എത്ര കൊതിപ്പിച്ചിട്ടും മതി വരാതെ എംജി മജസ്റ്റർ; കാത്തിരുന്ന് മടുത്തെന്ന് വാഹന പ്രേമികൾ
രാജ്യത്തെ എസ്‌യുവി വിപണിയിൽ വലിയ ഒരു ചർച്ചയായി മാറുകയാണ് എംജി മജസ്റ്റർ. ഇതിനകം തന്നെ നിരവധി തവണ ടെസ്റ്റിംഗ് സമയത്ത് ഈ പ്രീമിയം എസ്‌യുവി ക്യാമറ കണ്ണുകളിൽ കുടുങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും ഇന്ത്യൻ റോഡുകളിൽ ടെസ്റ്റിംഗ് നടത്തിയതോടെ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്. ഇതുവരെ ഔദ്യോഗികമായി പുറത്തിറങ്ങാത്ത മജസ്റ്റർ എംജിയുടെ ഏറ്റവും പ്രീമിയം ഡീസൽ മോഡലുകളിൽ ഒന്നായി മാറുമെന്ന സൂചനകളാണ് നൽകുന്നത്. ഗ്ലോസ്റ്ററിനേക്കാൾ വലുപ്പത്തിലും സ്റ്റൈലിലും ഫീച്ചറുകളിലും ഒരു പടി മുന്നിലായിതിനാൽ സെഗ്മെൻ്റിൽ പുതിയൊരു മത്സരത്തിന് വഴിയൊരുങ്ങുമെന്നത് ഉറപ്പാണ്.
ലോഞ്ച് തീയതി വ്യക്തമാക്കാൻ എംജി തയ്യാറാകാത്തത് ഈ വാഹനത്തെ ചുറ്റിപ്പറ്റിയ ആകാംക്ഷയും കൗതുകവും കൂടുതൽ ഉയർത്തുകയാണ്. 2025ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്‌സ്‌പോയിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഔദ്യോഗിക ലോഞ്ച് പ്രഖ്യാപനത്തെ കുറിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല. അതേസമയം ഹൈവേകളിലും നഗരപരിധികളിലും മജസ്റ്റർ ടെസ്റ്റിംഗ് നടത്തുന്നത് പലതവണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സാധാരണയായി ഇത്തരം തുറന്ന പരീക്ഷണങ്ങൾ വാഹനം വിപണിയിലേക്ക് എത്താൻ തയ്യാറായെന്ന സൂചന നൽകാറാണ് പതിവ്. എന്നാൽ മജസ്റ്ററിനെ സംബന്ധിച്ച് അത്തരം പ്രതീക്ഷകൾ കെട്ടടങ്ങികൊണ്ടിരിക്കുകയാണ്. അടിസ്ഥാനമായി നോക്കിയാൽ ഇത് പൂർണമായും പുതുതായി വികസിപ്പിച്ച ഒരു എസ്‌യുവി അല്ല. ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതും അതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതുമായ ഒരു മോഡലാണിത്. അതിനാൽ തന്നെ എൻജിനീയറിംഗ് ഭാഗത്ത് വലിയ പരീക്ഷണങ്ങളോ വികസനങ്ങളോ ആവശ്യമുള്ളതായി തോന്നുന്നില്ല.
പവർട്രെയിൻ കാര്യത്തിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണിംഗ് ഓപ്ഷനുകളോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ഏകദേശം 158.7 bhp പവറും 373.5 Nm ടോർക്കും നൽകുന്ന സിംഗിൾ ടർബോ പതിപ്പും, 213 bhp പവറും 479 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന കൂടുതൽ ശക്തമായ ട്വിൻ ടർബോ പതിപ്പും ആകാനാണ് സാധ്യത. ഈ എൻജിനുകൾ ഓട്ടോമാറ്റിക് ഗിയർബോക്സിനോടും, 4×4 സിസ്റ്റത്തിനോടും കൂടി ലഭിക്കുമായിരിക്കും.

അകത്തളത്തിൽ പ്രീമിയം അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) പോലുള്ള സുരക്ഷാ ഫീച്ചറുകൾ എന്നിവ പ്രതീക്ഷിക്കപ്പെടുന്നു. ഇവെയെല്ലാം തന്നെ മജസ്റ്ററിനെ കൂടുതൽ വിശ്വസ്തതയുള്ള ഒരു കാറാക്കി മാറ്റുകയാണ്.
ഡിസൈനിലും ഇതേ നിലനാരം തന്നെ ഉയത്തി കാട്ടുന്നുണ്ട്. പുറത്തുനിന്ന് നോക്കുമ്പോൾ തന്നെ ഇത് ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലാണെന്ന ഫീൽ നൽകുന്ന തരത്തിലാണ് ഡിസൈൻ അപ്ഡേറ്റുകൾ. മുൻഭാഗത്ത് വലിയ ക്രോം ടച്ചുകളുള്ള ഉയർന്നുനിൽക്കുന്ന ഗ്രിൽ, അതിനോടൊപ്പം വേർതിരിച്ച എൽഇഡി ഹെഡ്‌ലാമ്പ് ഡിസൈൻ എന്നിവയാണ് ശ്രദ്ധയിൽപ്പെടുന്നത്. മുകളിലായി സ്ലിം എൽഇഡി ഡിആർഎല്ലുകൾ, താഴെ പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റുകൾ എന്ന ക്രമീകരണം കൂടുതൽ ആധുനികവും അഗ്രസീവും ആയ ലുക്ക് നൽകുന്നു.

മാത്രവുമല്ല ഉയർന്ന ബോണറ്റും കട്ടിയുള്ള ഫ്രണ്ട് ബമ്പറും ചേർന്ന് എസ്‌യുവിയുടെ കരുത്ത് വ്യക്തമായി പ്രകടമാക്കുന്നുമുണ്ട്. സൈഡ് പ്രൊഫൈലിലേക്ക് കടക്കുമ്പോൾ നീളമുള്ള ബോഡി, നേരായ ഷോൾഡർ ലൈൻ, വലുതായ അലോയ് വീലുകൾ എന്നിവയാണ് പ്രധാന ആകർഷണം. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കട്ടിയുള്ള ക്ലാഡിംഗ്, റൂഫ് റെയിലുകൾ എന്നിവ ചേർന്ന് മോഡലിൻ്റെ ഓഫ്-റോഡ് സ്വഭാവം ശക്തമായി മുന്നോട്ട് വയ്ക്കുന്നു.
പിൻവശത്തേക്ക് നീളുന്ന ഗ്ലാസ് ഏരിയയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വലിയ എസ്‌യുവിയുടെ സാന്നിധ്യം ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, കട്ടിയുള്ള ടെയിൽഗേറ്റ് ഡിസൈൻ, സ്കിഡ് പ്ലേറ്റ് ഫിനിഷുള്ള ബമ്പർ എന്നിവയും ശ്രദ്ധേയമാണ്. ഡ്യുവൽ എക്സോസ്റ്റ് ടിപ്പുകൾ പോലുള്ള ഡിസൈൻ ഘടകങ്ങൾ കൂടുതൽ സ്പോർട്ടി ടച്ച് നൽകുന്നുവെന്നും സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








