₹10 ലക്ഷത്തിന്റെ എസ്‌യുവിയേക്കാള്‍ വില്‍പ്പനയുള്ള ₹70 ലക്ഷത്തിന്റെ സ്‌പോര്‍ട്‌സ് കാർ! മോഡലുകള്‍ അറിയണോ?

കണക്കുകൂട്ടലുകള്‍ക്കും പ്രവചനങ്ങള്‍ക്കുമൊന്നും പിടികൊടുക്കാത്തവരാണ് ഇന്ത്യയിലെ വാഹന ഉപഭോക്താക്കള്‍. 2025 സെപ്റ്റംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ ബ്രാന്‍ഡുകള്‍ പുറത്തുവിട്ടതോടെ ഇക്കാര്യം കൂടുതല്‍ വ്യക്തമായിട്ടുണ്ട്. തലക്കെട്ടില്‍ സൂചിപ്പിച്ച പോലെ 10 ലക്ഷം രൂപക്ക് വില്‍ക്കുന്ന ഒരു മിഡ്‌സൈസ് എസ്‌യുവിയേക്കാള്‍ വില്‍പ്പന നേടിയ ഒരു കാര്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഈ രണ്ട് മോഡലുകളും ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പുറത്തിറക്കുന്നവയാണ്. അതില്‍ ഒന്ന് ഐസിഇ മോഡലും മറ്റൊന്ന് ഇലക്ട്രിക് കാറുമാണെന്നതാണ് രസകരമായ മറ്റൊരു സംഗതി. ആ കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വലിയ മുന്നേറ്റം നടത്തുകയാണ് എംജി. ബജറ്റ് ഇവികള്‍ മുതല്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറുകളും ഇലക്ട്രിക് ലക്ഷ്വറി എംപിവിയും വരെ എംജി രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നുണ്ട്. കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയ എംജി സൈബര്‍സ്റ്റര്‍ സ്‌പോര്‍ട്‌സ് കാര്‍ ഇതിനോടകം 256 യൂണിറ്റ് വില്‍പ്പന നേടി ഹിറ്റടിച്ചിരിക്കുകയാണ്.

mg cyberster side

എസ്‌യുവികള്‍ക്ക് മാരക ഡിമാന്‍ഡ് ഉള്ള ഇന്ത്യ പോലെ ഒരു രാജ്യത്ത് പല ഐസിഇ മോഡലുകളെ വില്‍പ്പനയില്‍ മലര്‍ത്തിയടിച്ചിരിക്കുകയാണ് സൈബര്‍സ്റ്റര്‍. മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ ഡീലര്‍ഷിപ്പിലേക്ക് അയച്ച യൂണിറ്റുകളുടെ എണ്ണം പുറത്തുവിടുമ്പോള്‍ എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ഡെലിവറി ചെയ്ത യൂണിറ്റുകളുടെ കണക്കുകളാണ് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ എംജി ആസ്റ്റര്‍ എസ്‌യുവിക്ക് സമാനമായ കണക്കില്‍ സൈബര്‍സ്റ്റര്‍ ഇവികള്‍ വിറ്റഴിച്ചുവെന്നാണ് മോട്ടോര്‍ഒക്‌ടേനില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഏകദേശം 250 യൂണിറ്റോ അതില്‍ കൂടുതലോ ആസ്റ്റര്‍ ആണ് എംജി ഡീലര്‍ഷിപ്പുകളിലേക്ക് അയച്ചത്. ഇനി ആസ്റ്ററിന്റെ വില്‍പ്പന ഏതാനും യൂണിറ്റുകള്‍ അധികമാണെങ്കിലും ട്രെന്‍ഡ് വ്യക്തമാണ്. നിലവില്‍ എംജി. സൈബര്‍സ്റ്റര്‍ ഇവി ബുക്ക് ചെയ്താല്‍ താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ ഏകദേശം 4 മാസം കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ട്.

2025 mg astor

പ്രീമിയം വാഹനങ്ങള്‍ക്ക് മാത്രമായി ആരംഭിച്ച എംജി സെലക്ട് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് സൈബര്‍സ്റ്റര്‍ വിപണനം ചെയ്യുന്നത്. സാധാരണ എംജി ഷോറൂമുകള്‍ പോലെ ഇതിന്റെ ശൃംഖല അത്ര വിപുലമല്ലെന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കണം. സെപ്റ്റംബര്‍ വരെ രാജ്യത്ത് 12 എംജി സെലക്ട് ഡീലര്‍ഷിപ്പുകള്‍ മാത്രമാണുള്ളത്. കേരളത്തിലെ ഏക ഡീലര്‍ഷിപ്പ് കൊച്ചിയിലാണ്. ഡീലര്‍ഷിപ്പുകളുടെ എണ്ണം കുറവായിട്ടും പ്രീമിയം മോഡലുകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് എംജിക്ക് ശുഭപ്രതീക്ഷകള്‍ നല്‍കുന്നു.

എംജി സൈബര്‍സ്റ്ററിന്റെ വിലയ്ക്ക് ആഡംബര കാര്‍ സ്വന്തമാക്കാന്‍ സാധിക്കുമെങ്കിലും പലരും ഈ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിനായി പണം പൊടിക്കാന്‍ തയാറാകുന്നു. നിലവില്‍ 74.99 ലക്ഷം രൂപയാണ് ഇവിയുടെ എക്‌സ്‌ഷോറൂം വില. ഇന്‍ഷൂറന്‍സും രജിസ്‌ട്രേഷന്‍, മറ്റ് ചെലവുകള്‍ എല്ലാം ചേര്‍ത്ത് കൊച്ചിയില്‍ ഇതിന് 86.58 ലക്ഷം രൂപ ഓണ്‍ റോഡ് വിലയാകും.

mg cyberster

എംജി സൈബര്‍സ്റ്ററിനെ അടുത്തറിയുമ്പോള്‍ ഈ വിലയെ സാധൂകരിക്കുന്ന സംഗതികള്‍ അതിലുണ്ടെന്ന് മനസ്സിലാകും. ബ്ലാക്ക് റൂഫുള്ള ന്യൂക്ലിയര്‍ യെല്ലോ, ഫ്‌ലെയര്‍ റെഡ് എന്നിവയും റെഡ് റൂഫുള്ള ആന്‍ഡീസ് ഗ്രേ, മോഡേണ്‍ ബീജ് എന്നിങ്ങനെ നാല് കിടിലന്‍ കളര്‍ ഓപ്ഷനുകളില്‍ എംജി സൈബര്‍സ്റ്റര്‍ ഇവി വാങ്ങാം.

77kWh ബാറ്ററി പായ്ക്കും, 509bhp പവറും 725Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുമാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. വെറും 3.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് കഴിയുമെന്ന് എംജി അവകാശപ്പെടുന്നു. സൂപ്പര്‍ കാറുകളുടെ നമ്പറിന് ഏകദേശം സമാനമാണ് ഇത്. വിസ്, കംഫര്‍ട്ട്, സ്‌പോര്‍ട്, കസ്റ്റം, സൂപ്പര്‍ സ്‌പോര്‍ട് എന്നീ ഡ്രൈവ് മോഡുകളും സൈബര്‍സ്റ്ററിന് ലഭിക്കുന്നു.

mg cyberster interior

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 580 കിലോമീറ്റര്‍ (സിഎല്‍ടിസി സൈക്കിള്‍) ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 50 കിലോമീറ്റര്‍ വേഗതയില്‍ പോലും മടക്കാന്‍ കഴിയുന്ന റൂഫുമായി വരുന്ന സൈബര്‍സ്റ്ററിന്റെ കണ്‍വെര്‍ട്ടബിള്‍ രൂപം ആരെയും ആകര്‍ഷിക്കും. ഇതിന്റെ മനോഹരമായ സിസര്‍ ഡോറുകള്‍ തുറന്നാല്‍ മികച്ച രീതിയില്‍ സജ്ജീകരിച്ച ഇന്റീരിയര്‍ കാണാം.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 8 സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്റ്റം, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 4 എയര്‍ബാഗുകള്‍, ടിപിഎംഎസ്, ലെവല്‍ 2 ADAS എന്നിവയടക്കമുള്ള ആധുനിക സവിശേഷതകള്‍ കാറില്‍ കുത്തിനിറച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, October 18, 2025, 17:34 [IST]
English summary
Mg cyberster electric sports car more sales than rs 10 lakh worth mg astor suv details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X