ആള് ചില്ലറക്കാരനല്ല! എന്നാ ഡിമാന്റാ... രണ്ട് മാസത്തിനുള്ളിൽ കരുത്ത് തെളിയിച്ച് എംജിയുടെ ഇലക്ട്രിക് കാർ
ഈയിടെ ഓട്ടോമോട്ടീവ് വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ച ഒരു ഇലക്ട്രിക് റോഡ്‌സ്റ്ററെക്കുറിച്ച് നിങ്ങൾക്കറിയാമോ. അത്യാധുനിക സാങ്കേതികവിദ്യയും സ്പോർട്ടി ഡിസൈനും അതിശയിപ്പിക്കുന്ന പെർഫോമൻസും കോർത്തിണക്കി എംജി മോട്ടോർ പുറത്തിറക്കിയ സൈബർസ്റ്ററാണ് ഇപ്പാൾ ആളുകളുടെ മനംകവർന്നിരിക്കുന്നത്. 2025 ജൂലൈയിൽ പുറത്തിറക്കിയ ഈ കില്ലാടിയെ വെറും രണ്ട് മാസത്തിനുള്ളിൽ 250 യൂണിറ്റ് വിൽപ്പനയാണ് വാരിയിരിക്കുന്നത്. സ്വന്തമാക്കണെങ്കിൽ 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയാണ് കൊടുക്കേണ്ടതെങ്കിലും ആളുകൾക്കെല്ലാം ഈ ടൂ-സീറ്ററിനെ പെരുത്തിഷ്ടായിട്ടുണ്ട്.
റെട്രോ ചാരുതയുടെയും ഫ്യൂച്ചറിസ്റ്റിക് ഡിസൈനിന്റെയും ശ്രദ്ധേയമായ സംയോജനമാണ് എംജി സൈബർസ്റ്ററിൽ കാണാനാവുന്നത്. അതിനാൽ വിപണിയിലെ ഏറ്റവും ആകർഷകമായ ഇലക്ട്രിക് സ്‌പോർട്‌സ് കാറുകളിൽ ഒന്നായി ഇവൻ മാറിക്കഴിഞ്ഞു. ക്ലാസിക് എംജി റോഡ്‌സ്റ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് സൈബർസ്റ്ററിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എയറോഡൈനാമിക് സിലൗറ്റ്, സ്കൾപ്പഡ് ബോഡി ലൈനുകൾ, എന്നിവ സൈബർസ്റ്ററിന് ഒരു സ്‌പോർട്ടി ലുക്ക് നൽകാൻ സഹായിക്കുന്നു. ഏറ്റവും ആകർഷകമായ ഘടകങ്ങൾ അതിന്റെ ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഡോറുകളാണ്. സിസർ ഡോർ പോലെ മുകളിലേക്ക് തുറക്കുന്നത് കണ്ടിരിക്കാൻ തന്നെ വല്ലാത്തൊരു ചേലാണ്. മാത്രവുമല്ല ഓപ്പൺ-എയർ ഡ്രൈവിംഗ്, സോഫ്റ്റ്-ടോപ്പ് കൺവെർട്ടിബിൾ റൂഫ് എന്നിവയും ഇവൻ്റെ പ്രധാന ആകർഷണമാണ്.
മുൻവശത്ത് ആരോ ആകൃതിയിലുള്ള ഡിആർഎല്ലുകളും, ബമ്പർ ഡിസൈനും ഉള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ ഒരു ആധുനികവും ചലനാത്മകവുമായ രൂപം നൽകുന്നുണ്ട്. അതേസമയം പിന്നിൽ ഫുൾ-വിഡ്ത്ത് ലൈറ്റ് ബാറും ഉയർന്ന പ്രകടന അനുഭവത്തിനായി ഒരു പ്രമുഖ ഡിഫ്യൂസറും ഉള്ള എൽഇഡി ടെയിൽ ലാമ്പുകൾ ഉണ്ട്. സൈബർസ്റ്റർ അതിന്റെ മസ്ക്കുലർ രൂപം നിലനിർത്തുന്നതിനായി ബോൾഡായ 19 അല്ലെങ്കിൽ 20 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിൽ പാഞ്ഞോടുന്നത്.
അകത്ത്, മൂന്ന് ഡിജിറ്റൽ ഡിസ്‌പ്ലേകളുള്ള കോക്ക്പിറ്റ്, ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വീഗൻ ലെതർ, സോഫ്റ്റ്-ടച്ച് ഫിനിഷുകൾ പോലുള്ള പ്രീമിയം മെറ്റീരിയലുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് ആഡംബരവും എന്നാൽ സ്‌പോർട്ടി വൈബും നൽകാൻ സഹായിക്കുന്നുണ്ട്. ഇവയെല്ലാം ഇണച്ചേർന്ന ഡിസൈൻ ആയതുകൊണ്ടുതന്നെയാണ് യുവത്വത്തിൻ്റെ ഇഷ്ടതാരമായി മാറാൻ സൈബർസ്റ്ററിന് സാധിച്ചത്.
ഡിസൈൻ പോലെതന്നെ മികച്ചുനിൽക്കുന്ന മറ്റൊന്നാണ് പ്രകടനവും. 510 bhp പവറും 725 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണമുള്ള സൈബർസ്റ്റർ വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വരെ കൈവരിക്കുന്നുണ്ട്. അതിനാൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വേഗതയേറിയ എംജി വാഹനംക്കൂടിയാണ് ഈ വിരുതൻ.
77 kWh ബാറ്ററി പായ്ക്കാണ് ഈ പ്രകടനത്തിന് സഹായിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന പ്രകടനം ഉറപ്പാക്കുക മാത്രമല്ല ഒറ്റ ചാർജിൽ 580 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. കാറിന്റെ ഏകദേശം 200 കിലോമീറ്റർ വേഗത അതിന്റെ സ്‌പോർട്ടി സ്വഭാവത്തെ എടുത്തുകാണിക്കുന്നു. കൂടാതെ ബ്രെംബോ 4-പിസ്റ്റൺ ബ്രേക്ക് കാലിപ്പറുകളാണ് സ്റ്റോപ്പിംഗ് പവർ കൈകാര്യം ചെയ്യുന്നത്.
മറ്റെല്ലാക്കാര്യത്തിലും മുന്നിൽ നിൽക്കുന്ന സൈബർസ്റ്റർ സുരക്ഷയുടെ കാര്യത്തിലും മുന്നിൽ തന്നെയാണ്. ഒന്നിലധികം എയർബാഗുകൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കൊളീഷൻ വാണിംഗ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സുരക്ഷയാണ് ഇതിൽ ഉൾപ്പെടുന്നത്. ഓരോ ഡ്രൈവിംഗിലും സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ട്രാക്ഷൻ കൺട്രോൾ, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് 72.49 ലക്ഷം മുതൽ പുതിയ ബുക്കിംഗുകൾക്ക് 74.99 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. ഒരു യൂണിറ്റ് റിസർവ് ചെയ്യുന്നതിന് എംജിക്ക് 51,000 ബുക്കിംഗ് തുക ആവശ്യമാണ്. ഇതെല്ലാംക്കൊണ്ട് ആഡംബരവും, നൂതന സാങ്കേതികവിദ്യയും, ആവേശകരമായ പ്രകടനവും ആവശ്യമുള്ള ഏതൊരാൾക്കും ഒപ്പം പുതുതലമുറക്കും ഏറെ പ്രയങ്കരനായി മാറിയിരിക്കുകയാണ് എംജി സൈബർസ്റ്റർ.


Click it and Unblock the Notifications








