12.5 ലക്ഷത്തില്‍ താഴെ വിലയിൽ പനോരമിക് സണ്‍റൂഫും 10" ടച്ച്‌സ്‌ക്രീനുമുള്ള ഏക മിഡ്‌സൈസ് എസ്‌യുവി ദേ ഇതാണ്
ഇതിനോടകം തന്നെ ശക്തമായ മത്സരം നടക്കുന്ന കാര്‍ സെഗ്‌മെന്റ് ആണ് കോംപാക്ട് എസ്‌യുവികളുടേത്. ഇന്ത്യന്‍ കമ്പനികളും വിദേശക കമ്പനികളും നിരവധി ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ ഈ വിഭാഗത്തില്‍ വില്‍പ്പനക്ക് വെക്കുന്നു. കിടമത്സരം നടക്കുന്നതിനാല്‍ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി തങ്ങളുടെ ഉല്‍പ്പന്നത്തിന് തനതായ എന്തെങ്കിലും പ്രത്യേകയുണ്ടായിരിക്കാന്‍ ബ്രാന്‍ഡുകള്‍ ശ്രദ്ധിക്കുന്നു. ഈ സാഹചര്യത്തില്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പനോരമിക് സണ്‍റൂഫും ഉള്ള MY2025 ആസ്റ്റര്‍ എസ്‌യുവി പുറത്തിറക്കിയിരിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. നിലവില്‍ 12.5 ലക്ഷം രൂപയില്‍ താഴെ എക്‌സ്-ഷോറൂം വിലയില്‍ ഈ സവിശേഷതകള്‍ ലഭ്യമാകും.
അതായത് എംജി ആസ്റ്റര്‍ എസ്‌യുവിയുടെ പുതിയ ഷൈന്‍ ട്രിം മുതല്‍ ഉപഭോക്താക്കള്‍ക്ക് ഈ രണ്ട് കിടിലന്‍ സവിശേഷതകളും ലഭ്യമാകും. ഈ അപ്ഡേറ്റോടെ വലിയ ടച്ച്സ്‌ക്രീനും സണ്‍റൂഫും വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള എസ്‌യുവിയായി 2025 എംജി ആസ്റ്റര്‍ മാറി. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് പുറത്തിറക്കുന്ന കാറിന്റെ സവിശേഷതകള്‍ വിശദമായി ചുവടെ വായിക്കാം.

ഇപ്പോള്‍ ആസ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്. അതേസമയം ഷൈന്‍ വേരിയന്റ് മുതല്‍ ആയിരിക്കും വലിയ പനോരമിക് സണ്‍റൂഫ് ലഭിക്കുക. ഷാര്‍പ്പ് പ്രോ വേരിയന്റില്‍ ലഭ്യമായ വയര്‍ലെസ് ചാര്‍ജിംഗ് ഫീച്ചര്‍ ഉള്ള 15 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരേയൊരു 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് എസ്‌യുവിയാണ് ആസ്റ്റര്‍ എന്നും എംജി അവകാശപ്പെടുന്നു.
അതുപോലെ തന്നെ ആസ്റ്ററില്‍ കമ്പനി ഹീറ്റഡ് ഔട്ട്‌സൈഡ് റിയര്‍വ്യൂ മിറര്‍ (ഒആര്‍വിഎം) ഓഫര്‍ ചെയ്യുന്നുണ്ട്. ഇന്‍േറണല്‍ കംബസ്ഷന്‍ എഞ്ചിന്‍ വാഹനങ്ങളിലെ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചര്‍ ആണ് ഇതെന്നും എംജി പറയുന്നു. ആസ്റ്ററിന്റെ അപ്‌ഡേറ്റഡ് പതിപ്പില്‍ നിലവിലുള്ള ട്രിമ്മീകള്‍ക്കൊപ്പം ഷൈന്‍, സെലക്ട് എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. വിശദമായ വില താഴെ കൊടുത്ത പട്ടികയില്‍ വായിക്കാം.
| വേരിയന്റ് | എക്‌സ്-ഷോറൂം വില |
| സ്പ്രിന്റ് | 11,29,800 രൂപ |
| ഷൈന്‍ | 12,47,800 രൂപ |
| സെലക്ട് | 13,81,800 രൂപ |
| സെലക്ട് CVT | 14,84,800 രൂപ |
| ഷാര്‍പ്പ് പ്രോ | 15,20,800 രൂപ |
| ഷാര്‍പ്പ് പ്രോ CVT | 16,48,800 രൂപ |
| സാവി പ്രോ CVT | 17,45,800 രൂപ |
| സാവി പ്രോ CVT (സാങ്ക്രിയ) | 17,55,800 രൂപ |
1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.3 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലാണ് കാര്‍ വാങ്ങാന്‍ സാധിക്കുക. 110 hp പവറും 144 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ NA പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 8 സ്പീഡ് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചോയ്‌സുകളില്‍ ലഭ്യമാണ്.
140 hp പവറും 220 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.3 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2025 എംജി ആസ്റ്റര്‍ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചര്‍ റിച്ചായ കാറുകളില്‍ ഒന്നാണ്.

17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, കോര്‍ണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിവ ഈ കാറിന് ലഭിക്കുന്നു. അന്‍പതിലധികം സിസ്റ്റങ്ങള്‍, 14 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), 80-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ എന്നിവ ഇതില്‍ വരുന്നുണ്ട്. സവിശേഷതകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ലെതര്‍ അപ്‌ഹോള്‍സ്റ്ററി, 6-വേ പവര്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 7 ഇഞ്ച് പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആറ് സ്പീക്കറുകളും ട്വീറ്ററുകളും ഉള്ള ഓഡിയോ സിസ്റ്റം, പേഴ്‌സണലൈസ്ഡ് എഐ സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, റിവേഴ്സ് ക്യാമറ എന്നിങ്ങനെ ഫീച്ചര്‍ പട്ടിക നീളുന്നു.

ആസ്റ്റര്‍ കൂടാതെ ഹെക്ടര്‍ എസ്‌യുവി, ZS ഇവി, ഗ്ലോസ്റ്റര്‍ പ്രീമിയം എസ്‌യുവി, കോമറ്റ് കോംപാക്റ്റ് കാര്‍, വിന്‍ഡ്‌സര്‍ സിയുവി എന്നിവയുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ എംജി മോട്ടോര്‍ ഇന്ത്യ ഇന്ത്യയില്‍ വില്‍ക്കുന്നു. ഇതില്‍ പുതിയ വിന്‍ഡ്‌സര്‍ ഇവി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ആണ്. ഗുജറാത്തിലെ ഹാലോളില്‍ എംജിക്ക് ഒരു ലക്ഷത്തിലധികം വാഹനങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റ് ഉണ്ട്.


Click it and Unblock the Notifications








