റിന് 15,000 രൂപയുമാണ് വര്‍ധിച്ചിട്ടുള്ളത്. മറ്റ് വേരിയന്റുകള്‍ക്കെല്ലാം 17,000 രൂപയുടെ വര്‍ധനവുണ്ട്.
| വേരിയന്റ് | വില വര്‍ധനവ് |
| സ്പ്രിന്റ് 1.5 MT | 18,000 രൂപ |
| സെലക്ട് 1.5 MT | 18,000 രൂപ |
| ഷൈന്‍ 1.5 MT | 19,000 രൂപ |
| ഷാര്‍പ്പ് പ്രോ 1.5 MT | 13,000 രൂപ |
| സെലക്ട് 1.5 CVT | 15,000 രൂപ |
| ഷാര്‍പ്പ് പ്രോ 1.5 CVT | 15,000 രൂപ |
| ഷാര്‍പ്പ് പ്രോ 1.5 CVT (ഡ്യുവല്‍-ടോണ്‍) | 15,000 രൂപ |
| മറ്റ് വേരിയന്റുകള്‍ | 17,000 രൂപ |
സാവി പ്രോ 1.3 ടര്‍ബോ എടിയുടെ വിലയില്‍ മാറ്റമില്ല. വില വര്‍ധിപ്പിക്കാനുള്ള കാരണം കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഉല്‍പ്പാദന ചിലവ് വര്‍ധിച്ചതും പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തതും കാരണമായിരിക്കാം ഈ എസ്‌യുവി മോഡലിന്റെ വില പരിഷ്‌കരിച്ചതെന്ന് അനുമാനിക്കാം. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാഖ്, ഫേക്‌സ്‌വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ എസ്‌യുവികളാണ് എംജി ആസ്റ്ററിന്റെ പ്രധാന എതിരാളികള്‍.
ഈ സെഗ്മെന്റില്‍ ശക്തമായ മത്സരമാണ് നിലവിലുള്ളത്. അതിനാല്‍ വിലയിലുള്ള ചെറിയ മാറ്റങ്ങള്‍ പോലും ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. എംജി ആസ്റ്റര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് പഴയ വിലയില്‍ തന്നെ വാഹനം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇനി ബുക്ക് ചെയ്യാന്‍ പോകുന്നവര്‍ക്ക് പുതിയ വിലയായിരിക്കും ബാധകമാകുക. സ്‌റ്റൈലിഷും, അത്യാധുനിക ഫീച്ചറുകളുമുള്ള ഒരു മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എംജി ആസ്റ്റര്‍ ഒരു മികച്ച ചോയ്‌സ് ആയിരിക്കും.

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് കാര്‍ വാങ്ങാന്‍ സാധിക്കുക. 110 hp പവറും 144 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ NA പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 8 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചോയ്സുകളില്‍ ലഭ്യമാണ്.
140 hp പവറും 220 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.3 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, കോര്‍ണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവ ഈ കാറിന് ലഭിക്കുന്നു. അന്‍പതിലധികം സിസ്റ്റങ്ങള്‍, 14 ADAS, 80-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവ ഇതില്‍ വരുന്നുണ്ട്.
ലെതര്‍ അപ്ഹോള്‍സ്റ്ററി, 6-വേ പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 7 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് സ്പീക്കറുകളും ട്വീറ്ററുകളും ഉള്ള ഓഡിയോ സിസ്റ്റം, പേഴ്സണലൈസ്ഡ് എഐ സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്‌സ് ക്യാമറ എന്നിങ്ങനെ ഫീച്ചര്‍ പട്ടിക നീളുന്നു.


Click it and Unblock the Notifications








