വിമാനത്തിലെ ഫസ്റ്റ് ക്ലാസിനെ വെല്ലുന്ന ആഡംബര എംപിവി വാങ്ങാം; എംജിയുടെ സെലക്ട് ഷോറൂം ആദ്യം ആരംഭിച്ചത് ഇവിടെ
യാത്രാസുഖം മികച്ചതാണെങ്കിൽ വിലയൊന്നും ഒരു പ്രശ്നവുമല്ല, അതിൻ്റെ പല ഉദാഹരണങ്ങളാണല്ലോ രാജ്യത്തെ എംപിവികൾ, വെൽഫയർ, കാർണിവൽ, ലെക്സസ് എന്നിങ്ങനെ. ആ കൂട്ടത്തിലേക്ക് എംജി തങ്ങളുടെ പുത്തൻ ആഡംബര എംപിവിയും ഇറക്കി വിട്ടിരിക്കുകയാണ്. എന്നാൽ MG M9, സൈബർസ്റ്റർ എന്നിങ്ങനെയുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകൾ എംജിയുടെ പ്രീമിയം ഷോറൂമായ എംജി സെലക്ടിൽ നിന്ന് മാത്രമേ ലഭ്യമാകു. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ഷോറൂം, താനെ വെസ്റ്റിലെ കാവേസറിലെ വാഗ്ബിലിലുള്ള റോസ വിസ്റ്റയിലാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. 13 പ്രധാന നഗരങ്ങളിലായി 14 കേന്ദ്രങ്ങൾ തുറക്കാനാണ് ബ്രാൻഡ് പദ്ധതിയിടുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.
90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് എംപിവിയിലെ NMC സെൽ കെമിസ്ട്രി ഉപയോഗിക്കുന്നവ ഉയർന്ന ഊർജ സാന്ദ്രതയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 245 bhp പവറിൽ 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

ബ്രാൻഡിന്റെ ആന്തരിക പരിശോധന ഫലങ്ങൾ പ്രകാരം എംജി M9 ഇവിക്ക് സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകാനും സാധിക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 160kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ എംപിവി ചാർജാവാൻ വെറും 90 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക. വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന 11kW AC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ വേണ്ടിവരും.
ഫ്രണ്ടിൽ കൊടുത്തിരിക്കുന്ന ടച്ച്സ്ക്രീൻ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയേയും സപ്പോർട്ട് ചെയ്യും. കൂടാതെ ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ IRVM, PM 2.5 എയർ ഫിൽട്ടർ തുടങ്ങിയ ഗംഭീര ഫീച്ചറുകളും എംജി M9 ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

പിന്നിലെ സീറ്റിലേക്ക് വരികയാണെങ്കിൽ പ്രസിഡൻഷ്യൽ സീറ്റുകൾ, മസാജിംഗ്, വെന്റിലേഷൻ, ഹീറ്റഡ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം സഞ്ചരിക്കുന്നവർക്ക് ഉപയോഗിക്കാനാവും. അധിക സുഖത്തിനായി ഒട്ടോമൻ ഫീച്ചറും കൊടുത്തിട്ടുണ്ട്. ഈ സവിശേഷതകളും ഓരോ സീറ്റിന്റെയും ഹെഡ്‌റെസ്റ്റുകളിലെ ടച്ച്‌സ്‌ക്രീനുകൾ വഴി എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. ബോസ് മോഡ് ഉപയോഗിച്ച് പിന്നിൽ കൂടുതൽ സ്ഥലം ഒരുക്കുന്നതിനായി കെർബ്-സൈഡ് ഫ്രണ്ട് പാസഞ്ചർ സീറ്റ് മുന്നോട്ട് നീക്കാൻ കഴിയും.
ഇനി എംജിയുടെ 2 സീറ്റർ സൂപ്പർകാറായ സൈബർസ്റ്ററിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ മോട്ടോറുകൾ ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്നതിനാൽ നാല് വീലുകൾക്കും ഒരുപോലെ പവർ നൽകാൻ കഴിയും. അങ്ങനെ ഏറ്റവും പുതിയ എംജി സൈബർസ്റ്ററിന് 528 bhp കരുത്തിൽ പരമാവധി 725 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവുന്നതിനാൽ കാല് കൊടുത്താൽ പറക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

77 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എംജി സൈബർസ്റ്ററിന്ഖറെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 570 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. ആഗോള വിപണിയിൽ ബ്രാൻഡ് ഒരു റിയർ-വീൽ ഡ്രൈവ് പതിപ്പും വിൽക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യയിലേക്ക് എത്തില്ല കേട്ടോ. 64 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന മോഡലിന് 519 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
ഇതിലെ ഇലക്ട്രിക് മോട്ടോർ പരമാവധി 295 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലനായിരിക്കും നമ്മുടെ കക്ഷി.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








