MG കാറുകള്‍ക്ക് കുറച്ചത് ₹3.04 ലക്ഷം വരെ! ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ കൂടി വാങ്ങിയിടാം
ഈ ഓണക്കാലത്ത് പുത്തന്‍ കാര്‍ വാങ്ങിയവര്‍ എല്ലാവരും സങ്കടത്തിലാണ്. കാരണം കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര ധനമന്ത്രി കാറുകള്‍ക്കും ബൈക്കുകള്‍ക്കും വില കുറയാന്‍ കാരണമാകുന്ന ജിഎസ്ടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വരുന്നതിനാല്‍ കാര്‍ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് എത്ര രൂപ വരെ കുറയുമെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളില്‍ ഒന്നായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ജിഎസ്ടി ഇളവിന്റെ 100 ശതമാനം ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
ചില കാര്‍ നിര്‍മാതാക്കള്‍ ജിഎസ്ടി 2.0 പ്രാബല്യത്തില്‍ വന്ന ശേഷം മാത്രമാണ് പുതിയ വിലകള്‍ നിലവില്‍ വരികയെന്ന് തീരുമാനിച്ചിരുന്നു. മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി മഹീന്ദ്ര 2025 സെപ്റ്റംബര്‍ ആറാം തീയതി മുതല്‍ വില പുതുക്കിയതായി പ്രഖ്യാപിച്ചിരുന്നു. സമാനമായ രീതിയില്‍ 2025 സെപ്റ്റംബര്‍ ഏഴ് മുതല്‍ നടത്തുന്ന എല്ലാ ബുക്കിംഗികള്‍ക്കും പുതിയ വിലകള്‍ ബാധകമാണെന്ന് എംജി അറിയിച്ചു. മോഡല്‍ തിരിച്ചുള്ള വില വിശദമായി താഴെ വായിക്കാം.

എംജി കാറുകള്‍ക്ക് പരമാവധി 3,04,000 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. എംജിയുടെ ഇന്‍േറണല്‍ കംബസ്ഷന്‍ എഞ്ചിന്‍ എസ്‌യുവി പോര്‍ട്‌ഫോളിയോയുടെ വിലയാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നതെന്ന് പ്രത്യേകം പറയട്ടെ. ബ്രിട്ടീഷ് ബ്രാന്‍ഡ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ആസ്റ്റര്‍, ഹെക്ടര്‍, ഗ്ലോസ്റ്റര്‍ എന്നീ മൂന്ന് എസ്‌യുവി മോഡലുകള്‍ വില്‍ക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 5 ശതമാനത്തില്‍ നിലനിര്‍ത്തിയതിനാല്‍ അവയുടെ വിലയില്‍ മാറ്റമില്ല.
ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന എംജി എസ്‌യുവിയാണ് ആസ്റ്റര്‍. ഈ ജിഎസ്ടി പരിഷ്‌കരണത്തിന് ശേഷം എംജി ആസ്റ്ററിന് 54,000 രൂപ വില കുറഞ്ഞു. നേരത്തെ 45 ശതമാനം നികുതിയുണ്ടായിരുന്ന കാര്‍ ഇപ്പോള്‍ 40 ശതമാനം നികുതി വിഭാഗത്തിലേക്കാണ് മാറ്റിയത്. നേരത്തെ എംജി ഹെക്ടറിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ യഥാക്രമം 45, 50 ശതമാനം നികുതി വിഭാഗങ്ങളിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്.
| മോഡലുകൾ | നിലവിലെ ജിഎസ്ടി + സെസ് | പുതിയ ജിഎസ്ടി | മുഴുവൻ ആനുകൂല്യം |
| ആസ്‌റ്റർ | 45 | 40 | ₹54,000 വരെ |
| ഹെക്ടർ ((പെട്രോൾ)) | 45 | 40 | ₹1,49,000 വരെ |
| ഹെക്ടർ (ഡീസൽ) | 50 | 40 | ₹1,49,000 വരെ |
| ഗ്ലോസ്റ്റർ | 50 | 40 | ₹3,04,000 വരെ |
ഇപ്പോള്‍ 40 ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തിയതിനാല്‍ എംജി ഹെക്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,49,000 രൂപ വരെ ലാഭിക്കാം. ഏറ്റവും കൂടുതല്‍ വില കുറയുന്നത് എംജിയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ ഗ്ലോസ്റ്ററിനാണ്. എംജി ഗ്ലോസ്റ്റര്‍ വാങ്ങുമ്പോള്‍ ഇപ്പോള്‍ പരമാവധി 3,04,000 രൂപ വരെ ലാഭമാണ്. എസ്യുവികളുടെ ജിഎസ്ടി 50 ശതമാനത്തില്‍ നിന്ന് (സെസ് ഉള്‍പ്പെടെ) 40 ശതമാനമായി കുറയ്ക്കാനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം ഓട്ടോമൊബൈല്‍ മേഖലയില്‍ പുതിയൊരു ചലനം സൃഷ്ടിച്ചിരിക്കുകയാണ്.
നേരത്തെ എസ്‌യുവികള്‍ ആഡംബര വസ്തുക്കള്‍ക്കുള്ള നികുതി സ്ലാബിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ 50 ശതമാനം സ്ലാബ് നിര്‍ത്തലാക്കുകയും പരമാവധി പരിധി 40 ശതമാനമാക്കുകയും ചെയ്തതിനാല്‍, വില കുറയ്ക്കാനും ആനുകൂല്യം നേരിട്ട് ഉപഭോക്താക്കള്‍ക്ക് നല്‍കാനും കമ്പനി തീരുമാനിക്കുകയായിരുന്നു. ജിഎസ്ടി ആനുകൂല്യങ്ങള്‍ കൈമാറുന്നതിനു പുറമേ എംജി മോട്ടോര്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് 100% ഓണ്‍-റോഡ് ഫണ്ടിംഗും 3 മാസത്തെ ഇഎംഐ ഹോളിഡേയും വാഗ്ദാനം ചെയ്യുന്നു.

ഉത്സവ സീസണില്‍ സാധാരണയായി കാര്‍ വില്‍പ്പന കൊടുമുടികള്‍ തൊടാറുണ്ട്. ജിഎസ്ടി കാരണമുള്ള വിലക്കുറവിനൊപ്പം ഈ ഓഫറുകള്‍ കൂടി ചേരുന്നതോടെ ഡിമാന്‍ഡ് കൂടമെന്ന് പ്രതീക്ഷിക്കാം. പുതുക്കിയ വിലകളോടെ എംജി തങ്ങളുടെ എസ്‌യുവികള്‍ കൂടുതല്‍ ആകര്‍ഷകമാക്കുക മാത്രമല്ല, കടുത്ത മത്സരം നിറഞ എസ്യുവി വിഭാഗത്തില്‍ അതിന്റെ മൂല്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഈ നടപടികള്‍ ഷോറൂമുകളില്‍ തിരക്ക് വര്‍ധിപ്പിക്കുമെന്നും ഉത്സവകാല വില്‍പ്പന പൊടിപൊടിക്കുമെന്നും എംജി പ്രതീക്ഷിക്കുന്നു. നിലവില്‍ എംജിയുടെ വില്‍പ്പനയുടെ പകുതിയിലധികം സംഭാവന ചെയ്യുന്ന ഇവികള്‍ക്കൊപ്പം ഐസിഇ എസ്‌യുവികള്‍ കൂടി തിളങ്ങിയാല്‍ എംജി ഈ ഉത്സവകാലം ആഘോഷമാക്കും. രാജ്യത്തെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍ ആയ വിന്‍ഡ്‌സര്‍ അടക്കമുള്ള ഇവികള്‍ ഉത്സവ സീസണിലും മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








