വലുപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഇനി ആരും നോക്കും! ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ വേറെ ലെവലായി
രാജ്യത്തെ ഇലക്ട്രിക് ഫോര്‍ വീലര്‍ വിഭാഗത്തില്‍ അതിവേഗം വേരുറപ്പിക്കുകയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ടാറ്റ മോട്ടോര്‍സ് കുത്തകയാക്കി കൈയ്യടക്കി വെച്ചിരുന്ന സെഗ്‌മെന്റില്‍ മികച്ച മത്സരമാണ് എംജി ഇപ്പോള്‍ കാഴ്ചവെക്കുന്നത്. നിലവില്‍ മൂന്ന് ഇലക്ട്രിക് കാറുകളാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ZS ഇവി, വിന്‍ഡ്‌സര്‍ ഇവി, കോമെറ്റ് ഇവി എന്നിവയാണ് അവ. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ ആണ് വിന്‍ഡ്‌സര്‍. കോമെറ്റ് ആണെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറും. ഇപ്പോള്‍ കോമെറ്റ് ഇവിയുടെ ബ്ലാക്ക്സ്റ്റോം എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് എംജി.
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറിന്റെ പുതിയ ബ്ലാക്ക്സ്റ്റോം വേരിയന്റിന്റെ പ്രാരംഭ എക്സ്ഷോറൂം വില 7.80 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ബാറ്ററി വാടക കിലോമീറ്ററിന് 2.5 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ബാറ്ററിയടക്കമുള്ള വില കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടില്ല. ടോപ് സ്‌പെക് എകസ്‌ക്ലൂസീവ് വേരിയന്റിനേക്കാള്‍ 30000 രൂപ മാത്രമാണ് ഇതിന് അധികം മുടക്കേണ്ടത്.

ഏറ്റവും ഉയര്‍ന്ന വേരിയന്റില്‍ മാത്രമാണ് കമ്പനി ബ്ലാക്ക്സ്റ്റോം എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. കാറിന്റെ മൊത്തത്തിലുള്ള ഡിസൈനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 'സ്റ്റാറി ബ്ലാക്ക്' എന്ന എക്‌സ്റ്റീരിയര്‍ കളര്‍, റെഡ് ആക്‌സന്റ്, ഗ്രാഫിക്‌സ് എന്നിവയുമായി എംജി കോമെറ്റ് ബ്ലാക്ക്സ്‌ട്രോമിന്റെ സ്‌റ്റൈലിംഗ് ആകര്‍ഷകമാക്കിയിരിക്കുന്നു. ഇത് കാറിന്റെ മൊത്തത്തിലുള്ള ഭംഗി വര്‍ധിപ്പിക്കുന്നു.
കോമെറ്റ് ഇവി നെയിംപ്ലേറ്റ് ഡാര്‍ക്ക് ക്രോമില്‍ കൊത്തിവച്ചിരിക്കുന്നു. കറുപ്പ് നിറത്തില്‍ വരുന്ന ഇന്റര്‍നെറ്റ് ഇന്‍സൈഡ് ലോഗോ കാഴ്ചക്കാരുടെ ശ്രദ്ധ കവരും. ഉപഭോക്താക്കള്‍ക്ക് അവരുടെ ബ്ലാക്ക്സ്റ്റോമിനൊപ്പം ഒരു സ്‌പെഷ്യല്‍ ആക്സസറി പായ്ക്കും വാങ്ങാന്‍ കഴിയും. ബാഡ്ജ്, വീല്‍ കവര്‍, ഹുഡ് ബ്രാന്‍ഡിംഗ്, ഒരു സ്‌കിഡ് പ്ലേറ്റ് തുടങ്ങിയ ഓപ്ഷണല്‍ സ്‌റ്റൈലിംഗ് ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.കുഞ്ഞന്‍ ഇലക്ട്രിക് കാറിന്റെ അകത്തളത്തിലും മൊത്തം ഡാര്‍ക്ക് ഷെയ്ഡാണ് കാണാനാകുക.

ലെതറെറ്റ് സീറ്റുകളില്‍ ചുവപ്പ് നിറത്തില്‍ 'ബ്ലാക്ക്സ്റ്റോം' ബാഡ്ജിംഗ് ഉണ്ട്. ഇത് പ്രീമിയം എക്‌സ്പീരിയന്‍സ് നല്‍കുന്നു. സംഗീത പ്രേമികള്‍ക്കായി കമ്പനി ഇപ്പോള്‍ കാറില്‍ 4 സ്പീക്കറുകള്‍ നല്‍കിയത് മാത്രമാണ് ഏക ഫീച്ചര്‍ അപ്‌ഡേറ്റ്. ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ കോമെറ്റ് ഇവിയുടെ സവിശേഷതകളാണ്.
മാനുവല്‍ എസി, ഹീറ്റര്‍, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ഒആര്‍വിഎമ്മുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, 12V പവര്‍ ഔട്ട്ലെറ്റ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. i-സ്മാര്‍ട്ട് പ്ലാറ്റ്ഫോം വഴി ഉപയോക്താക്കള്‍ക്ക് 55-ലധികം കണക്റ്റഡ് കാര്‍ സവിശേഷതകള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
കോമെറ്റ് ഇവിയുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പില്‍ സേഫ്റ്റി സ്യൂട്ടില്‍ മാറ്റമൊന്നുമില്ല, ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്), റിയര്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, റിയര്‍വ്യൂ ക്യാമറ, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഷെയറിംഗ് ഫംഗ്ഷനുള്ള ഡിജിറ്റല്‍ കീ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ ഹുഡിനടിയില്‍ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 17.4 kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 230 കിലോമീറ്റര്‍ ദൂരം ഇവി സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇലക്ട്രിക് മോട്ടോര്‍ 42 PS പവറും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7.4 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 3.5 മണിക്കൂറിനുള്ളില്‍ 0-100% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. 3.3 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജിംഗ് സമയം 7 മണിക്കൂറാണ്.


Click it and Unblock the Notifications








