ആസ്റ്ററിന് ഒരു മുഖം മിനുക്കലല്ലേ ഈ മണക്കുന്നേ? മെച്ചപ്പെട്ട മൈലേജുമായി എംജി ഹൈബ്രിഡ് കോംപാക്ട് എസ്‌യുവി
ന്യൂഡൽഹിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 -ൽ JSW എംജി മോട്ടോർ തങ്ങളുടെ ഏറ്റവും പുതിയ ഹൈബ്രിഡ് -സ്പെക്ക് ZS എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്. സൈബർസ്റ്റർ ഇലക്ട്രിക് ഡ്രോപ്പ് -ടോപ്പ് റോഡ്സ്റ്റർ, M9 ഇലക്ട്രിക് എംപിവി, മജസ്റ്റർ ഫുൾ -സൈസ് എസ്‌യുവി എന്നിവയുൾപ്പെടെ വാഹന മാമാങ്കത്തിൽ ചൈനീസ് അധീനതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് നിരവധി പുതിയ ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു, ഇവയിൽ മിക്കതും ഈ വർഷം തന്നെ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തും, അതോടൊപ്പം ആഗോള നിരയിലെ നിരവധി മോഡലുകളും നിർമ്മാതാക്കളുടെ പവലിയണിൽ ശ്രദ്ധ ആകർഷിച്ചു.
ഈ ഏറ്റവും പുതിയ ZS HEV കഴിഞ്ഞ വർഷം അനാച്ഛാദനം ചെയ്ത ആസ്റ്ററിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് മാത്രമാണ് എന്നതാണ് ശ്രദ്ധേയം. ക്രോസ്ഓവർ മോഡലിന്റെ ഫ്രണ്ട് ഫാസിയയുടെ രൂപകൽപ്പനയിൽ ഇരുവശത്തും വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന L - ആകൃതിയിലുള്ള എയർ ഇൻലെറ്റുകൾ വരുന്ന ഒരു ഓവൽ ആകൃതിയിലുള്ള ഗ്രില്ലാണ് വരുന്നത്.

ഇത് കോംപാക്ട് എസ്‌യുവിയ്ക്ക് ഒരു വ്യത്യസ്തമായ രൂപവും ലുക്കും വാഗ്ദാനം ചെയ്യുന്നു. ഇന്റഗ്രേറ്റഡ് ഡേ-ടൈം റണ്ണിംഗ് ലൈറ്റുകളുമായി ജോടിയാക്കിയ പുതുതായി സ്റ്റൈൽ ചെയ്ത LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് അപ്പ്ഡേറ്റ് ചെയ്ത വാഹനത്തിന്റെ ആധുനിക സൗന്ദര്യശാസ്ത്രത്തിന് പൂരകമാകുന്നത് എന്ന് നമുക്ക് നിസംശയം പറയാം.
പുനർനിർമ്മിച്ച ബോണറ്റ് കൂടുതൽ ബോൾഡാണ്, ക്യാബിനുള്ളിൽ നിന്ന് ഡ്രൈവർക്ക് മികച്ച വ്യൂ നൽകുന്നതിന് മുമ്പോട്ടുള്ള ഒരു ആംഗിളിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. പുതിയ ബോഡി ക്ലാഡിംഗ്, പുനർരൂപകൽപ്പന ചെയ്ത 17 ഇഞ്ച് അലോയി വീലുകൾ, ഷാർപ്പ് ഷോൾഡർ ലൈനുകൾ എന്നിവയാണ് ZS HEV -യുടെ മറ്റ് ഡിസൈൻ അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നത്.

പിൻഭാഗത്ത്, ഹൊറിസോണ്ടലായ റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകളാണ് വരുന്നത്, ഇത് വാഹനത്തിന്റെ പിന്നിൽ നിന്നുള്ള വ്യൂ വർധിപ്പിക്കുമ്പോൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകളുള്ള ബമ്പർ ഒരു സ്‌പോർട്ടി ടച്ച് നൽകുന്നു. ആകെ മൊത്തത്തിൽ ഒരു റിഫ്രഷ്ഡ് ടച്ച് ZS HEV -യ്ക്ക് ലഭിക്കുന്നു.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഒരു ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ആറ് സ്പീക്കർ ഓഡിയോ സെറ്റപ്പ്, ബ്ലാക്ക് -ഫിനിഷ്ഡ് സീറ്റുകൾ, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒരു വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, ഒരു സെൻട്രൽ ആംറെസ്റ്റ്, ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയുൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ പുതിയ എംജി ZS -ൽ നിറഞ്ഞിരിക്കുന്നു.

പല ആഗോള വിപണികളിലും, ഇത് ADAS സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് മോട്ടോറും 1.83 kWh ബാറ്ററി പായ്ക്കും ചേർന്ന് ജോടിയാക്കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് എംജി ZS ഹൈബ്രിഡിന് കരുത്ത് പകരുന്നത്. ഈ ഹൈബ്രിഡ് സജ്ജീകരണം ഒരുമിച്ച്, 193 bhp പവർ ഔട്ട്‌പുട്ട് ഉത്പാദിപ്പിക്കുന്നു, ഇത് ക്രോസ്ഓവറിനെ വെറും 8.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ലിറ്ററിന് 23.5 കിലോമീറ്റർ എന്ന WLTP സംയോജിത മൈലേജോടെ, ഈ സജ്ജീകരണം പ്രകടനവും കാര്യക്ഷമതയും തമ്മിൽ ഒരു സന്തുലാവസ്ഥയിൽ എത്തിക്കുന്നു. കാർബൺ എമിഷനുകൾ കുറയ്ക്കാൻ ബദൽ സാങ്കേതികവിദ്യകളും ഇലക്ട്രിക് വാഹനങ്ങളും കൊണ്ടുവരാനുള്ള തങ്ങളുടെ ഉദ്ദേശ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കികൊണ്ടാണ്, എംജി HS പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലും ഇവയ്ക്കൊപ്പം പ്രദർശിപ്പിച്ചത്.


Click it and Unblock the Notifications








